കന്നുകാലി കശാപ്പ് നിരോധനം: അംഗീകരിക്കില്ലെന്ന് കേരളം; വിദ്വേഷ രാഷ്ട്രീയത്തിന്റെ ഭാഗമെന്ന് മന്ത്രി സുധാകരന്‍; ഇരു കയ്യും നീട്ടി സ്വീകരിക്കുന്നെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍

കണ്ണൂര്‍: രാജ്യത്ത് കന്നുകാലികെളെ കൊല്ലുന്നത് നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം അംഗീകരിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. കന്നുകാലി കശാപ്പ് സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധിയില്‍ പെട്ടതാണ്. നിരോധന വിജ്ഞാപനവുമായി കേന്ദ്രസര്‍ക്കാര്‍ എത്തിയത് കേന്ദ്രസര്‍ക്കാരിന്റെ ആര്‍.എസ്.എസ് അജണ്ട നടപ്പാക്കാനാണെന്ന് കൃഷിമന്ത്രി മന്ത്രി. വി.എസ് സുനില്‍കുമാര്‍ പ്രതികരിച്ചു.

പുതിയ വിജ്ഞാപനം രാജ്യത്തെ പൗരന്‍മാരുടെ ഭക്ഷണ അവകാശത്തിന്‍മേലുള്ള കടന്ന് കയറ്റമാണ്. ഇതിന്റെ നിയമവശങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കണമെന്നും മന്ത്രി പ്രതികരിച്ചു. കേന്ദ്രസര്‍ക്കാരിന്റെ നിഗുഡമായ ഗൂഡാലോചനയുടെ ഫലമാണ് വിജ്ഞാപനം. ഇത് ഒരു തരത്തിലും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ ഈ തീരുമാനം വഴി അനാവശ്യ നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന് രാജ്യത്ത് വിഭജനമുണ്ടാക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് മന്ത്രി ജി. സുധാകരന്‍ പ്രതികരിച്ചു. കശാപ്പ് നിയന്ത്രണമൊന്നും കേന്ദ്രസര്‍ക്കാരിന്റെ ജോലിയല്ല.

ഒറ്റയ്ക്ക് ഭരിക്കാന്‍ ഭൂരിപക്ഷമുള്ള മോദി സര്‍ക്കാര്‍ നല്ല ഭരണം കാഴ്ചവെക്കുന്നതിന് പകരം ജനങ്ങളുടെ അവകാശത്തിന് മേല്‍ കടന്ന് കയറുകയാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ വിജ്ഞാപനം കന്നുകാലികളോടുള്ള സ്‌നേഹം കൊണ്ടല്ല. വിദ്വേഷ രാഷ്ട്രീയം ഉണ്ടാക്കുന്നതിന്റെ ഭാഗമാണ്. ഇത്തരം കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.

എന്നാല്‍ കന്നുകാലികളെ കൊല്ലുന്നത് തടഞ്ഞ് കൊണ്ട് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വിജ്ഞാപനത്തെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

കേരളം പോലുള്ള സംസ്ഥാനത്ത് വലിയ തോതിലാണ് കന്നുകാലികള്‍ പീഡിപ്പിക്കപ്പെടുന്നത്. ഇത് നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞുകഴിഞ്ഞു. പല സംസ്ഥാനങ്ങളിലും വളരെ മുന്നെ ഇത്തരം മൃഗപീഡനങ്ങള്‍ നിരോധിച്ചിട്ടുണ്ട്.

ഗോവധ നിരോധന നിയമം കൊണ്ടുവരിക എന്ന് ബി.ജെ.പി സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നുവെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു.

Top