ക്രൈസ്തവര്‍ പരിപാവന കൂദാശയായി കാണുന്ന കുമ്പസാരത്തെ സ്‌കൂളുകളില്‍ വിതരണം ചെയ്യുന്ന മാസിക അവഹേളിച്ചു എന്ന് ആക്ഷേപം. ‘ഇനി മുതല്‍ ഒരു സ്ത്രീയും കര്‍ത്താവിന്റെ മണവാട്ടിയും ആരുടെ മുന്നിലും കുമ്പസരിക്കരുതെന്ന് സ്‌കൂളുകളില്‍ സംസ്ഥാന ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് വിതരണം ചെയ്യുന്ന വിജ്ഞാന കൈരളി മാസികയുടെ മുഖപ്രസംഗമാണ് ആഹ്വാനം ചെയ്തത്.
നാഷണല്‍ സര്‍വ്വീസ് സ്‌കീം (എന്‍എസ് എസ് ) വൊളന്റിയര്‍മാര്‍ വഴിയാണ് ഈ മാസിക സംസ്ഥാനത്തെ സ്‌കൂളുകളില്‍ വിതരണം ചെയ്തത്. ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചു എന്ന കേസിന്റേയും ഓര്‍ത്തഡോക്‌സ് സഭയുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന കുര്‍ബാന പീഡനത്തിന്റേയും വിവാദത്തിനിടയിലാണ് വിജ്ഞാന കൈരളിയുടെ മുഖപ്രസംഗം. ‘ഇനി മുതല്‍ ഒരു സ്ത്രീയും കര്‍ത്താവിന്റെ മണവാട്ടിയും ആരുടെ മുന്നിലും കുമ്പസരിക്കരുത് .മരിക്കാന്‍ ഞങ്ങള്‍ക്ക് മനസില്ലെന്ന് പാട്ടു പാടിയാല്‍ പോര, കുമ്പസരിക്കാന്‍ ഞങ്ങള്‍ക്ക് മനസില്ലെന്ന് സ്ത്രീ സമൂഹം അലറി വിളിക്കണം’ ഇതാണ് മുഖപ്രസംഗത്തിന്റെ ആഹ്വാനം. എഴുതിയത് സത്യസന്ധമായ കാര്യമാണെന്നാണ് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിലപാട്.
ഭരണഘടനയുടെ മൗലികാവകാശങ്ങളാണ് സമത്വവും സ്ത്രീ പുരുഷ സമത്വവുമെന്നും ശബരിമല വിധിയില്‍ സുപ്രീം കോടതി പറഞ്ഞതും അതാണന്ന്ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വിശദീകരണത്തില്‍ പറയുന്നു.
മാസികയുടെ വിവാദ ലക്കങ്ങള്‍ പിന്‍വലിക്കണമെന്നും ഇത്തരമൊരു മുഖപ്രസംഗം പ്രസിദ്ധീകരിച്ചതിനെ കുറിച്ച് അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇത്തരം പരാമര്‍ശങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ മതസ്പര്‍ധ വളര്‍ത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.