ബലാത്സംഗം ചെറുക്കാന്‍ അത്യാധുനിക അടിവസ്ത്രം രൂപകല്‍പ്പന ചെയ്ത് 20 കാരി…  

മെയിന്‍പുരി: ബലാത്സംഗം തടയുക ലക്ഷ്യമിട്ട് വികസിപ്പിച്ച അത്യാധുനിക അടിവസ്ത്രത്തിന്റെ പാറ്റന്റിന് അപേക്ഷിച്ച് കാത്തിരിക്കുകയാണ് ഷീനു കുമാരി.അലഹബാദിലെ നാഷണല്‍ ഇന്നൊവേഷന്‍ ഫൗണ്ടേഷനില്‍ ഇതിനായി മാതൃക സമര്‍പ്പിച്ചിരിക്കുകയാണ് ഈ മിടുക്കി. ലൈംഗിക പീഡന വാര്‍ത്തകള്‍ ഒഴിയാത്ത ഉത്തര്‍പ്രദേശില്‍ നിന്നാണ് സുപ്രധാന കണ്ടെത്തലുമായി ബിരുദ വിദ്യാര്‍ത്ഥി ശ്രദ്ധയാകര്‍ഷിക്കുന്നത്. ഫറൂഖാബാദ് സ്വദേശിനിയും ബിഎസ്‌സി അവസാന വര്‍ഷ വിദ്യാര്‍ത്ഥിയുമായ ഷീനുവാണ് സെന്‍സറും റെക്കോര്‍ഡറുമുള്ള പ്രത്യേക ഉള്‍വസ്ത്രം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇതിന്റെ പ്രവര്‍ത്തനം വിശദീകരിക്കുന്ന വീഡിയോയും അവള്‍ തയ്യാറാക്കി പുറത്തുവിട്ടിട്ടുണ്ട്. അടിവസ്ത്രത്തിന്റെ അരഭാഗത്താണ് പ്രത്യേക ഉപകരണം ഘടിപ്പിച്ചിരിക്കുന്നത്. ജിപിഎസ് സാങ്കേതിക വിദ്യയാണ് ഈ അടിയുടുപ്പിന്റെ പ്രത്യേകത. ആക്രമിക്കപ്പെട്ടേക്കാമെന്ന് തോന്നിയാലുടന്‍ ഇതിലെ എമര്‍ജന്‍സി ബട്ടണ്‍ അമര്‍ത്തണം.ഉടന്‍ 100 എന്ന നമ്പറിലേക്ക് പൊലീസിന് എസ്ഒഎസ് കോള്‍ ( അടിയന്തര സന്ദേശം) പോകും. ബന്ധുക്കള്‍ക്കും അടിയന്തര സന്ദേശം ലഭിക്കും. ജിപിഎസ് ആയതിനാല്‍ ഇര നില്‍ക്കുന്ന സ്ഥലമേതെന്ന് പൊലീസിന് കണ്ടെത്താന്‍ എളുപ്പമാണ്. ദൃശ്യങ്ങളും ശബ്ദങ്ങളും റെക്കോര്‍ഡ് ചെയ്യാനുള്ള സംവിധാനമാണ് മറ്റൊരു പ്രത്യേകത. ഇലക്ട്രോണിക് ലോക്ക് സിസ്റ്റത്തിലുമാണ് ഈ അടിവസ്ത്രത്തിന്റെ പ്രവര്‍ത്തനം. പാസ് വേര്‍ഡ് അറിയുന്നവര്‍ക്കേ ഇത് തുറക്കാനാകൂ. കൂടാതെ ബ്ലേഡ് പ്രൂഫ് ആവരണമുള്ളതിനാല്‍ ഉപകരണം എളുപ്പം തകര്‍ക്കുക സാധ്യമല്ല. പ്രസ്തുത ഉള്‍വസ്ത്രത്തിന്റെ നിര്‍മ്മാണത്തിനായി 5000 രൂപയാണ് ഷീനുവിന് ചെലവായത്. അതിക്രമങ്ങള്‍ക്ക് ഇരയാക്കപ്പെടുന്ന സ്ത്രീ സമൂഹത്തിന് വേണ്ടി തന്നാലാവുന്നത് ചെയ്യണമെന്ന നിശ്ചയദാര്‍ഢ്യത്തിന്റെ ഫലമായിരുന്നു ഈ നേട്ടത്തിലേക്കുള്ള യാത്ര. നിരന്തര ഗവേഷണത്തിലൂടെയാണ് ഷീനു ഈ കണ്ടുപിടുത്തം നടത്തിയത്. ഈ കണ്ടെത്തലിനെക്കുറിച്ച് പങ്കുവെയ്ക്കാന്‍ കഴിഞ്ഞ മാസം അവള്‍ കേന്ദ്രമന്ത്രി മേനക ഗാന്ധിയെ കണ്ടിരുന്നു.

Top