ദുബായ്: ബോംബ് ഭീഷണിയെന്ന സംശയത്താല്‍ ദുബായ്-ലണ്ടന്‍ വിമാനത്തില്‍നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു ദുബായില്‍നിന്നു ലണ്ടനിലെ ഹീത്രൂവിലേക്കു പോകേണ്ടിയിരുന്ന വിര്‍ജിന്‍ വിഎസ് 401 വിമാനത്തില്‍നിന്ന് യാത്രക്കാരെ അടിയന്തരമായി പുറത്തിറക്കുകയായിരുന്നു.
മാഞ്ചസ്റ്ററില്‍ ഭീകരാക്രമണം ഉണ്ടായ സാഹചര്യത്തില്‍ സുരക്ഷാ കാരണങ്ങളാലാണ് വിമാനത്തില്‍നിന്നു യാത്രക്കാരെ പുറത്തിറക്കി പരിശോധന നടത്തിയതെന്നു വിര്‍ജിന്‍ അധികൃതര്‍ അറിയിച്ചു. എത്രയും പെട്ടെന്നു യാത്ര സുഗമമാക്കുമെന്നും അവര്‍ പറഞ്ഞു.ചൊവ്വാഴ്ച രാവിലെയാണു സംഭവമുണ്ടായത്.
അതേസമയം ഒരു യാത്രക്കാരനു ലഭിച്ച ഹെഡ്‌ഫോണ്‍ പായ്ക്കറ്റിനുള്ളില്‍നിന്നു ബോംബ് ഭീഷണി ലഭിച്ചതിനെ തുടര്‍ന്നാണ് യാത്രക്കാരെ ഒഴിപ്പിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. ലണ്ടനില്‍നിന്നാണ് ഹെഡ്‌ഫോണുകള്‍ പായ്ക്ക് ചെയ്തതെന്നാണു വിവരം.പുറത്തിറക്കിയ യാത്രക്കാരെ വീണ്ടും സുരക്ഷാ പരിശോധനയ്ക്കു വിധേയരാക്കി. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും എത്തി പരിശോധന നടത്തിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. തിരച്ചിലില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും വിമാനം സുരക്ഷിതമാണെന്നും യാത്രക്കാര്‍ ട്വിറ്ററില്‍ കുറിച്ചു.