ഉത്തര്‍പ്രദേശില്‍ ബോട്ട് മുങ്ങി 22 പേരെ കാണാതായി

ഉത്തര്‍പ്രദേശില്‍ ബോട്ട് മുങ്ങി 22 പേരെ കാണാതായി. ഉത്തര്‍പ്രദേശിലെ ബാഗ്പത് ജില്ലയില്‍ യമുനാ നദിയിലാണ് വ്യാഴാഴ്ച അപകടമുണ്ടായത്. 60 യാത്രക്കാരുമായി സഞ്ചരിച്ച ബോട്ടാണ് അപകടത്തില്‍പ്പെട്ടതെന്ന് ജില്ലാ മജിസ്ട്രേറ്റ് വ്യക്തമാക്കി. സംഭവത്തോടെ ദില്ലി- സഹരണ്‍പൂര്‍ ഹൈവേയില്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാന്ത ഗ്രാമത്തില്‍ നിന്നും 20 കിലോമീറ്റര്‍ അകലെ ജില്ലാ ആസ്ഥാനത്തിന് സമീപത്തുവച്ചാണ് ബോട്ട് അപകടത്തില്‍പ്പെട്ടത്. ബോട്ടില്‍ അനുവദനീയമായതിനേക്കാള്‍ ആളുകള്‍ ഉണ്ടായിരുന്നുവെന്നും യാത്രക്കാരില്‍ ഏറെപ്പേരും
സ്ത്രീകളായിരുന്നുവെന്നുമാണ് പുറത്തുവരുന്ന വിവരം. പ്രദേശത്ത് ദേശീയ ദുരന്ത നിവാരണ സേനയുള്‍പ്പെടെയുള്ള സംഘങ്ങള്‍ രക്ഷാ പ്രവര്‍ത്തനം നടത്തിവരികയാണെന്ന് പോലീസ് വ്യക്തമാക്കി. അപകടത്തില്‍പ്പെട്ടവരില്‍ 12 പേരെ ഇതിനകം തന്നെ രക്ഷപ്പെടുത്തിയിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശങ്ക പ്രകടിപ്പിച്ചു. ഹരിയാനയിലേയ്ക്ക് പോകുകയായിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടതെന്നാണ് പ്രാഥമിക വിവരം. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ഫണ്ടില്‍ നിന്ന് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ മുഖ്യമന്ത്രി ട്വീറ്റില്‍ നിര്‍േശം നല്‍കിയിട്ടുണ്ട്. എന്നാല്‍ അപകടത്തിന്‍റെ കാരണം വ്യക്തമല്ല.

Top