ശബരിമല സമരം അരങ്ങേറിയ പത്തനതിട്ടയില്‍ ബിജെപി വിടാന്‍ അണികള്‍; ജില്ലാ പ്രസിഡന്റ് സിപിഎമ്മില്‍ ചേര്‍ന്നു

പത്തനംതിട്ട: ശബരിമല വിഷയത്തില്‍ സമരം മന്ദഗതിയിലാക്കിയതിനെത്തുടര്‍ന്ന് ബിജെപിയിലെ ചേരിപ്പോര് വര്‍ദ്ധിക്കുന്നു. സെക്രട്ടറിയേറ്റ് സമരത്തെത്തുടര്‍ന്നുള്ള ശ്രീധരന്‍പിള്ളയുടെ പലനിലപാടുകളും രൂക്ഷമായി വിമര്‍ശിക്കപ്പെട്ടു. റിലേ നിരാഹാര സമത്തിന് വലിയ ശ്രദ്ധകിട്ടാത്തതും വലിയ തിരിച്ചടിയായി നില്‍ക്കുന്നു.

സികെ പത്മനാഭാന്റെ സമപന്തലിന് സമീപം ദേഹത്ത് തീകൊളുത്തി ആത്മഹത്യക്ക് ശമിച്ച വേണുഗോപാല്‍ മരിച്ചതിനെ തുടര്‍ന്ന് എടുത്ത്ചാടി ഹര്‍ത്താല്‍ പ്രഖ്യാപിച്ചതും സംസ്ഥാനസമിതിയിലെ ഭിന്നതകള്‍ രൂക്ഷമാക്കി. ഇതിന്റെയൊക്കെ ബാക്കിപത്രമായാണ് സംസ്ഥാന സമിതി നേതാക്കള്‍ ഉള്‍പ്പടേയുള്ളവര്‍ ഇന്ന് പാര്‍ട്ടി വിട്ടത്.

ഇതിന് പിന്നാലെയാണ് ശബരിമല സമരം ഏറ്റവും ശക്തമായി അരങ്ങേറിയ പത്തനംതിട്ടയില്‍ തന്നെ ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പാര്‍ട്ടി വിട്ടത്. ഒരേ ദിവസം തന്നെയാണ് സംസ്ഥാന സമിതി നേതാക്കാളും യുവമോര്‍ച്ച ജില്ലാ പ്രസിഡന്റും പാര്‍ട്ടി വിട്ടത്.

യുവമോര്‍ച്ച പത്തനംതിട്ട ജില്ലാ പ്രസിഡന്റ് സിബിം സാം തോട്ടത്തിലാണ് ബിജെപി വിട്ടത്. ബിജെപി ബന്ധം അവസാനിപ്പിച്ചുവെന്ന് ഇന്നുമുതല്‍ താന്‍ സിപിഎമ്മുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് സിബി സാം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതായി ദേശാഭിമാനി റിപ്പോര്‍ട്ടു ചെയ്യുന്നു.

പാര്‍ട്ടിയിലെ അസ്വസ്ഥകളെ തുടര്‍ന്ന് ബിജെപി സംസ്ഥാന സമിതി അംഗം വെള്ളനാട് കൃഷ്ണകുമാറടക്കമുള്ള നാല് പേരായിരുന്നു വെള്ളിയാഴ്ച്ച രാവിലെ ബിജെപിയില്‍ നിന്ന് രാജിവെച്ചത്. തിരുവനന്തപരും ജില്ല കമ്മിറ്റിയില്‍ ഏറെ നാളായി തുടരുന്ന തര്‍ക്കങ്ങള്‍ക്കൊടുവിലാണ് രാജി.

വെള്ളനാട് കൃഷ്ണകുമാറിനൊപ്പം ഉഴമലയ്ക്കല്‍ ജയകുമാര്‍, തൊളിക്കോട് സുരേന്ദ്രന്‍, വെള്ളനാട് വി സുകുമാരന്‍ മാസ്റ്റര്‍ എന്നിവരാണ് ബിജെപി വിട്ടത്. രാവിലെ സെക്രട്ടറിയേറ്റതിന് മുന്നില്‍ ശോഭാ സുരേന്ദ്രന്‍ നടത്തുന്ന സമരപന്തലിലെത്തിയതിന് ശേഷമായിരുന്നു ഇവര്‍ പാര്‍ട്ടി വിടുന്ന കാര്യം പ്രഖ്യാപിച്ചത്.

ബിജെപിയില്‍ ആര്‍എസ്എസ് അനാവശ്യ ഇടപെടല്‍ നടത്തുന്നു എന്ന ആരോപണം ഉന്നയിച്ചായിരുന്നു നേതാക്കളുടെ രാജി. ശബരമില വിഷയത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് ബിജെപി ചെയ്തത്.

ഹിന്ദു വികാരം ഉണര്‍ത്താന്‍ വേണ്ടി ശബരിമല വിഷയം ഏറ്റെടുത്ത് നടത്തിയത് രാഷ്ട്രീയ പാപ്പരത്തവും മണ്ടത്തരവുമാണെന്ന് കൃഷ്ണ കുമാര്‍ അഭിപ്രായപ്പെട്ടു. ജനാധിപത്യത്തിന്റെ അവസാനത്തെ തുള്ളിരക്തവും വാര്‍ന്നുപോയ രാഷ്ട്രീയമൃതദേഹവുമായി മാറിയ ബിജെപിയില്‍ ഇനിയും തുടരാന്‍ താല്‍പര്യമില്ലെന്നും ഇനി സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുരോഗമന രാഷ്ട്രീയത്തോടൊപ്പം നില്‍ക്കാനാണ് ഞങ്ങളുടെ തീരുമാനം. കേരളത്തിന്റെ മതനിരപേക്ഷത കാത്തുസൂക്ഷിക്കാനും പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ ബദല്‍ നയങ്ങളിലൂടെ സാഹായിക്കാനുമാകുന്ന രാഷ്ട്രീയമാണ് പ്രസക്തം. അതുകൊണ്ടാണ് സിപിഎമ്മുമായി സഹകരിക്കാന്‍ തീരുമാനിച്ചതെന്നും ബിജെപി വിട്ട നേതാക്കള്‍ വ്യക്തമാക്കി.

നേരത്തേ ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍ പത്തനംതിട്ട ജില്ലയില്‍ നിന്നും 70 ഓളം പേര്‍ സിപിഎമ്മിലേക്ക് എത്തിയിരുന്നു.ബിജെപി മുന്‍ പഞ്ചായത്ത് സെക്രട്ടറി ദിലീപ് കുമാര്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരാണ് സിപിഎമ്മിലെത്തിയത്. 21 കുടുംബങ്ങള്‍ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ നിന്നും സിപിഎമ്മിനൊപ്പം ചേര്‍ന്നിരുന്നു.

Top