ഡൽഹി: ഹിമാചലിലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടി. ഹിമാചല്‍ പ്രദേശ് രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിക്ക് അട്ടിമറി വിജയം. ബിജെപി സ്ഥാനാർത്ഥി ഹർഷ് മഹാജനോടാണ് കോണ്‍ഗ്രസ് സ്ഥാനാർത്ഥി അഭിഷേക് സിങ്‍വി തോറ്റത്. തുല്യവോട്ട് വന്നതിനിടെ തുടർന്ന് നറുക്കെടുത്ത് വിജയിയെ തീരുമാനിക്കുകയായിരുന്നു. 34- 34 വോട്ടുകള്‍ ഇരു പാർട്ടിക്കും ലഭിച്ചു. ഈ സാഹചര്യത്തിലായിരുന്നു നടുക്കെടുപ്പ് ആവശ്യമായി വന്നത്. അതേസമയം, ആറ് കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് സ്വതന്ത്രരും ബിജെപിക്ക് ക്രോസ് വോട്ട് ചെയ്തു
കോൺഗ്രസിന് ഭൂരിപക്ഷമുള്ള നിയമസഭയിലെ പരാജയം പാർട്ടിക്ക് പ്രതിസന്ധിയായിരിക്കുകയാണ്. കോൺഗ്രസിന്റെ ആറ് എംഎൽഎമാർ ക്രോസ് വോട്ട് ചെയ്തതോടെയാണ് സിങ്വിയുടെ പരാജയം ഉറപ്പായത്. വിജയിക്കാൻ 35 വോട്ട് വേണ്ടിടത്ത് ഇരുവർക്കും 34 വോട്ടാണ് ലഭിച്ചത്. ഇതോടെ ടോസ് ഇട്ടാണ് വിജയിയെ കണ്ടെത്തിയത്. മൂന്ന് സ്വതന്ത്രരുടെ വോട്ടും നേടാനായത് ബിജെപിക്ക് ഗുണം ചെയ്തു.
ഇതിനിടെ ആറ് എംഎൽഎമാരെ ബിജെപി റാഞ്ചിയെന്ന ആരോപണവുപമായി മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിങ് സുഖു രംഗത്തെത്തി. സിആർപിഎഫും ഹരിയാന പൊലീസും എസ്കോർട്ട് നൽകിയതായും സുഖു ആരോപിച്ചു. എന്നാൽ മുഖ്യമന്ത്രി സുഖു രാജിവെക്കണമെന്ന ആവശ്യവുമായി ബിജെപിയും രംഗത്തെത്തി. എംഎൽഎമാരെ മടക്കി എത്തിക്കാൻ ശ്രമം തുടരുകയാണെന്ന് സുഖു അറിയിച്ചു. എംഎൽഎമാരുമായി സംസാരിക്കും. ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവന്നാൽ അപ്പോൾ നോക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. 68 അംഗ നിയമസഭയിൽ 40 എംഎൽഎമാരാണ് കോൺഗ്രസിനുള്ളത്. മൂന്ന് സ്വതന്ത്രരുടെ പിന്തുണയും കോൺഗ്രസിനുണ്ട്. 25 അംഗങ്ങളാണ് ബിജെപിക്കുള്ളത്.
ഉത്തർ പ്രദേശിലും ബിജെപി അട്ടിമറി വിജയം നേടി. ബിജെപിയുടെ 8 പേരും സമാജ്‌വാദി പാർട്ടിയുടെ 2 പേരും വിജയിച്ചു. വിജയിച്ചവരിൽ സമാജ്‌വാദി പാർട്ടിയുടെ ജയ ബച്ചനും ഉൾപ്പെടും. എന്നാൽ സമാജ്‌വാദി പാർട്ടിയുടെ ഏഴ് എംഎൽഎമാർ ക്രോസ് വോട്ടു ചെയ്തുവെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം കർണാടകയിലെ നാല് രാജ്യസഭാ സീറ്റുകളിൽ മൂന്നെണ്ണത്തിൽ കോൺഗ്രസും ഒരു സീറ്റിൽ ബിജെപിയും വിജയിച്ചു. ബിജെപിയുടെ എംഎൽഎ സോമശേഖർ ക്രോസ് വോട്ട് ചെയ്തത് കോൺഗ്രസിന് ഗുണം ചെയ്തു.