സഹോദരന്റെ കല്യാണത്തില്‍ പങ്കെടുക്കാന്‍ മോഷ്ടിച്ച കാറുമായെത്തിയ യുവതിയെ പോലീസ് അറസ്റ്റു ചെയ്തു.ഡല്‍ഹിയിലാണ് സംഭവം. ഡെറാഡൂണില്‍ ടാക്സി ഡ്രൈവറായ സുബാം ശര്‍മ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സപ്ന എന്ന യുവതിയെയും വംശ് വര്‍മ എന്ന യുവാവിനെയും ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഡെറാഡൂണില്‍ നിന്ന് ഡല്‍ഹിയിലേക്കും തിരിച്ചും ടാക്സി ബുക്ക് ചെയ്ത ശേഷം യാത്രക്കിടെ ഡ്രൈവറെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി ഇവര്‍ കാറുമായി കടന്നു കളയുകയായിരുന്നു. ബന്ധുക്കളുമായി അത്ര രസത്തിലല്ലാതിരുന്നതിനാല്‍ അവരില്‍ മതിപ്പുളവാക്കാന്‍ മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയുണ്ടെന്ന് വരുത്തിത്തീര്‍ക്കാനാണ് കാര്‍ മോഷ്ടിച്ചത്.
സഹോദരന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ കാറുമായി പോയി മടങ്ങിയെത്തിയ ശേഷം രഘുബീര്‍ നഗറിനു സമീപം ഇവര്‍ കാര്‍ ഉപേക്ഷിക്കുകയും ചെയ്തു. തുടര്‍ന്ന് കാറില്‍ ഘടിപ്പിച്ച ജിപിഎസ് ഉപകരണത്തിന്റെ സഹായത്തോടെ പൊലീസ് കാര്‍ കണ്ടെത്തുകയായിരുന്നു. നമ്പര്‍ പ്ലേറ്റ് മാറ്റിയാണ് കാര്‍ ഉപയോഗിച്ചത്. 2009 ല്‍ വിവാഹിതയായ സപ്ന ഭര്‍ത്താവുമായി പിണങ്ങി വംശിനൊപ്പം ഡല്‍ഹിയില്‍ താമസിച്ചു വരികയായിരുന്നു. ഇവരെ സഹായിച്ച മറ്റു രണ്ടു പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.