കീഴടങ്ങാന്‍ മനസില്ല.വേണമെങ്കില്‍ അറസ്റ്റ് ചെയ്യാം;ക്യാമ്പസിലേക്ക് പോലീസിനെ കയറ്റില്ലെന്ന് വൈസ് ചാന്‍സലര്‍,വേണ്ടി വന്നാല്‍ കയറുമെന്ന് പോലീസും,വിദ്യാര്‍ത്ഥികള്‍ കീഴടങ്ങേണ്ടതില്ലെന്ന തീരുമാനം അധ്യാപക-വിദ്യാര്‍ത്ഥി സംഘടനകളുടേത്.ജെഎന്‍യു വിവാദം കത്തുന്നു.

ന്യൂഡല്‍ഹി: അഫ്‌സല്‍ ഗുരു അനുസ്മരണത്തിന്റെ പേരില്‍ ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയ സാഹചര്യത്തില്‍ അറസ്റ്റിനെ പ്രതിരോധിക്കാന്‍ നീക്കങ്ങള്‍ ശക്തമാക്കി. പൊലീസില്‍ കീഴടങ്ങില്ലെന്നും അറസ്റ്റു വരിക്കാന്‍ തയ്യാറാണെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കിയോതെട പൊലീസ് ധര്‍മ്മസങ്കടത്തിലുമായി. വിവാദത്തെ തുടര്‍ന്ന് ഒളിവിലായിരുന്ന അഫ്‌സല്‍ ഗുരു അനുസ്മരണം സംഘടിപ്പിച്ചുവെന്ന് ആരോപിക്കപ്പെടുന്ന ഉമര്‍ ഖാലിദ് അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ ഇന്നലെ രാത്രിയാണ് കാമ്പസിലെത്തിയത്.

പൊലീസില്‍ കീഴടങ്ങുമെന്നാണ് ഇവര്‍ നേരത്തെ പറഞ്ഞിരുന്നത്. പൊലീസ് വേഷത്തിലെത്തി വിദ്യാര്‍ത്ഥികളുടെ മുന്നില്‍വച്ച് അറസ്റ്റ് രേഖപ്പെടുത്തണമെന്ന ആവശ്യവും വിദ്യാര്‍ത്ഥികള്‍ മുന്നോട്ട് വച്ചിരുന്നു. അറസ്റ്റ് ചെയ്യുന്നതിനായി കാമ്പസില്‍ പൊലീസ് കയറുന്നത് തടയില്ല. എന്നാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം വി സിക്കായിരിക്കും. അതുകൊണ്ട് തന്നെ പൊലീസിനെ കാമ്പസില്‍ കയറ്റില്ലെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ കീഴടങ്ങണ്ടേതില്ലെന്ന് ജെ.എന്‍.യു അദ്ധ്യാപകവിദ്യാര്‍ത്ഥി സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. വേണ്ടി വന്നാല്‍, മറ്റ് വഴികള്‍ തേടുമെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി. ഇവര്‍ക്കെതിരെയുള്ള രാജ്യദ്രോഹക്കുറ്റം പിന്‍വലിക്കണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു. കാമ്പസിനുള്ളില്‍ കയറി വിദ്യാര്ത്ഥികളെ അറസ്റ്റു ചെയ്യാന്‍ അനുവദിക്കില്ലെന്ന് സംഘടനകള്‍ വ്യക്തമാക്കി. കാമ്പസിലേക്ക് പൊലീസ് കടന്നാലുണ്ടാവുന്ന ഭവിഷ്യത്തുക്കളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം വൈസ് ചാന്‍സലര്‍ക്കായിരിക്കുമെന്നും സംഘടനകള്‍ വ്യക്തമാക്കി.

എന്നാല്‍ വിദ്യാര്‍ത്ഥികളെ അറസ്റ്റു ചെയ്യാന്‍ ആവശ്യമെങ്കില്‍ പൊലീസ് കാമ്പസിനുള്ളില്‍ പ്രവേശിക്കുമെന്ന് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ ബി എസ് ബസി പറഞ്ഞു. രണ്ട് പ്രധാന ആവശ്യങ്ങളും വിദ്യാര്‍ത്ഥികള്‍ മുന്നോട്ട് വച്ചിട്ടുണ്ട്. അഫ്‌സല്‍ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ട അന്വേഷണസമിതി പുനഃസംഘടിപ്പിച്ച് നിഷ്പക്ഷരായ അദ്ധ്യാപകരെ ഉള്‍പ്പെടുത്തുക, വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നത് ചാനലുകള്‍ പുറത്തുവിട്ട വീഡിയോയുടെ അടിസ്ഥാനത്തിലാണ്. അതിന്റെ വിശ്വാസ്യതയെക്കുറിച്ച് ചര്‍ച്ചകളുയരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ മേല്‍ ചുമത്തപ്പെട്ടിട്ടുള്ള രാജ്യദ്രോഹക്കുറ്റമടക്കമുള്ളവ പിന്‍വലിക്കണം.

ക്യാമ്പസിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കില്‍ സമരം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കൊപ്പം കഴിയുന്ന ഇവരെ അറസ്റ്റ് ചെയ്യാനായി രാത്രിതന്നെ പൊലീസ് എത്തിയിരുന്നെങ്കിലും വി സിയുടെ അനുമതി ലഭിക്കാത്തതിനാല്‍ ക്യാമ്പസിലേക്കു പ്രവേശിച്ചില്ല. അഭിഭാഷകനൊപ്പമാണ് ഉമര്‍ ഖാലിദ് ജെ.എന്‍.യുവില്‍ തിരിച്ചെത്തിയത്. രാജ്യദ്രോഹക്കുറ്റത്തിന് പൊലീസ് കേസെടുത്ത ഉമര്‍ ഖാലിദ് അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ കീഴടങ്ങില്ല.

രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ഡല്‍ഹി പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് ക്യാംപസില്‍ നിന്നും വിട്ടുനിന്ന ജെഎന്‍യു വിദ്യാര്‍ത്ഥികളായ ഉമര്‍ ഖാലിദ് അടക്കമുള്ള അഞ്ചുപേര്‍ ഇന്നലെ രാത്രിയാണ് ക്യാംപസിലെത്തിയത്. ഉമര്‍ ഖാലിദ്, ഡിഎസ്‌യു മുന്‍നേതാവ് അനിര്‍ബന്‍ ഭട്ടാചാര്യ, വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റും ഐസ നേതാവുമായ അശുതോഷ്, നിലവിലെ വിദ്യാര്‍ത്ഥി യൂണിയന്‍ ജനറല്‍ സെക്രട്ടറി രാമനാഗ, മുന്‍ വൈസ് പ്രസിഡന്റ് ആനന്ദ് പ്രകാശ് നാരായണ്‍ എന്നിവരാണ് ഇന്നലെ രാത്രി ക്യാംപസിലെത്തിയത്.

തീവ്രവാദവുമായി തങ്ങള്‍ക്കൊരു ബന്ധമില്ലെന്നും, ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചിട്ടില്ലെന്നും നുണക്കഥകളാണ് പ്രചരിപ്പിക്കപ്പെടുന്നതെന്നും ഇവര്‍ വ്യക്തമാക്കി. അതേസമയം പൊലീസിന് ക്യാംപസിനുള്ളില്‍ കയറാന്‍ ഇന്നലെ രാത്രിയും വൈസ് ചാന്‍സിലര്‍ അനുമതി നല്‍കിയില്ല. ഇപ്പോഴും ക്യാംപസിനു പുറത്ത് വന്‍ പൊലീസ് സന്നാഹമാണ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യുവാനായി തയ്യാറാക്കി നിര്‍ത്തിയിരിക്കുന്നത്.

Top