വെറുതെ അക്കൗണ്ട് തുറന്നാല്‍ പോരാ;ചുരിങ്ങിയത് 10 സീറ്റെങ്കിലും ജയിക്കണം.ബിജെപി നേതാക്കള്‍ക്ക് അമിത് ഷായുടെ നിര്‍ദ്ധേശം.

തിരുവനന്തപുരം: കേരളത്തില്‍ ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ സാധിക്കിച്ചിട്ടില്ല ബിജെപിക്ക്. എങ്കിലും എല്ലാത്തവണയും തിരഞ്ഞെടുപ്പ് വരുമ്പോള്‍ ബിജെപിക്ക് വലിയ പ്രതീക്ഷയാണ്. ഇത്തവണയും പതിവു പോലെ ബിജെപിക്ക് കേരളത്തില്‍ വലിയ പ്രതീക്ഷയുണ്ട്. ഇത്തവണ അക്കൗണ്ട് തുറക്കാന്‍ സാധിക്കുമെന്ന് നേതാക്കള്‍ ഉറപ്പിച്ചു പറയുകയും ചെയ്യുന്നു. കേരളത്തില്‍ അധികാരം പിടിക്കുമെന്നാണ് ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറയുന്നത്. എന്നാല്‍, ഇക്കാര്യം നടക്കാത്ത കാര്യമാണെന്ന് നേതക്കള്‍ക്ക് തന്നെ ബോധ്യവുമുണ്ട്. ഇങ്ങനെയൊക്കിയാണ് കാര്യങ്ങളെങ്കിലും ഒരു സീറ്റില്‍ മാത്രം വിജയിച്ച് തടിയെടുക്കാമെന്ന് ബിജെപി സംസ്ഥാന നേതാക്കള്‍ കരുതിയാല്‍ തെറ്റി. ഒരു സീറ്റില്‍ മാത്രം വിജയിച്ചാല്‍ പോരെന്നും ചുരുങ്ങിയത് പത്ത് സീറ്റിലെങ്കിലും വിജയിച്ചു വരണമെന്നാണ് അമിത് ഷായുടെ കര്‍ശന നിര്‍ദ്ദേശം.

പത്ത് സീറ്റുകള്‍ വിജയിക്കാന്‍ വേണ്ട എല്ലാ സഹായവും നല്‍കാന്‍ തയ്യാറാണെന്നാണ് കേന്ദ്രത്തിന്റെ ഉറപ്പ്. മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ സാധിക്കുന്ന സീറ്റുകളില്‍ മാത്രം മത്സരിച്ച് മറ്റ് സീറ്റുകളില്‍ അടവ് നയം സ്വീകരിക്കാനാണ് ബിജെപിയുടെ ഉദ്ദേശ്യം. ലോക്‌സഭാ, തദ്ദേശ തിരഞ്ഞെടുപ്പു മികച്ച പ്രകടനം നടത്തിയ 64 നിയമസഭാ മണ്ഡലങ്ങളെ സംസ്ഥാന നേതൃത്വം തിരഞ്ഞെടുത്തിട്ടുണ്ട്. ഇതില്‍ നാല്‍പ്പതില്‍ ശക്തമായി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കും. 15 സീറ്റുകളില്‍ വിജയിക്കാന്‍ ഏറെ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് ഈ മണ്ഡലങ്ങളില്‍ താഴെത്ട്ടില്‍ പ്രവര്‍ത്തനം ശക്തമാക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രത്യേകിച്ച് തിരുവനന്തപുരത്ത് നാല് സീറ്റ് വരെ വിജയിക്കാന്‍ സാധിക്കുമെന്നും ബിജെപി കരുതുന്നു. സ്ഥാനാര്‍ത്ഥി നിണ്ണയവുമായി ബന്ധപ്പെട്ട് കോര്‍ കമ്മിറ്റി യോഗം ഇന്നു തൃശൂരില്‍ ചേരുന്നുണ്ട്. ഡല്‍ഹിയിലുണ്ടായിരുന്ന സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസും ഇതിനായി മടങ്ങി. കോര്‍ കമ്മിറ്റി അംഗങ്ങളുടെ ജില്ലാതല യാത്ര അടുത്ത ദിവസം ആരംഭിക്കും. ജില്ലയുടെ ചുമതലയുള്ള കോര്‍ കമ്മിറ്റി അംഗവും സംഘടനാ ചുമതലയുള്ള നേതാവും ജില്ലാ പ്രസിഡന്റും ഓരോ നിയോജകമണ്ഡലങ്ങളിലെയും പ്രധാന നേതാക്കളുടെ യോഗം വിളിച്ചു സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച അഭിപ്രായം ആരായും.

പരമാവധി മൂന്നു പേരടങ്ങുന്ന പാനല്‍ തയാറാക്കും. ഇതു വച്ച് ഈ മാസം തന്നെ ആദ്യ സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തിറക്കാനാകുമോ എന്നാണു നേതൃത്വം ആരായുന്നത്. കോര്‍ കമ്മിറ്റിയിലും സംസ്ഥാന നേതൃനിരയിലുമുള്ള ഭൂരിപക്ഷം പേരെയും സ്ഥാനാര്‍ത്ഥികളാക്കാനാണു തീരുമാനം. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും മുന്‍ പ്രസിഡന്റ് വി. മുരളീധരനും തിരുവനന്തപുരം ജില്ലയിലെ സീറ്റുകളില്‍ മല്‍സരിക്കും. നേമത്ത് ഒ. രാജഗോപാലിനെത്തന്നെ എന്ന അഭിപ്രായം ശക്തമാണ്. എന്നാല്‍ മല്‍സരിച്ചാല്‍ ജയിക്കാമെന്ന സാഹചര്യമുണ്ടെങ്കില്‍ സ്ഥാനാര്‍ത്ഥി ആക്കാതിരിക്കുന്നത് അബദ്ധമാണെന്ന വാദവും ശക്തം. രാജഗോപാലിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ നേമം സീറ്റ് ഉറപ്പിക്കാമെന്നും വിലയിരുത്തുന്നു. തിരുവനന്തപുരവും കഴക്കൂട്ടവുമാണ് വിജയസാധ്യതയുള്ള മറ്റ് മണ്ഡലങ്ങള്‍.

പി.കെ. കൃഷ്ണദാസ് (കാട്ടാക്കട), സി.കെ. പത്മനാഭന്‍ (കുന്ദമംഗലം), പി.എസ്. ശ്രീധരന്‍പിള്ള (ചെങ്ങന്നൂര്‍), കെ. സുരേന്ദ്രന്‍ (മഞ്ചേശ്വരം), എ.എന്‍. രാധാകൃഷ്ണന്‍ (കൊടുങ്ങല്ലൂര്‍), ശോഭ സുരേന്ദ്രന്‍ (പാലക്കാട്), കെ.പി. ശ്രീശന്‍ (കാസര്‍കോട്), എം ടി. രമേശ് (ആറന്മുള) തുടങ്ങിയവര്‍ അതതു മണ്ഡലങ്ങളില്‍ ഒരു കൈ നോക്കിയേക്കും. നടന്‍ സുരേഷ് ഗോപിയെ തിരുവനന്തപുരത്തോ ആറന്മുളയിലോ മല്‍സരിപ്പിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ കേന്ദ്രനേതാക്കള്‍ പറഞ്ഞാല്‍ മാത്രമേ സുരേഷ് ഗോപി മത്സരിക്കുകയുള്ളൂ.

ആര്‍എസ്എസ് നേതൃത്വം ഇടപെട്ടു തന്നെയാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടത്തുക. ഇന്ത്യയില്‍ തന്നെ ഏറ്റവും അധികം ആര്‍എസ്എസ് ശാഖകളുള്ള സംസ്ഥാനങ്ങളിലൊന്നായ കേരളത്തില്‍ എന്തുകൊണ്ടു മുന്നേറാന്‍ കഴിയുന്നില്ലെന്ന ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പരിശോധനയാണ് ആര്‍എസ്എസിന്റെ നേരിട്ടുള്ള ഇടപെടലിനു തദ്ദേശ തിരഞ്ഞെടുപ്പ് മുതല്‍ വഴിവച്ചിരിക്കുന്നത്. ഗോവ മാതൃകയാക്കി ക്രിസ്ത്യന്‍ വിഭാഗത്തെ പരമാവധി ഒപ്പം നിര്‍ത്താനും നിര്‍ദേശമുണ്ട്.

ക്രിസ്ത്യന്‍ വിഭാഗക്കാര്‍ പകുതിയോളമുള്ള ഗോവയില്‍ ബിജെപിക്ക് അധികാരത്തില്‍ വരാമെങ്കില്‍ ഇവിടെയും ആകാമെന്നാണ് അനുമാനം. യുഡിഎഫും എല്‍ഡിഎഫും രാഷ്ടീയപ്പാര്‍ട്ടികളെ ആശ്രയിക്കുമ്പോള്‍, ചെറുതും വലുതുമായ ജാതിമത സംഘടനകളുടെയും സാമൂഹിക ഗ്രൂപ്പുകളുടെയും പിന്തുണയാണു ബിജെപി നോട്ടമിടുന്നത്. ഹിന്ദു ഐക്യവേദി നേതാവ് കുമ്മനം രാജശേഖരന്‍ പ്രസിഡന്റായത് ഈ സാധ്യത കൂട്ടുമെന്നാണു പ്രതീക്ഷ. കേന്ദ്രനേതാക്കള്‍ ഇനി തുടര്‍ച്ചയായി കേരളത്തിലെത്തി സ്ഥിതി വിലയിരുത്തും. അടുത്തിടെ കുമ്മനം ക്രൈസ്തവ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നും വിലയിരുത്തുന്നു. അതേസമയം ബിജെഡിഎസിന്റെ നിലപാട് മാറ്റവും ബിജെപിക്ക് തിരിച്ചടിയായിട്ടുണ്ട്.

Top