ഇടുക്കി: കമ്പക്കാനത്തെ കൂട്ടക്കൊലക്ക് പിന്നാലെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഇടുക്കി ജില്ലയില്‍ ദുര്‍മന്ത്രവാദക്കാരും കൂടോത്ര സംഘങ്ങളും നടത്തുന്നത് ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പുകള്‍. ശത്രു സംഹാരം, ബാധ ഒഴിപ്പിക്കല്‍, നിധി തുടങ്ങി നിരവധി പേരുകളിലാണ് ആളുകള്‍ കബളിപ്പിക്കപ്പെടുന്നതന്നാണ് റിപ്പോര്‍ട്ട്.
ഇത്തരം കബളിപ്പിക്കലുകളെക്കുറിച്ച് നിരവധി തവണ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടും ഉദ്ദേശിച്ച ഫലം കാണുന്നില്ലെന്നാണ് പൊലീസും വിശദമാക്കുന്നത്. ഇത്തരം സംഭവങ്ങളില്‍ പുറത്ത് വരുന്നത് വളരെക്കുറച്ച് സംഭവങ്ങള്‍ മാത്രമായതിനാല്‍ പൊലീസ് ഇടപെടലുകളും കുറവാണ്. രഹസ്യ നിധി കണ്ടെത്തല്‍, ബാധയൊഴിപ്പിക്കല്‍, ശത്രുനാശം എന്നിവയ്ക്കായി ആഭിചാര കര്‍മങ്ങള്‍ക്കിടെ ഇരകള്‍ ആക്കപ്പെടുന്നവര്‍ മരിച്ചു പോകുന്ന സംഭവവും ഉണ്ട്. എന്നാലും ഇത്തരം കര്‍മങ്ങള്‍ക്കെതിരെ ചുമത്താന്‍ പ്രത്യേക വകുപ്പുകളില്ല.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മന്ത്രവാദത്തിനെതിരായി നടപടി സ്വീകരിക്കാന്‍ വകുപ്പുകള്‍ രൂപീകരിക്കാന്‍ ശ്രമം നടന്നിരുന്നു. എന്നാല്‍ ഇത് ഫലപ്രദമായില്ല. കമ്പക്കാനത്തെ കൂട്ടക്കൊലയ്ക്ക് സമാനമായ സംഭവങ്ങള്‍ ഇതിനു മുമ്പും ഹൈറേഞ്ചില്‍ നടന്നിട്ടുണ്ട്. പിതാവും രണ്ടാനമ്മയും ചേര്‍ന്ന് സ്കൂള്‍ വിദ്യാര്‍ത്ഥിയായ മകനെ കൊലക്ക് കൊടുത്തത് എറെ വിവാദങ്ങള്‍ ഉണ്ടാക്കിയ സംഭവമായിരുന്നു. തമിഴ്നാട്ടില്‍ നിന്നെത്തിയ മന്ത്രവാദികള്‍ നിധി കണ്ടെടുത്ത് നല്‍കാമെന്ന വാഗ്ദാനം നല്‍കിയായിരുന്നു സ്കൂള്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചത്.
സെഷന്‍സ് കോടതിയില്‍ രണ്ടാനമ്മയും പിതാവുമടക്കും നാലു പേര്‍ക്ക് ജീവപരന്ത്യം തടവു വിധിച്ചെങ്കിലും ഹൈക്കോടതി ശിക്ഷ ഇളവ് ചെയ്യുകയായിരുന്നു. മന്ത്രവാദികള്‍ക്ക് നിധിയെപറ്റി വിവരം ലഭിച്ചതിനെ തുടര്‍ന്ന് അന്യസംസ്ഥാനത്ത് പഠിക്കാന്‍ ഒരുങ്ങിയ മക്കളെ ബലികൊടുക്കാന്‍ മാതാപിതാക്കള്‍ ഒരുങ്ങിയ സംഭവവും ഇടുക്കിയില്‍ നടന്നിട്ട് ഏറെ നാളുകള്‍ ആയിട്ടില്ല. ഇത്തരത്തില്‍ സഹോദരിയുടെ ശരീരത്തില്‍ കയറിയ ബാധ ഒഴിവാക്കാന്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ ബലികൊടുത്ത സംഭവം നടന്നത് ഇടുക്കി മുണ്ടിയെരുമയിലാണ്.
സമാനമായ നിരവധി സംഭവങ്ങള്‍ നടക്കുന്നുണ്ടെങ്കിലും മിക്ക കേസുകളിലും പരാതിക്കാര്‍ ഇല്ലാത്തതിനാല്‍ പൊലീസിന്റെ ഇടപെടലിനും പരിധികളുമുണ്ട്. വന്‍തോതില്‍ കാട്ടുമൃഗങ്ങളെ ഇത്തരം ചടങ്ങുകള്‍ക്ക് ഉപയോഗിക്കുന്നതായും റിപ്പോര്‍ട്ട് ഉണ്ട്. കാട്ടുപന്നി, ഇരുതലമൂരി, വെള്ളിമൂങ്ങ, കാട്ടുകോഴി എന്നിവയെ മന്ത്രവാദത്തിനായി പിടിച്ച് നല്‍കുന്ന സംഘങ്ങളും ജില്ലയില്‍ സജാവമാണെന്നാണ് സൂചന.
ദുര്‍മന്ത്രവാദത്തിന് കാട്ടുപന്നിയുടെ കരളിന് പ്രത്യേക സ്ഥാനമാണെന്നും റിപ്പോര്‍ട്ടുകള്‍ വിശദമാക്കുന്നു. മിക്ക സംഭവങ്ങളിലും കബളിക്കപ്പെട്ടവരും പ്രതിയാക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ പൊലീസില്‍ പരാതിയുമായി എത്തുന്നവര്‍ വളരം വിരളമാണ്.