ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച പിഎച്ച്ഡി വിദ്യാര്‍ത്ഥി പൊലീസില്‍ കീഴടങ്ങി

anmol-rathan

ദില്ലി: വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതി നേരിട്ട ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് പോലീസില്‍ കീഴടങ്ങി. അന്‍മോല്‍ രത്തന്‍(29) ആണ് രാത്രി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.

ഐസ(ഓള്‍ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷന്‍) യുടെ മുന്‍ പ്രസിഡന്റാണ് അന്‍മോല്‍ രത്തന്‍. രത്തനെതിരെ എംഫില്‍ വിദ്യാര്‍ത്ഥിനിയാണ് പീഡിപ്പിച്ചുവെന്ന് ആരോപിച്ച് പരാതി നല്‍കിയത്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ രത്തനെ കണ്ടെത്താന്‍ അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘം അന്വേഷണം നടത്തുകയായിരുന്നു.

മജിസ്ട്രേറ്റിന് മുന്നില്‍ വിദ്യാര്‍ത്ഥിനി മൊഴിനല്‍കി മണിക്കൂറുകള്‍ക്കകമാണ് രത്തന്‍ പൊലീസില്‍ കീഴടങ്ങിയത്. 28കാരിയായ വിദ്യാര്‍ത്ഥിനി തന്റെ പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണ്.

പരാതിയെ തുടര്‍ന്ന് എഐഎസ്എയില്‍ നിന്നും അന്‍മോല്‍ രത്തനെ പുറത്താക്കി. ‘സെയ്റത്’ എന്ന ചിത്രം കാണുവാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത 28 വയസ്സുള്ള ഒന്നാം വര്‍ഷ ഗവേഷണ വിദ്യാര്‍ത്ഥിനിയെ, പകര്‍പ്പ് തന്റെ കൈയില്‍ ഉണ്ടെന്ന് പറഞ്ഞ് അന്‍മോല്‍ രത്തന്‍ ബന്ധപ്പെടുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. ജെഎന്‍യു ക്യാമ്പസിലുള്ള ബ്രഹ്മപുത്ര ഹോസ്റ്റലില്‍ വെച്ച് വിദ്യാര്‍ത്ഥിനിക്ക് പാനീയത്തില്‍ മയക്ക്മരുന്ന് കലര്‍ത്തി നല്‍കുകയും പിന്നീട് പീഡിപ്പിക്കുകയുമായിരുന്നു എന്ന് പരാതിയില്‍ പറയുന്നു. പീഡനവിവരം പുറത്ത് അറിയാതിരിക്കാന്‍ അന്‍മോല്‍ രത്തന്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു എന്നും പരാതിയില്‍ വിദ്യാര്‍ത്ഥിനി സൂചിപ്പിക്കുന്നു.

Top