ന്യൂഡല്‍ഹി: 2014 ഒക്ടോബര്‍ മുതല്‍ 2016 മാര്‍ച്ച് വരെയുള്ള കാലയളവില്‍ രക്തം മാറ്റത്തിലൂടെ ഇന്ത്യയില്‍ എയ്ഡ്‌സ് ബാധിച്ചത് 2234 പേര്‍ക്ക്. മനുഷ്യാവകാശ പ്രവര്‍ത്തകനായ രേതന്‍ കോത്താരിക്ക് വിവരാകാശ നിയമപ്രകാരം ലഭിച്ച രേഖകളിലൂടെയാണ് ഈ ഞെട്ടിക്കുന്ന കണക്ക് പുറത്ത് വന്നത്. നാഷണല്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (നാകോ) നല്‍കിയ മറുപടിയിലാണ് വിവരങ്ങളുള്ളത്.
പല ബ്ലഡ് ബാങ്കുകളും രക്തപരിശോധനയില്‍ മാനദണ്ഡങ്ങളില്‍ കടുത്ത അനാസ്ഥ പുലര്‍ത്തുന്നുണ്ടെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.
വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം 2014 വരെ ഏകദേശം 30 ലക്ഷം യൂണിറ്റ് രക്തമാണ് നാകോ ശേഖരിച്ചത്. ഇതിലെ 84 ശതമാനം രക്തവും വ്യക്തികള്‍ സ്വമേധയാ നല്‍കിയതായിരുന്നു. ഇതില്‍ നിന്നുമായിരിക്കാം രോഗാണുക്കളുള്ള രക്തം ലഭിച്ചിട്ടുണ്ടാകുകയെന്ന് നാകോ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ നരേഷ് ഗോയല്‍ അറിയിച്ചു.
രക്തമാറ്റത്തിലൂടെ എച്ച്.ഐ.വി ബാധിച്ചവരുടെ എണ്ണം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഉത്തര്‍പ്രദേശിലാണ്. 361 കേസുകള്‍. ഇതിന് തൊട്ടു പിന്നില്‍ നില്‍ക്കുന്ന സംസ്ഥാനം 292 കേസുകളോടെ ഗുജറാത്താണ്. 2011ല്‍ തയാറാക്കിയ കണക്കനുസരിച്ച് ഇന്ത്യയില്‍ 20.9 ലക്ഷത്തോളം പേര്‍ എയ്ഡ്‌സ് ബാധിതരാണ്.