പയ്യന്നൂര്‍: പയ്യന്നൂരില്‍ പോലീസ് ഉദ്യോഗസ്ഥരുടെ ക്വാര്‍ട്ടേഴ്‌സുകള്‍ക്കു നേരെ ബോംബേറ്. സിഐ സി.കെ. മണി, എസ്‌ഐ വിപിന്‍ എന്നിവര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സുകള്‍ക്കു നേരെയാണ് ബോംബെറിഞ്ഞത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ ഉഗ്രശേഷിയുള്ള ബോബുകള്‍ എറിഞ്ഞത്. ബോംബേറില്‍ സി.ഐയുടെ വീടിന്റെ മുന്‍ വാതില്‍ തകര്‍ന്നു. ജനാലകള്‍ക്കും മതിലിനും കേടുപാടുകളുണ്ട്. രണ്ട് ബോംബുകളാണ് എറിഞ്ഞത്. ക്വാര്‍ട്ടേഴ്സിന്റെ താഴത്തെ നിലയില്‍ സി.ഐയും മുകളിലത്തെ നിലയില്‍ അഡീഷണല്‍ എസ്.ഐയുമാണ് താമസിക്കുന്നത്. ക്വാര്‍ട്ടേഴ്സിന്റെ മതിലില്‍ ഭീഷണി ഉയര്‍ത്തിക്കൊണ്ടുള്ള പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. ഇന്നലെയും സി.ഐയുടെ ക്വാര്‍ട്ടേഴ്സിന്റെ ചുവരില്‍ ഭീഷണി പോസ്റ്ററുകള്‍ പതിച്ചിരുന്നു.
കുറച്ചുകാലമായി ചില കോണുകളില്‍ നിന്ന് സി.ഐക്ക് നേരെ നിരന്തരം ഭീഷണികള്‍ ഉയരുന്നുണ്ട്. അതിന്റെ തുടര്‍ച്ചയെന്നോണമാണ് ബോംബേറെന്നാണ് പൊലീസ് കരുതുന്നത്. സംഭവത്തില്‍ മൂന്നുപേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഡി.വൈ.എഫ്.ഐ പയ്യന്നൂര്‍ ബ്ളോക്ക് വൈസ് പ്രസിഡന്റ് ഷിനോജിനെ കാപ്പ നിയമപ്രകാരം സി.ഐ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിനെ തുടര്‍ന്ന് ഡി.വൈ.എഫ്.ഐ, സി.പി.എം. പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചും നടത്തി. മാര്‍ച്ചില്‍ പ്രസംഗിച്ച നേതാക്കള്‍ സി.ഐക്കെതിരെ ഭീഷണി സ്വരത്തില്‍ പ്രസംഗിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ സെപ്തംബറില്‍ സി.ഐയുടെ വീടിന് മുന്നില്‍ റീത്ത് വയ്ക്കുകയും പോസ്റ്റര്‍ പതിക്കുകയും ചെയ്തിരുന്നു. ഇത് പയ്യന്നൂരാണ്. നീ അധികം കളിക്കേണ്ട. നിന്റെ നാളുകള്‍ എണ്ണപ്പെട്ടു’ തുടങ്ങിയ വാചകങ്ങളാണ് പോസ്റ്ററില്‍ ഉണ്ടായിരുന്നത്.
അക്രമം ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും ശക്തമായി നേരിടുമെന്ന് ജില്ലാ പൊലീസ് ചീഫ് പി.എന്‍. ഉണ്ണിരാജന്‍ പറഞ്ഞു. ജനത്തിന്റെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കേണ്ട പൊലീസിന് നേരെ ഉണ്ടാകുന്ന അക്രമം ഒരു തരത്തിലും വച്ചുപൊറുപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പയ്യന്നൂരില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ വീടുകള്‍ക്ക് നേരെ ഉണ്ടായ ബോംബേറ് നിസാരമായി കാണാന്‍ കഴിയില്ലെന്നും അക്രമികള്‍ ആരായാലും കണ്ടെത്തി ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരില്‍ മറ്റൊരു സംഭവത്തില്‍ മാഹി പന്തക്കലില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിനു മുന്നില്‍ ബോംബെറിഞ്ഞു. അര്‍ധരാത്രി 12 ഓടെയാണ് സംഭവം. ബിജെപി പ്രവര്‍ത്തകനായ പന്തക്കല്‍ നാഗത്താന്‍ കോട്ടയ്ക്കു സമീപത്തെ ശിവഗംഗയില്‍ രാമകൃഷ്ണന്റെ വീടിനു നേരെയാണ് ബോംബേറുണ്ടായത്. രാമകൃഷ്ണന്റെ പരാതിയില്‍ പന്തക്കലിലെ സിപിഎം പ്രവര്‍ത്തകന്‍ ഉടാസ് രജീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.