ബന്ധുവീട്ടില്‍ വിവാഹത്തിനുപോയി മടങ്ങവെ സഹോദരിമാരുടെ മക്കള്‍ പുഴയിലെ കയത്തില്‍ മുങ്ങിമരിച്ചു. ചേളന്നൂര്‍ കണ്ടോത്ത്പാറ താഴെ ചുള്ളിയാട്ട് അഷ്‌റഫിെന്റയും സാറാബീവിയുടെയും മകന്‍ അബ്്ദുല്‍ ബാസിത്(7), പടനിലം കൊല്ലരുകണ്ടി മൂസയുടെയും ഹഫ്‌സത്തിന്റെയും മകന്‍ മുഹമ്മദ് മഹ്‌റൂഫ് (8) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച ഉച്ച രണ്ടരയോടെ ഈങ്ങാപ്പുഴക്കടുത്തുള്ള വനം വകുപ്പിന്റെ കാക്കവയല്‍ ജൈവവൈവിധ്യ പാര്‍ക്കിലെ ചെറിയപുഴയിലെ കയത്തിലാണ് അപകടമുണ്ടായത്. വേനക്കാവുള്ള ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്തശേഷം അഷ്‌റഫ് തന്റെ രണ്ടു മക്കളെയും ഭാര്യാ സഹോദരിയുടെ മകന്‍ മഹ്‌റൂഫിനെയുംകൂട്ടി വനപര്‍വം പാര്‍ക്ക് സന്ദര്‍ശിക്കാനെത്തിയതായിരുന്നു. വേനലായതിനാല്‍ പുഴയില്‍ നീരൊഴുക്കുണ്ടായിരുന്നില്ല. പാറയില്‍ നില്‍ക്കുമ്പോള്‍ ഒരു കുട്ടി വെള്ളത്തില്‍ വീഴുകയും അഷ്‌റഫ് രക്ഷിക്കാനിറങ്ങിയപ്പോള്‍ പിന്നാലെ മറ്റൊരു കുട്ടികൂടി വെള്ളത്തില്‍ വീഴുകയുമായിരുന്നു.
നീന്തലറിയാത്ത അഷ്‌റഫിനെ തൊട്ടടുത്തു തുണിയലക്കി കൊണ്ടിരുന്ന രണ്ട് സ്ത്രീകള്‍ മുണ്ടിട്ട് രക്ഷപ്പെടുത്തുകയായിരുന്നു. എന്നാല്‍, കുട്ടികള്‍ വെള്ളത്തിനടിയിലേക്ക് താഴ്ന്നുപോയതിനാല്‍ ഇവര്‍ക്ക് രക്ഷിക്കാനായില്ല. വിവരമറിഞ്ഞെത്തിയ സ്ഥലവാസികള്‍ കുട്ടികളെ പുറത്തെടുത്ത് താമരശ്ശേരി താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ചൂലാംവയല്‍ മാക്കൂട്ടം എ.യു.പി. സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് മുഹമ്മദ് മഹ്‌റൂഫ്.