ലോകസഞ്ചാരം പൂര്‍ത്തിയാക്കി ആ തിമിംഗലം ഒമാനില്‍ തിരിച്ചെത്തി; അത്ഭുതത്തോടെ ശാസ്ത്രലോകം

മസ്‌കറ്റ്: അയ്യായിരത്തിലേറെ കിലോമീറ്റര്‍ സഞ്ചരിച്ച് ലോകം മുഴുവന്‍ കറങ്ങി ആ കൂനന്‍ തിമിംഗലം ഒമാന്‍ ഉള്‍ക്കടലില്‍ തിരികെയെത്തി. ഒമാനിലെ മസീറ ഉള്‍ക്കടലില്‍ നിന്ന് കഴിഞ്ഞ നവംബറിലാണ് ലുബാന്‍ എന്ന തിമിംഗലം അറബിക്കടല്‍ വഴി കിഴക്കോട്ട് തിരിഞ്ഞ് സഞ്ചാരം ആരംഭിച്ചത്. സാധാരണയായി കൂനന്‍ തിമിംഗലങ്ങള്‍ ഇത്തരത്തില്‍ യാത്ര നടത്താറില്ലാത്തതിനാല്‍ ശാസ്ത്രലോകത്തിന്റെ പ്രധാന ശ്രദ്ധാകേന്ദ്രമായിരുന്നു ഈ തിമിംഗലം. ഉപഗ്രഹങ്ങളുടെ സഹായത്തോടെയായിരുന്നു തിമിംഗലത്തിന്റെ നീക്കങ്ങള്‍ ശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചത്. ഒമാന്‍ എന്‍വയോണ്‍മെന്റ് സൊസൈറ്റി ഘടിച്ച റോഡിയോ ട്രാന്‍സിസ്റ്റര്‍ വഴിയും തിമംഗലത്തിന്റെ നീക്കങ്ങള്‍ കൃത്യമായി രേഖപ്പെടുത്തി. ഡിസംബര്‍ പകുതിയോടെ ലുബാന്‍ ഗോവന്‍ തീരത്തെത്തിയത് ഇന്ത്യയിലെ നിരീക്ഷകര്‍ക്കും ആവേശമായി. മണിക്കൂറില്‍ നാലുമുതല്‍ അഞ്ചുമൈല്‍ വേഗത്തിലായിരുന്നു ഇവളുടെ യാത്ര. ഡിസംബര്‍ 31ന് ലുബാന്‍ കൊച്ചി ഉള്‍ക്കടലിലും എത്തി. തുടര്‍ന്ന് കേരളത്തിലെ ഗവേഷകരും ലുബാന്റെ ചലനങ്ങള്‍ കൃത്യമായി നിരീക്ഷിച്ചു. ആലപ്പുഴ, തിരുവനന്തപുരം എന്നിവടങ്ങളിലൂടെ ശ്രീലങ്കയിലേക്കും ഈ യാത്ര നീണ്ടു. പക്ഷേ പിന്നീട് ലുബാനില്‍ ഘടിപ്പിച്ച ട്രാന്‍സിസ്റ്റര്‍ തകരാറിലായതോടെ വിവരങ്ങള്‍ ലഭിക്കാതായി. എന്നാല്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്നും വന്ന വഴിയേ തന്നെ ലുബാന്‍ തിരിച്ചു മടങ്ങിയെന്നാണ് ഇപ്പോള്‍ ശാസ്ത്രലോകം വ്യക്തമാക്കുന്നത്. ലുബാന്‍ തിരിച്ച് മസീറ ഉള്‍ക്കടലില്‍ എത്തിയതായി ഒമാന്‍ എന്‍വയോണ്‍മെന്റ് സൊസൈറ്റി അറിയിച്ചു. യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയെങ്കിലും എന്തിനായിരുന്നു ഈ അസാധാരണ യാത്ര എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇണയെ തേടിയുള്ള യാത്രയായിരുന്നെന്നും അതല്ല ഇഷ്ടഭക്ഷണമായ മത്തിയും കൊഞ്ചും തേടിയുള്ളതാകാം യാത്രയെന്നുമാണ് ഉയരുന്ന വാദങ്ങള്‍. 16 മീറ്ററിലേറെ വലിപ്പമുള്ള ലുബാന് 36,000 കിലോഗ്രാമാണ് ഭാരം. വംശനാശഭീഷണി നേരിടുന്ന കൂനന്‍ തിമിംഗലങ്ങളില്‍ പതിനാലെണ്ണം മാത്രമാണ് ഒമാന്‍ ഉള്‍ക്കടലിലുള്ളത്. ഇക്കൂട്ടത്തിലെ ഏകപെണ്‍ തിമിംഗലമാണ് ലുബാന്‍.

Top