ഇന്റർനാഷണൽ ഡെസ്‌ക്
പയോൺഗ്യാങ്: മൂന്നാം ലോകമഹായുദ്ധമുണ്ടായാൽ ആക്രമണം ബഹിരാകാശത്തേയ്ക്കും ആണവ യുദ്ധം വ്യാപിപ്പിക്കുമെന്നും സൂചന. അമേരിക്കയെ ലക്ഷ്യമിട്ട് രണ്ടു ഉപഗ്രഹങ്ങളാണ് ഉത്തര കൊറിയ ബഹിരാകാശത്തിൽ അയച്ചിരിക്കുന്നത്. ഈ രണ്ട് ഉപഗ്രഹങ്ങളും ആണവ പോർമുന വഹിക്കാൻ ശേഷിയുള്ളവയും, ഇലക്ട്രോമാഗ്നറ്റിക് തരംഗങ്ങൾ പുറപ്പെടുവിക്കാൻ ശേഷിയുള്ളവയുമാണെന്നാണ് കൊറിയയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2012 ലും 2016 ലും ഉത്തരകൊറിയ അയച്ച് രണ്ട് ഉപഗ്രഹങ്ങൾ അമേരിക്കയെ നിരീക്ഷിക്കുന്നതിനു വേണ്ടി മാത്രമായിരുന്നു അയച്ചതെന്നാണ് ഇപ്പോൾ ഉത്തരകൊറിയ അവകാശപ്പെടുന്നത്.
ഈ ഉപഗ്രഹങ്ങളെ ഉപയോഗിച്ചു ഇലക്ട്രോമാഗ്നറ്റിക് പൾസുകളും, ബഹിരാകാശത്തു നിന്നു ആണവ പോർമുനയും അയക്കാനുള്ള ശേഷി കൊറിയയ്ക്കു ലഭിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നോർത്ത് കൊറിയ ബഹാരാകാശത്തേയ്ക്കു അയച്ച രണ്ടു ഉപഗ്രഹങ്ങളും 94 മിനിറ്റു കൊണ്ടു ഭൂമിയെ വലം വയ്ക്കും. അമേരിക്കൻ നാഷണൽ ടാക്്‌സ് ഫോഴ്‌സ് ആൻഡ് ഹോം ലാൻഡ് എക്‌സിക്യുട്ടീവ് ഡയറക്ടർ വിൻസന്റ് പ്രേയുടെ അഭിപ്രായത്തിൽ, കൊറിയൻ ആണവ പോർമുനകൾ കൃത്യമായി അമേരിക്കയിലെ ഒൻപതു നഗരങ്ങളെ ലക്ഷ്യം വയ്ക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. അമേരിക്കയെ ലക്ഷ്യമിട്ട് ബഹിരാകാശത്തു നിന്നുള്ള ഇലക്ട്രോമാഗ്നറ്റികും, ആണവ യുദ്ധ സാധ്യതകളും കൊറിയ ഉദ്ദേശിക്കുന്നുണ്ട്. ഇതോടൊപ്പം ബഹിരാകാശത്ത് പറക്കുന്ന അമേരിക്കൻ ഉപഗ്രഹങ്ങളെയും രാജ്യാന്തര ഏജൻസിയുടെ ബഹിരാകാശ നിലയത്തെയും തകർക്കാനുള്ള ശേഷിയും കൊറിയയുടെ രണ്ടു ഉപഗ്രഹങ്ങളിലെ ആയുധശേഖരത്തിനുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
അമേരിക്കയിലെ ഏറ്റവും തന്ത്രപ്രധാന കേന്ദ്രമായ വാഷിങ്ടണും, ലോസ് ഏഞ്ചൽസും അടക്കമുള്ള ഒൻപതു നഗരങ്ങൾ തകർക്കാനാണ് ഉപഗ്രഹങ്ങൾ ഒരുക്കിയിരിക്കുന്നത്. അമേരിക്കൻ നഗരങ്ങളിലെ ഓരോ നീക്കങ്ങളും കൃത്യമായി വിലയിരുത്താനും ആവശ്യമെങ്കിൽ ആക്രമണം നടത്താനും സാധിക്കുന്ന രീതിയിലാണ് ഉപഗ്രഹങ്ങൾ കൊറിയ വിക്ഷേപിച്ചിരിക്കുന്നത്. ഈ ഉപഗ്രഹങ്ങൾ പകർത്തുന്ന അമേരിക്കയുടെ സൂക്ഷ്മ വീഡിയോ ദൃശ്യങ്ങൾ അടക്കമുള്ളവ കൊറിയൻ ഏകാധിപതി കിമ്മിനു തന്റെ ഓഫിസ് മുറിയിലിരുന്നു നിരീക്ഷിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള വിവരങ്ങൾ പുറത്തു വന്നതോടെയാണ് മൂന്നാം ലോകയുദ്ധമുണ്ടായാൽ ബഹിരാകാശത്തേയ്ക്കു കൂടി ഇത് വ്യാപിക്കുമെന്നു ഉറപ്പായത്.