യോഗ പ്രോത്സാഹിപ്പിക്കുന്ന സമയം കൊണ്ട് രാജ്യത്ത് ആദ്യം മദ്യം നിരോധിക്കുകയാണ് വേണ്ടതെന്ന് നിതീഷ് കുമാര്‍

nitish-kumar-cm

പലാമു: ബിജെപി സര്‍ക്കാരിനെതിരെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യോഗ പ്രോത്സാഹനത്തെ വിമര്‍ശിച്ചു കൊണ്ടാണ് നിതീഷ് കുമാര്‍ എത്തിയത്. യോഗയെ ഗൗരവത്തോടെ കാണുന്ന മോദി രാജ്യത്ത് മദ്യം നിരോധിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

യോഗയെ ഇത്രയധികം പ്രോത്സാഹിപ്പിക്കുന്നവര്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെങ്കിലും മദ്യം നിരോധിച്ച് കാണിക്കണമെന്നും നിതീഷ് കുമാര്‍ വെല്ലുവിളിച്ചു. ജൂണ്‍ 21 ന് അന്താരാഷ്ട്ര യോഗദിനം എല്ലാവരും ഒരുമിച്ച് ആഘോഷിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഝാര്‍ഖണ്ഢിലെ പലാമുവില്‍വെച്ച് നടന്ന ജെഡിയുവിന്റെ സമ്മേളനത്തിലായിരുന്നു നിതീഷ് കുമാറിന്റെ പ്രതികരണം.

പ്രധാനമന്ത്രി യോഗ ചെയ്യാന്‍ തുടങ്ങിയിട്ട് എത്രവര്‍ഷമായെന്ന് തനിക്കറിയില്ല. എന്നാല്‍ താന്‍ യോഗ ചെയ്ത് തുടങ്ങിയിട്ട് ഏഴ് വര്‍ഷമായി. മദ്യ വര്‍ജനമാണ് യോഗയുടെ ആദ്യ തത്ത്വം. അതുകൊണ്ടു തന്നെ മദ്യ വില്‍പനയും യോഗ ദിന ആഘോഷവും ഒരുമിച്ച് നടത്തുന്നത് ശരിയല്ല. മോദി സര്‍ക്കാരിന്റെ പരിപാടികള്‍ വെറും ഇവന്റ്മാനേജ്മെന്റ് കാഴ്ചകളാണ്. വിഷയങ്ങളുടെ ഗൗരവം അവര്‍ ഉള്‍ക്കൊള്ളാറില്ലെന്നും നിതീഷ് കുമാര്‍ കുറ്റുപ്പെടുത്തി.

Top