ഞെട്ടലും നിരാശയും തോന്നുന്നു; കടുത്ത ശിക്ഷ നല്‍കണം; മണിപ്പൂരില്‍ യുവതികളെ നഗ്നരാക്കി നടത്തിയ സംഭവത്തില്‍ അപലപിച്ച് ബോളിവുഡ് താരങ്ങള്‍

മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നരാക്കി റോഡിലൂടെ നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി ബോളിവുഡ് താരങ്ങള്‍. ”മണിപ്പൂരില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ വീഡിയോ കണ്ടതില്‍ ഞെട്ടലും നിരാശയും തോന്നുന്നു. ഇത്രയും നീചമായ പ്രവൃത്തി ചെയ്യാന്‍ ഇനിയാരും ധൈര്യപ്പെടാത്ത വിധത്തില്‍ കുറ്റവാളികള്‍ക്ക് കഠിനമായ ശിക്ഷ തന്നെ നല്‍കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു” സ്ത്രീകള്‍ക്ക് നേരെയുണ്ടായ ക്രൂരതയില്‍ ദുഃഖം പ്രകടിപ്പിക്കുകയും ഇരകള്‍ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത നടന്‍ അക്ഷയ് കുമാര്‍ ട്വിറ്ററില്‍ കുറിച്ചു. സംഭവം ലജ്ജാകരമാണെന്ന് നടി റിച്ച ഛദ്ദ പ്രതികരിച്ചു. സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്ന് ഊര്‍മിള മറ്റോണ്ട്കര്‍. മണിപ്പൂരിലെ അതിക്രമങ്ങള്‍ തടയാന്‍ ആരുമില്ലേയെന്ന് നടി രേണുക ഷഹാനെ ചോദിച്ചു.

രണ്ട് മാസം പഴക്കമുള്ള വീഡിയോ ബുധനാഴ്ചയാണ് ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടത്. സംസ്ഥാനത്ത് അക്രമം പൊട്ടിപ്പുറപ്പെട്ടതിന് തൊട്ടുപിന്നാലെ മെയ് 4 ന് കാങ്പോപി ജില്ലയിലാണ് സംഭവം നടന്നത്. രണ്ട് സ്ത്രീകളെ ജനക്കൂട്ടത്തിന് മുന്നില്‍ നഗ്‌നരാക്കിയെന്നാണ് പരാതി. സ്ത്രീകളില്‍ ഒരാള്‍ കൂട്ടബലാത്സംഗത്തിന് ഇരയാകുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top