ഷെയര്‍ ഇറ്റും, എക്‌സെന്ററുമൊക്കെ വന്നതോടെ ബ്ലൂടൂത്തിനുള്ള പ്രാധാന്യവും കുറഞ്ഞു. ആളുകള്‍ ബ്ലൂടൂത്ത് ഉപയോഗിക്കുന്നത് അത്യാവശ്യ ഘട്ടത്തില്‍ മാത്രം. പെട്ടെന്ന് ഫയലുകള്‍ ഷെയര്‍ ആകുന്നില്ല, കണക്ടാകുന്നില്ല,വേഗപരിധി തുടങ്ങിയവയാണ് ബ്ലൂടൂത്തിന്റെ പ്രശ്‌നങ്ങളായി പറഞ്ഞിരുന്നത്. എന്നാല്‍, ബ്ലൂടൂത്തും പുത്തന്‍ പതിപ്പുമായി രംഗത്തെത്തി.
ഇനി നിങ്ങള്‍ക്ക് വേഗവും ദൂരവും ഒരു പ്രശ്‌നമായി വരില്ല. ഫയല്‍ കൈമാറ്റത്തിനുള്ള അപ്ഡേറ്റഡ് ഫീച്ചറുമായാണ് ബ്ലൂടൂത്ത് 5.0 വേര്‍ഷന്റെ വരവ്. ബ്ലൂടൂത്ത് 4.2വിനേക്കാള്‍ ഇരട്ടി ദൂരപരിധിയും നാലുമടങ്ങ് വേഗതയുമാണ് പുതിയ പതിപ്പിന്റെ പ്രധാന പ്രത്യേകത. 300 മീറ്ററിലധികം ദൂരപരിധിയും സെക്കന്റില്‍ 250 മെഗാബൈറ്റിലധികം വേഗവും വാഗ്ദാനം ചെയ്യുന്നു.
തമ്മില്‍ കണക്ട് ചെയ്തില്ലെങ്കിലും അപ്ഡേറ്റഡ് വേര്‍ഷന്‍ പ്രകാരം ഫയലുകള്‍ കൈമാറാം. ഇതു സാധ്യമാക്കുന്ന ‘അഡ്വടൈസിങ്ങ് പാക്കറ്റ്’ എന്ന ഫീച്ചറാണ് പുതിയ ബ്ലൂടൂത്ത് പതിപ്പിന്റെ മറ്റൊരു പ്രത്യേകത. ഈ ഫീച്ചര്‍ വഴി ദൂരപരിധിക്കുള്ളിലുള്ള ഏത് ബ്ലൂടൂത്ത് ഉപകരണവും തിരിച്ചറിയാന്‍ കഴിയും. പെയര്‍ ചെയ്യുന്നതിന് മുമ്പ് മറ്റ് ബ്ലൂടൂത്തുകളുടെ പേരും ലഭ്യമാക്കും.