കൊച്ചി: കേരളം ഞെട്ടുന്ന വാർത്തയാണ് പുറത്ത് വരുന്നത് . നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ജില്ലാ സെഷന്‍സ് കോടതിയിൽ നിന്നും ചോർന്നതായി സൂചന. എറണാകുളം ജില്ലാ സെഷൻസ് കോടതിയിൽ നിന്നാണ് ദൃശ്യങ്ങൾ ചോർന്നതെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇത് സംബന്ധിച്ച വിവരങ്ങൾ രഹസ്യാന്വേഷണ വിഭാഗം കൈമാറിയെന്നും വിവരമുണ്ട്. കോടതിയിലേക്ക് ദൃശ്യങ്ങളെത്തിച്ച സമയത്തിന് മുന്‍പ് വീഡിയോ ഫയലില്‍ ചില സാങ്കേതിക മാറ്റങ്ങള്‍ സംഭവിച്ചുവെന്നാണ് വിവരം. പെന്‍ഡ്രൈവിലെ ഹാഷ് വാല്യൂ മാറിയെന്നും സൂചനയുണ്ട്. സ്വകാര്യതയെ ഹനിക്കുന്ന ഗുരുതര സുരക്ഷാ പിഴവാണ് ഉണ്ടായിരിക്കുന്നത് എന്നും റിപ്പോർട്ടർ ചാനൽ പുറത്ത് വിട്ട വാർത്തയിൽ പറയുന്നു.
അതേസമയം ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വീണ്ടും മാറ്റി.ഇന്ന് രണ്ടു മണിക്കൂറോളം നീണ്ട വാദങ്ങളാണ് ദിലീപിന് വേണ്ടി ഹാജരായ രാമൻ പിള്ള നടത്തിയത്. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വധ ഗൂഢാലോചന നടത്തിയിട്ടില്ലെന്ന വാദത്തിൽ ഉറച്ച് നിൽക്കുകയാണ് ദിലീപ്. നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥർ യോഗം ചേർന്നാണ് തനിക്കെതിരെ കേസെടുത്തത്. വീഡിയോ പ്ലേ ചെയ്ത് ‘നിങ്ങൾ അനുഭവിക്കും’ എന്നു പറഞ്ഞത് ഗൂഢാലോചനയല്ലെന്ന് ദിലീപ് വാദിച്ചു. കേസുമായി ബന്ധപ്പെട്ട 161 മൊഴികൾ വിശ്വാസത്തിലെടുക്കരുതെന്നും ദിലീപ് കോടതിയിൽ ആവശ്യപ്പെട്ടു.
ഒരു കത്തിന്റെ മാത്രം അടിസ്ഥാനത്തിൽ എഡിജിപി എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ വൈരാഗ്യം കാരണം കെട്ടിച്ചമച്ചതാണ് കേസെന്നും ദിലീപ് വാദിച്ചു. ബാലചന്ദ്രകുമാർ പറയാത്ത പല കാര്യങ്ങളും എഫ്‌ഐആറിൽ കൂട്ടിച്ചേർത്തിട്ടുണ്ടെന്നും ദിലീപ് പറഞ്ഞു. മാത്രമല്ല, സംഭാഷണം റെക്കോർഡ് ചെയ്‌തെന്ന് പറയുന്ന ടാബ് ബാലചന്ദ്രകുമാർ ഇതുവരെ ഹാജരാക്കിയിട്ടില്ല. ടാബ് പ്രവർത്തിക്കുന്നില്ലെന്നും വിവരങ്ങൾ ലാപ് ടോപ്പിലേക്ക് മാറ്റിയെന്നുമാണ് ബാലചന്ദ്രകുമാർ ഇപ്പോൾ പറയുന്നത്. ഒടുവിൽ പൊലീസിന് കൈമാറിയ പെൻ ഡ്രൈവിൽ ഉള്ളത് മുറി സംഭാഷണങ്ങൾ മാത്രമാണെന്നും സംഭാഷണങ്ങളിൽ ഭൂരിഭാഗവും മുറിച്ചുമാറ്റിയാണ് കൈമാറിയിരിക്കുന്നതെന്നും ദിലീപ് വാദിച്ചു.
നടിയെ ആക്രമിച്ച കേസിലെ തെളിവുകൾ പോരാ എന്ന് കണ്ടാണ് പൊലീസ് തനിക്കെതിരെ പുതിയ കേസെടുത്തതെന്നും ദിലീപ് പറഞ്ഞു. പല കാര്യങ്ങൾ പറഞ്ഞതിൽ നിന്നും അടർത്തിയെടുത്ത സംഭാഷണം മാത്രം കൊണ്ട് ഗൂഢാലോചന കുറ്റം നിലനിൽക്കില്ല. കെട്ടിച്ചമച്ച തെളിവുകളാണ് തനിക്ക് നേരെ ഉയർത്തിയിട്ടുള്ളത്. വീട്ടിലിരുന്ന് സഹോദരനോടും സഹോദരീ ഭർത്താവിനോടും പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ ഗൂഢാലോചനാ കേസ് എടുത്തിരിക്കുന്നത്. ഇതെങ്ങനെ ഗൂഢാലോചനയാവുമെന്ന് ദിലീപ് ചോദിച്ചു.
നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ താൻ കണ്ടു എന്ന വാദം തെറ്റാണ്. ഭാര്യയും അമ്മയും ഉള്ളപ്പോൾ വീട്ടിലിരുന്ന് ദൃശ്യങ്ങൾ കണ്ടു എന്നത് വസ്തുതാ വിരുദ്ധം. ഇതിന് പിന്നിൽ ബാലചന്ദ്രകുമാറിന്റെ തിരക്കഥയാണ്. ബാലചന്ദ്രകുമാറിന്റെ ഭാവനയിൽ വിരിഞ്ഞ കാര്യങ്ങളാണ് തനിക്കെതിരെ ഉയർന്നിരിക്കുന്നത്. തന്നെ ഇരുമ്പഴിക്കുള്ളിലാക്കുക ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് നടക്കുന്നത്. ആലുവ സ്റ്റേഷൻ പരിധിയിൽ നടന്നെന്ന് പറയുന്ന ഗൂഢാലോചന അന്വേഷിക്കാൻ എന്തിനാണ് ക്രൈംബ്രാഞ്ചെന്നും ദിലീപ് ചോദിച്ചു.
കേസിൽ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് നാളെത്തേക്ക് മാറ്റി. നാളെ ഉച്ച 1.45ലേക്കാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. പ്രോസിക്യൂഷൻ വാദങ്ങൾ നാളെ നടക്കും.വാദങ്ങൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് ഇരുഭാഗത്തോടും ഹൈക്കോടതി ആവശ്യപ്പെട്ടു. കേസ് ഇങ്ങനെ നീട്ടി കൊണ്ടുപോകാൻ കഴിയില്ലെന്നും നാളെയെങ്കിലും തീരുമാനമെടുക്കണമെന്നും കോടതി നിർദേശിച്ചു.