രണ്ടാമൂഴത്തിനായി ആയിരം കോടി മുടക്കുന്ന വ്യവസായിയെ പരിചയപ്പെടാം; മലയാളത്തെ സ്‌നേഹിക്കുന്ന പ്രവാസി; അറ്റ്‌ലസ്സ് രാമചന്ദ്രനെ സഹായിക്കാനെത്തിയ മനുഷ്യസ്‌നേഹി

കണ്ണൂര്‍: മലയാള സനിമയുടെ തന്നെ സ്വപ്‌ന പദ്ധതിയായി മാറുന്ന എംടിയുടെ രണ്ടാമൂഴത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് എങ്ങും. ആയിരം കോടിയില്‍ ഒരുങ്ങുന്നു എന്ന് നടന്‍ മോഹന്‍ലാല്‍ തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞ ഈ ബ്രഹ്മാണ്ഡ പദ്ധതിയിലേയ്ക്ക് പണം മുടക്കുന്നത് ആരാണെന്നരിയാമോ? കേരളീയരെയും മലയാളികളെയും സ്‌നേഹിക്കുന്ന കേരളത്തോട് ഒട്ടി നില്‍ക്കുന്ന ഉഡുപ്പിയില്‍ നിന്നുള്ള ആ പ്രവാസി വ്യവസായിയെ പരിചയപ്പെടാം.

ബി.ആര്‍ ഷെട്ടി, അതാണ് പേര്. ഭവഗുതു രഘുറാം ഷെട്ടിയെന്നാണ് യഥാര്‍ത്ഥ പേര്. അല്‍പ്പം പോലും ആശങ്കയില്ലാതെ തന്റെ ഖജനാവ് തുറന്നു തരുന്ന മലയാളത്തെ സ്‌നേഹിക്കുന്ന കന്നടക്കാരനായ പ്രവാസി വ്യവസായി. ശംഭു ഷെട്ടിയുടെയും കൊസമ്മ ഷെട്ടിയുടെയും മകന്‍ പഠിച്ചത് ഫാര്‍മസി കോഴ്‌സ്. ജീവിത മാര്‍ഗ്ഗം തേടി ഗള്‍ഫിലേക്ക് പറക്കുംമുമ്പ് രാഷ്ട്രീയത്തിലും ഒരു കൈ നോക്കിയിരുന്നു. ഉഡുപ്പി മുനിസിപ്പല്‍ വൈസ് ചെയര്‍മാനായി ജനസേവനം. അതു കഴിഞ്ഞാണ് 1973ല്‍ ഗള്‍ഫിലേക്ക് പറന്നത്. ഫാര്‍മസിസ്റ്റായി അവിടെ ജോലിയില്‍ പ്രവേശിച്ച ഷെട്ടിയുടെ സ്വപ്നങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണായിരുന്നു യു. എ. ഇ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

1975ല്‍ ന്യൂ മെഡിക്കല്‍ സെന്റര്‍ (എന്‍. എം. സി) തുടങ്ങിയതോടെ വലിയൊരു ബിസിനസ് സാമ്രാജത്തിന് വിത്തുപാവുകയായിരുന്നു. ദന്തരോഗങ്ങള്‍ക്കായി ന്യൂ മെഡിക്കല്‍ സെന്റര്‍’ എന്ന പേരില്‍ അദ്ദേഹം ആരംഭിച്ച ക്‌ളിനിക്ക് പിന്നീട് ലോകമറിയപ്പെടുന്ന എന്‍.എം.സി ഹോസ്പിറ്റല്‍ ഗ്രൂപ്പായി വളരുകയായിരുന്നു. ഗ്രൂപ്പിന്റെ ജോയിന്റ് നോണ്‍എക്‌സിക്യൂട്ടീവ് ചെയര്‍മാനാണ് ഇപ്പോള്‍ ബി.ആര്‍ ഷെട്ടി. ഒരു വര്‍ഷം ഇരുപതു ലക്ഷത്തോളം രോഗികള്‍ ഇന്ന് എന്‍.എം.സിയെ ആശ്രയിക്കുന്നതായാണ് യു.എ.ഇയിലെ കണക്കുകള്‍.മറ്റുരാജ്യങ്ങളിലേക്കുള്ള പണമിടപാട് നടത്തുന്ന യു. എ. ഇ എക്‌സ് ചേഞ്ചിന്റെ തുടക്കം ഗള്‍ഫില്‍ നിന്ന് ഇന്ത്യക്കാര്‍ക്ക് നാട്ടിലേക്ക് പണം അയയ്ക്കാന്‍ വേണ്ടിയായിരുന്നുവെങ്കിലും ഇന്ന് അത് മുപ്പതു രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുകയും പണമിടപാടുകള്‍ നടത്തുകയും ചെയ്യുന്നു.

മൂന്നു ബില്യണ്‍ ഡോളറിന്റെ ആസ്ഥിയുള്ള അദ്ദേഹത്തിന് ആയിരം കോടി രൂപ സിനിമയ്ക്കുവേണ്ടി മാറ്റിവയ്ക്കാന്‍ യാതൊരു ബുദ്ധിമുട്ടും ഇല്ല. ഇന്ത്യയില്‍ 2009ലെ പദ്മശ്രീ പുരസ്‌കാരത്തിനടക്കം അര്‍ഹനായ ഷെട്ടി 2015, 16 വര്‍ഷങ്ങളില്‍ ഇന്ത്യക്കാരില്‍ ഏറ്റവും ധനികരായ 100 പേരുടെ പട്ടികയില്‍ ഇടംപിടിച്ചിരുന്നു.

ആശുപത്രി സേവന രംഗത്ത് നിന്ന് മരുന്ന് ഉത്പാദന രംഗത്തേക്കും കടന്ന ഷെട്ടി ഇപ്പോള്‍ ഐ.ടി മേഖലയിലും കൊയ്ത്തു നടത്തുകയാണ്. മദ്യ ഹോട്ടല്‍ വ്യവസായ രംഗത്തും അദ്ദേഹം അതികായനാണ്. മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പേരാണ് അദ്ദേഹത്തിന് കീഴില്‍ ജോലി ചെയ്യുന്നത്. ഡോ. ഷെട്ടി യു.എ.ഇയിലെ ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ അസോസിയേഷന്‍ സ്ഥാപകനും രക്ഷാധികാരിയുമാണ്. ദുബായ് സാമ്പത്തിക വിഭാഗത്തിന്റെ ഫൈനാന്‍ഷ്യല്‍ സെക്ടര്‍ ഉപദേശകസമിതി അംഗം, അബുദാബി ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍, സ്വിസ്, ആസ്‌ട്രേലിയ, കനേഡിയന്‍, ഫിലിപ്പൈന്‍സ് ബിസിനസ് കൗണ്‍സില്‍ സ്ഥാപകന്‍, ദുബായ് ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ കീഴിലുള്ള ഫാര്‍മസ്യൂട്ടിക്കല്‍ ട്രേഡിംഗ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് പാനല്‍ അംഗം എന്നിങ്ങനെയൊക്കെ അദ്ദേഹം പ്രവര്‍ത്തിച്ചുവരികയാണ്. ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന അദ്ദേഹം അബുദായി ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്. ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ട ഇറാക്കില്‍ കുടുങ്ങിപ്പോയ മലയാളി നഴ്‌സുമാര്‍ക്ക് ഇന്ത്യയിലും വിദേശത്തുമുള്ള തന്റെ സ്ഥാപനങ്ങളില്‍ അദ്ദേഹം ജോലി വാഗ്ദാനം ചെയ്തു രംഗത്തെത്തിയിരുന്നു. കട ബാദ്ധ്യത കാരണം ജയിലിലായ പ്രവാസി വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്റെ ഉടമസ്ഥതയിലുള്ള ഒമാനിലെ ആശുപത്രി ഏറ്റെടുക്കാന്‍ ഷെട്ടി തയ്യാറായതും വാര്‍ത്തയായിരുന്നു. തിരുവനന്തപുരത്തെ എസ്.യു.ടി ആശുപത്രിയിലടക്കം അദ്ദേഹത്തിന് ഉടമസ്ഥാവകാശമുണ്ട്.

ഈ എഴുപത്തിനാലുകാരന് മോഹന്‍ലാല്‍ നായകനാകുന്ന സിനിമയെക്കുറിച്ച് ഒട്ടേറെ പ്രതീക്ഷകളുമുണ്ട്. എല്ലാ ഇതിഹാസങ്ങളുടെയും ഇതിഹാസമായ മഹാഭാരതം വിസ്മയിപ്പിക്കുകയും ജീവിതത്തെ കുറിച്ച് ഉള്‍ക്കാഴ്ച നല്‍കുകയും ചെയ്യുന്നതാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇന്ത്യയുടെ കാവ്യേതിഹാസം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനുള്ള അവസരമാണ് സിനിമയിലൂടെ ലഭിക്കുന്നതെന്നായിരുന്നു ഷെട്ടിയുടെ പ്രതികരണം. സി. ആര്‍. ഷെട്ടിയാണ് അദ്ദേഹത്തിന്റെ ഭാര്യ. നീമ ഷെട്ടി, സീമ ഷെട്ടി, റീമ ഷെട്ടി, ബിനയ് ഷെട്ടി എന്നിവര്‍ മക്കള്‍.

Top