കൊച്ചി: മനുഷ്യന്റെ തലയോട് സാമ്യം തോന്നിപ്പിക്കുന്ന ശരീരഭാഗം കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ 11 ഓടെയാണ് മുളവുകാട് എല്‍.എന്‍.ജി. ടെര്‍മിനല്‍ പരിസരത്ത് നിന്നുമാണ് ഈ ഭാഗം കണ്ടെത്തിയത്. മൃഗത്തിന്റേതാണോ മനുഷ്യന്റെതാണോ എന്ന് സംശയമുളവാക്കുന്ന തരത്തിലാണ് ശരീരഭാഗമുള്ളത്.
നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് മുളവുകാട് പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി. പല്ലുകള്‍ മുന്നോട്ടു ഉന്തിയ നിലയില്‍ കാണപ്പെട്ട ഭാഗം മൃഗത്തിന്റേതാകാമെന്നും 90 ശതമാനവും മൃഗത്തിന്റെ ഭാഗമാണെന്നാണ് പ്രാഥമിക പരിശോധനയില്‍ മനസ്സിലാക്കാനായതെന്നും മുളവുകാട് എസ്.ഐ. ശ്യാംകുമാര്‍ പറഞ്ഞു.
അതേസമയം മനുഷ്യ ശരീരത്തോട് സാമ്യമുണ്ടെന്ന് ചിലര്‍ സംശയം പ്രകടിപ്പിച്ചതോടെ വിദഗ്ദ്ധ പരിശോധനയ്ക്കായി ഈ ഭാഗം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ബുധനാഴ്ച വിശദമായ പരിശോധന നടത്തുമെന്ന് ആശുപത്രി ആര്.എം.ഒ. ഡോ. സിറിയക്ക് പറഞ്ഞു.