ഹിന്ദുരാഷ്ട്രമായി മാറിയാല്‍ ഇന്ത്യ പിന്നെ നിലനില്‍ക്കില്ലെന്ന് ബിജെപി അധ്യക്ഷന്‍; ന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്തി കേരളത്തില്‍ വിജയിക്കും

തിരുവനന്തപുരം: ബിജെപി വ്യാപകമായി വിമര്‍ശിക്കപ്പെടുന്നത് അവരുടെ ഹിന്ദുരാഷ്ട്ര രാഷ്ട്രീയത്തോടുള്ള ആഭിമുഖ്യം കൊണ്ടാണ്. ഹിന്ദുരാഷ്ട്ര സ്ഥാപനമാണ് ബിജെപിയുടെ മുഖ്യലക്ഷ്യമെന്നതാണ് രാഷ്ട്രീയ എതിരാളികളും ഉന്നയിക്കുന്നത്. എന്നാല്‍ ഇത്തരം ആരോപണങ്ങളെ പൂട്ടിക്കെട്ടുന്ന പ്രസ്താവനയുമായി പുതിയ ബിജിപി സംസ്ഥാന അധ്യക്ഷന്‍ രംഗത്തെത്തി.

ഹിന്ദു രാഷ്ട്രമായി രാജ്യം മാറിയാല്‍ പിന്നെ ഇന്ത്യയില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള അഭിപ്രായപ്പെട്ടു. ഹിന്ദുത്വം ഇന്ത്യയുടെ പൈതൃകമാണെന്നും ശ്രീധരന്‍പിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അമിത് ഷായുടെയും സംഘപരിവാറിന്റെയും പിന്തുണയോടെയാണ് സംസ്ഥാന അധ്യക്ഷനായത്. സംസ്ഥാന നേതൃത്വത്തിന്റെ പരിഗണനയില്‍ താന്‍ ഉണ്ടായിരുന്നില്ല. എന്‍.ഡി.എ വിപുലീകരിക്കും. കോണ്‍ഗ്രസിന്റെ ദിശാബോധം നഷ്ടപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു.

ചെങ്ങന്നൂരില്‍ ഈഴവ സമുദായത്തിന്റെ നിലപാട് ശരിയായിരുന്നു. ഇക്കാര്യം ബി.ജെ.പി നേതാക്കള്‍ മനസിലാക്കിയിരുന്നു. വെള്ളാപ്പള്ളി നടേശന്റെ ആവശ്യം ന്യായമായിരുന്നു. കുമ്മനം രാജശേഖരന് താല്‍പര്യമുണ്ടെങ്കില്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെ വരാമെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.

കേരളത്തില്‍ ബി.ജെ.പിക്ക് ജയിക്കാന്‍ കഴിയുമെന്ന് ശ്രീധരന്‍പിള്ള ചാനല്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. ന്യൂനപക്ഷങ്ങളെ അടക്കം ഒപ്പം നിര്‍ത്തി അത് നേടാനാകും. നിരവധി വെല്ലുവിളികള്‍ മുന്നിലുണ്ട്. എന്നാല്‍, അവയെല്ലാം പാര്‍ട്ടിക്ക് മറികടക്കാനാവുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

കേരളത്തില്‍ 21 ലക്ഷം അംഗങ്ങളുള്ള പാര്‍ട്ടിയാണിത്. അവരുടെ കുടുംബങ്ങളെ കൂടി പാര്‍ട്ടിയിലേക്ക് ചേര്‍ത്താല്‍ വലിയ വിജയം നേടാനാവും. കേരളത്തിലെ പല പ്രബല പാര്‍ട്ടികളിലും അനീതിയാണ് നടക്കുന്നത്. രാഷ്ട്രീയം അവസാനിപ്പിക്കാന്‍ പല നേതാക്കളും ആഗ്രഹിക്കുന്നു. നിരവധി പേര്‍ ബി.ജെ.പിയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നു. ചവിട്ടിതാഴ്ത്തപ്പെട്ട പല നേതാക്കളും ബി.െജ.പിയില്‍ എത്തിയാല്‍ അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പാര്‍ട്ടിയില്‍ ഗ്രൂപ്പിസമില്ല. ബി.ജെ.പിക്കും എന്‍.ഡി.എക്കും ഒപ്പം വരാന്‍ ആഗ്രഹിക്കുന്ന നിരവധി പേര്‍ സംസ്ഥാനത്തുണ്ട്. അവരെ ഒരുമിപ്പിക്കാന്‍ ശ്രമിക്കും. 1980ല്‍ പാര്‍ട്ടി സ്ഥാപിതമായത് മുതലുള്ള മുതിര്‍ന്ന നേതാക്കളുടെ ഉപദേശം സ്വീകരിക്കുമെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.

Top