ശക്തനായി തിരിച്ചെത്തിയ സുരേന്ദ്രനെ മഞ്ചേരിയില്‍ തടയാന്‍ ആവില്ല; പാര്‍ട്ടിയുടെ തലപ്പത്തേയ്ക്കും പരിഗണിക്കുന്നു

തിരുവനന്തപുരം: ശബരിമല വിഷയമവുമായി ബന്ധപ്പെട്ട് ഏറ്റവുമധികം നേട്ടമുണ്ടാക്കിയ പാര്‍ട്ടിയാണ് ബിജെപി. സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ച് രംഗത്തിറങ്ങിയ വലിയ ജനക്കൂട്ടത്തെ ഏറ്റെടുക്കാന്‍ അവര്‍ക്കായെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. എസ്എന്‍ഡിപി, കെപിഎംഎസ് എന്നിങ്ങനെ വലിയ സമുദായ സംഘടനകളെ കൂടെ കൂട്ടാന്‍ കഴിഞ്ഞില്ലെങ്കിലും ഹിന്ദു വികാരം ജ്വലിപ്പിക്കാന്‍ ബിജെപിക്ക് കഴിഞ്ഞു.

ബിജെപിയുടെ വളര്‍ച്ചയുടെ ഏറ്റവും വലിയ ഉദാഹരണമാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ ജയില്‍ മോചനത്തിന് കിട്ടിയ സ്വീകരണങ്ങള്‍. മൂന്നാഴ്ചയിലധികം നീണ്ട ജയില്‍ വാസത്തിന് ശേഷം കെ.സുരേന്ദ്രന്‍ പുറത്തേക്ക് വരുമ്പോള്‍ പാര്‍ട്ടി സംസ്ഥാന ഘടകത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ സംഭവിക്കുമോ എന്നാണ് ഇപ്പോള്‍ ഏവരും ഉറ്റുനോക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജയില്‍ മോചിതനാകുന്ന സുരേന്ദ്രന്‍ പാര്‍ട്ടിയില്‍ കൂടുതല്‍ കരുത്തനാകുമെന്നാണ് സൂചന. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് പി.എസ്. ശ്രീധരന്‍ പിള്ളയെ മാറ്റാന്‍ പാര്‍ട്ടിയില്‍ ഒരു വിഭാഗം കേന്ദ്ര നേതൃത്വത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. അവര്‍ പകരം മുന്നോട്ടുവയ്ക്കുന്ന പേരാകട്ടെ കെ.സുരേന്ദ്രന്റേതും. അഞ്ച് നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ വൈകാതെ കേരളത്തിലെത്തുമെന്ന് കേള്‍ക്കുന്നു. സംസ്ഥാന പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ അപ്പോള്‍ ചര്‍ച്ച ചെയ്തേക്കും.

കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരുടെ ഇടപെടല്‍ ശബരിമല വിഷയത്തില്‍ ബി.ജെ.പിക്ക് മേല്‍ക്കൈ ഉണ്ടാക്കിക്കൊടുത്തുവെന്ന വിലയിരുത്തല്‍ പാര്‍ട്ടി നേതാക്കള്‍ക്കും അണികള്‍ക്കിടയിലുമുണ്ട്. അതിനാല്‍ സുരേന്ദ്രനെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന ആവശ്യം വരുംദിവസങ്ങളില്‍ പാര്‍ട്ടിയില്‍ ശക്തമാകാന്‍ ഇടയുണ്ട്. സുരേന്ദ്രന്റെ പൊതു സമ്മിതിയും പാര്‍ട്ടിക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ ഉപയോഗിക്കാനാവും നീക്കം.

മറ്റൊരു സാധ്യത സുരേന്ദ്രന്റെ നിയമസഭാ പ്രവേശനമാണ്. മഞ്ചേശ്വരത്ത് കഴിഞ്ഞ തവണ 89 വോട്ടിനാണ് കെ.സുരേന്ദ്രന്‍ പരാജയപ്പെട്ടത്.തെരഞ്ഞെടുപ്പില്‍ വിജയിച്ച മുസ്ലിം ലീഗ് അംഗം അബ്ദുള്‍ റസാഖിന്റെ മരണത്തോടെ വീണ്ടും തെരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യത മണ്ഡലത്തില്‍ തെളിഞ്ഞിരിക്കുകയാണ്. അട്ടിമറി നടന്നു എന്ന് ആരോപിച്ച് സുരേന്ദ്രന്‍ കൊടുത്ത കേസ് ഇപ്പോള്‍ ഹൈക്കോടതിയിലാണ്. ഇനിയൊരു തെരഞ്ഞെടുപ്പുണ്ടായാല്‍ മണ്ഡലത്തില്‍ സുരേന്ദ്രനെ തടയുക അസാധ്യമാകുെന്ന് ഇരുമുന്നണികള്‍ക്കും വ്യക്തമായറിയാം.

ശബരിമല പ്രതിഷേധം ശക്തമായി മുന്നേറിയപ്പോള്‍ ചില ബിജെപി നേതാക്കളുടെ ഭാഗത്തു നിന്നുണ്ടായ പ്രസ്താവനകള്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. ശബരിമല സമരം സെക്രട്ടേറിയറ്റിലേക്ക് മാറ്റിയതിലടക്കം പാര്‍ട്ടിയില്‍ മുറുമുറുപ്പുയര്‍ന്നു. ഇതോടെയാണ് കോഴിക്കോട്ട് നേതൃയോഗം വിളിച്ചുകൂട്ടി നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, അതും കാര്യമായ വിജയത്തിലെത്തിയില്ലെന്നാണ് വിലയിരുത്തല്‍. വരുംദിവസങ്ങളില്‍ ഇതെല്ലാം പാര്‍ട്ടിയില്‍ ചൂടേറിയ ചര്‍ച്ചയ്ക്ക് ഇടയാക്കിയേക്കാം.

Top