മമതയെ ഉപേക്ഷിച്ച് എംപിമാര്‍ ബിജെപിയിലേയ്ക്ക്!! ആറുപേര്‍ കൂറുമാറുമെന്ന് ബിജെപി വൃത്തങ്ങള്‍

കൊല്‍ക്കത്ത: പ്രതിപക്ഷ ഐക്യം രൂപീകരിച്ച് ബിജെപിയെ തറപറ്റിക്കാമെന്ന കോണ്‍ഗ്രസ് നിലപാടിന് ആദ്യം തുരങ്കം വെച്ചത് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ്. പ്രധാനമന്ത്രി പദം സ്വപ്നം കാണുന്ന മമതയ്ക്ക് കോണ്‍ഗ്രസിന്റെ വല്യേട്ടന്‍ മനോഭാവത്തെ അംഗീകരിക്കാന്‍ കഴിയാതിരുന്നതോടെയാണ് വിശാല പ്രതിപക്ഷ ഐക്യത്തിന്റെ ഭാഗമാകാതെ മമത പിന്നോട്ടടിച്ചത്. ബംഗാളില്‍ കോണ്‍ഗ്രസും ബിജെപിയും നിലംതൊടില്ലെന്നും അതുവഴി തന്റെ സ്വാധീനം ഉറപ്പാക്കാമെന്നുമൊക്കെ മമതാ കരുതിയിരുന്നു

എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസിനു ശക്തമായ തിരിച്ചടി നല്‍കിയിരിക്കുകയാണ് ബിജെപി. തൃണമൂലിന്റെ ബിഷ്ണുപൂരില്‍നിന്നുള്ള ലോക്‌സഭാംഗം സൗമിത്ര ഖാന്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. കഴിഞ്ഞ ദിവസം തൃണമൂല്‍ വിട്ട രണ്ടാമത്തെ എംപിയായ ബോല്‍പൂരില്‍നിന്നുള്ള അനുപം ഹസ്രയും ബിജെപിയില്‍ ചേരുമെന്നാണ് അറിയുന്നത്. കൂടാതെ പാര്‍ട്ടിയില്‍ നിന്നും രണ്ടായിരത്തോളം പ്രവര്‍ത്തകരും പിരിഞ്ഞ് പോയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആറോളം തൃണമൂല്‍ എംപിമാര്‍ തങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ബംഗാളില്‍നിന്നുള്ള ബിജെപി നേതാവ് അവകാശപ്പെട്ടു. അതേസമയം ഇവരുടെ പേര് വിവരങ്ങള്‍ പുറത്തുവിടാന്‍ ബിജെപി നേതൃത്വം തയാറായിട്ടില്ല. തൃണമൂല്‍ എംപിമാരായ അര്‍പിതാ ഘോഷ്, ശതാബ്ദി റോയ് എന്നിവരും പാര്‍ട്ടി വിട്ടേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. നേരത്തേ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസിലെ രണ്ടാമനായിരുന്ന മുകുള്‍ റോയിയുമായി അടുപ്പമുള്ളവരാണ് ഇപ്പോള്‍ ബിജെപിയിലേക്കു ചായുന്നതെന്നാണു വിവരം.

ബംഗാളില്‍ രഥയാത്ര നടത്തുന്നതുമായി ബന്ധപ്പെട്ട് ബിജെപിയും തൃണമൂലും തമ്മിലുള്ള ഏറ്റുമുട്ടലിനു പിന്നാലെയാണ് പാര്‍ട്ടിയില്‍നിന്നുള്ള നേതാക്കളുടെ ‘ചാടിപ്പോകലിന്’ തുടക്കമായത്. സൗമിത്ര ഖാനെയും അനുപം ഹസ്രയെയും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പുറത്താക്കിയതായി തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിട്ടുണ്ട്. ഇരുവര്‍ക്കുമെതിരെ അഴിമതി ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്.
തൃണമൂല്‍ കോണ്‍ഗ്രസ് ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നും സ്വകാര്യകമ്പനിയാണെന്നും പാര്‍ട്ടി വിട്ട സൗമിത്ര ഖാന്‍ ആരോപിച്ചു. ബംഗാളില്‍ സിന്‍ഡിക്കേറ്റ് രാജും പൊലീസ് രാജുമാണു നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അഴിമതി കേസില്‍ സൗമിത്രയ്‌ക്കെതിരെ കേസെടുത്തതിനു പിന്നാലെയായിരുന്നു അദ്ദേഹം പാര്‍ട്ടി വിട്ടത്. പ്രൈമറി സ്‌കൂള്‍ അധ്യാപികമാരെ നിയമിച്ചതില്‍ സൗമിത്രയ്‌ക്കെതിരെ അഴിമതിയാരോപണം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ എംപിയുടെ സഹായി സുശാന്ത ധനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരുമായി ചര്‍ച്ചകള്‍ നടത്തിയശേഷമാണ് സൗമിത്ര ബിജെപിയില്‍ ചേര്‍ന്നതായി അറിയിച്ചത്. അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ ഇദ്ദേഹത്തിന് ബിജെപി സീറ്റ് ഉറപ്പ് നല്‍കിയെന്നാണു വിവരം. ബംഗാളില്‍ മമതാ ബാനര്‍ജിയുടെ കൗണ്ട് ഡൗണ്‍ തുടങ്ങിയതായി ബിജെപി നേതാവ് മുകുള്‍ റോയ് പ്രതികരിച്ചു. നിങ്ങളുടെ എംപിമാരും നിയമസഭാംഗങ്ങളും ഒന്നിനു പിറകേ ഒന്നായി നിങ്ങളെ ഉപേക്ഷിക്കും. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് നിങ്ങളുടെ ദുര്‍ഭരണം അവസാനിപ്പിക്കും- മുകുള്‍ റോയ് ട്വിറ്ററില്‍ പ്രതികരിച്ചു.

Top