തിരുവനന്തപുരം:ശബരിമലയില്‍ ആചാരലംഘനത്തിന് ശ്രമിച്ച രഹ്ന ഫാത്തിമയെ ബിഎസ്എന്‍എല്‍ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രവുമായി ബന്ധപ്പെട്ടും ശബരിമലയില്‍ പ്രവേശിക്കുന്നതിനായി നടത്തിയ ശ്രമത്തിന്റെ പശ്ചാത്തലത്തിലും ഇവര്‍ക്കെതിരെ ബി.എസ്.എന്‍.എല്‍ ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു. കഴിഞ്ഞ 18 മാസമായി സസ്‌പെന്‍ഷനിലായിരുന്നു ഇവര്‍. തുടര്‍ നടപടിയായാണ് പിരിച്ചുവിടല്‍ ഉണ്ടായിരിക്കുന്നത്.നിർബന്ധിത വിരമിക്കലിന് ബി.എസ്.എൻ.എൽ നിർദ്ദേശം നൽകിയെന്ന ആരോപണവുമായി രഹ്ന ഫാത്തിമ തന്നെയാണ് രംഗത്തെത്തിയത്.
അച്ചടക്ക സമിതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. രഹ്ന ഫാത്തിമ മതവികാരം വ്രണപ്പെടുത്തിയെന്നും സര്‍വീസ് ചട്ടം ലംഘിച്ചെന്നും സമിതി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. രഹ്ന ഫാത്തിമയുടെ പ്രവൃത്തികള്‍ ബി.എസ്.എന്‍.എല്ലിന്റെ അന്തസിനേയും വരുമാനത്തേയും ബാധിച്ചുവെന്നാണ് പിരിച്ചുവിടല്‍ ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. അതേസമയം പിരിച്ചുവിടലിന് പിന്നിലെ കാരണം എന്തെന്ന് ബി.എസ്.എന്‍.എല്‍ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.
സുപ്രീം കോടതിയുടെ സ്ത്രീപ്രവേശന വിധിയുമായി ബന്ധപ്പെട്ട് ശബരിമലയില്‍ പോയതിന്റെ പ്രതികാര നടപടിയായാണ് പിരിച്ചുവിടല്‍ എന്ന് രഹ്ന ഫാത്തിമ പ്രതികരിച്ചു. നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും അവര്‍ പറഞ്ഞു. മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായതിന് പിന്നാലെ 2018 ലായിരുന്നു രഹ്ന ഫാത്തിമയെ ബി.എസ്.എന്‍.എല്‍ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.ബി.എസ്.എന്‍.എല്ലില്‍ ടെലികോം ടെക്‌നീഷ്യനായിരുന്നു രഹ്ന ഫാത്തിമ. ശബരിമല ദര്‍ശനത്തിന് എത്തിയ സംഭവം വിവാദമായതിന് പിന്നാലെ ഇവരെ രവിപുരം ബ്രാഞ്ചില്‍ നിന്ന് പാലാരിവട്ടം ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു.
മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തി എന്ന പരാതിയിൽ രഹ്ന ഫാത്തിമ അറസ്റ്റിലായിരുന്നു. ഇതേ തുടർന്ന് നിരവധി പരാതികൾ ഇവരെക്കുറിച്ച് ബിഎസ്എൻഎല്ലിന് ലഭിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പിരിച്ചുവിടൽ. അതേസമയം പിരിച്ചുവിടലിനെതിരെ നിയമ പോരാട്ടം നടത്തുമെന്നാണ് രഹ്ന ഫാത്തിമ അറിയിച്ചിരിക്കുന്നത്.
2018ൽ തുലാമാസ പൂജയ്ക്കായി നടതുറന്നപ്പോൾ ആന്ധ്രയിൽ നിന്നുള്ള മാധ്യമപ്രവർത്തകയ്ക്കൊപ്പം മലകയറാൻ രഹ്ന ഫാത്തിമയും എത്തിയിരുന്നു. പൊലീസ് ഇവർക്ക് സംരക്ഷണമൊരുക്കിയിരുന്നെങ്കിലും പതിനെട്ടാംപടിക്കു മുന്നിലെ നടപ്പന്തലിൽ ഭക്തർ ഇവരെ തടഞ്ഞു. ഭക്തരുടെ പ്രതിഷേധം ശക്തമായപ്പോൾ പതിനെട്ടാംപടി കയറാതെ ഇരുവരും മടങ്ങിയിരുന്നു.
ശബരിമലയിൽ എത്തുന്നതിന് മുമ്പ് തത്വമസി എന്ന കുറിപ്പിനൊപ്പം സഭ്യമല്ലാത്ത രീതിയിലിരിക്കുന്ന ചിത്രമാണ് രഹ്ന സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത. കറുപ്പുടുത്ത് മാലയിട്ട ശേഷമാണ് രഹ്ന അത്തരത്തിലൊരു ചിത്രം പങ്കുവച്ചത്. മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ രഹ്ന സമൂഹമാധ്യമങ്ങളിൽ ചിത്രം പങ്കുവച്ചുവെന്ന് കാണിച്ച് ബിജെപി നേതാവ് ആർ. രാധാകൃഷ്ണ മേനോൻ പത്തനംതിട്ട പൊലീസിന് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രഹ്ന അറസ്റ്റിലായത്. ഇതിന്റെ ഭാഗമായുള്ള കേസ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഇപ്പോൾ പിരിച്ചു വിടൽ നടപടിയും വന്നിരിക്കുന്നത്. 2014-ൽ മറൈൻ ഡ്രൈവിൽ നടന്ന കിസ് ഓഫ് ലൗ ക്യാമ്പെയ്‌നിൽ അടക്കം സജീവമായ പങ്കാളിയായ വ്യക്തിയാണ് രഹ്ന ഫാത്തിമ. അയ്യന്തോൾ പുലികളി സംഘത്തിൽ പുരുഷന്മാരോടൊപ്പം പുലികളിയിൽ പങ്കെടുത്തും ഇവർ മുമ്പ് മാധ്യമശ്രദ്ധ നേടിയിരുന്നു.
പിരിച്ചുവിടലെ കുറിച്ച് രഹ്ന ഫാത്തിമയു ഫേസ്‌ബുക്ക് പോസ്റ്റ്:
#ഇന്ത്യയിലെ_പൗരന്റെ_ആവിഷ്കാര_സ്വാതന്ത്ര്യവും_ആരാധന_സ്വാതന്ത്ര്യവും_എന്റെ_BSNL_ജോലിയും
പതിനെട്ടാം പടി കയറാൻ ശ്രമിച്ചതിന്, 18 ദിവസത്തെ ജയിൽവാസത്തിനും 18 മാസത്തെ സസ്പെൻഷനും ഒടുവിൽ, എന്റെ ശബരിമല കയറ്റം കാരണം ബിഎസ്എൻഎല്ലിന്റെ ‘സൽപ്പേരും’ വരുമാനവും കുറഞ്ഞു എന്നും, മലക്ക് പോകാൻ മാലയിട്ട് ‘തത്വമസി’ എന്ന് എഴുതിയിട്ട ഫേസ്ബുക് പോസ്റ്റിൽ എന്റെ തുട കണ്ടത് അശ്ലീലമാണ് എന്നും, ചില കസ്റ്റമേഴ്സിന്റെ മതവികാരം വ്രണപ്പെട്ടു എന്നും ആളിക്കത്തിച്ചു എന്നുമെല്ലാമാണ് BSNL സംഘി ഡിസ്പ്ലിനറി അതോറിറ്റി കണ്ടെത്തിയിരിക്കുന്നത്
(കൊറോണ വന്നത് ഞാൻ കാരണമാണ് എന്ന് എന്തോ കണ്ടെത്തിയില്ല, മറന്നുപോയതാകും?)
അതിനാൽ ഒന്നര വർഷമായിട്ടും എന്റെ പേരിൽ കുറ്റം കണ്ടെത്തുകയോ കുറ്റപത്രം സമർപ്പിക്കുകയോ ശിക്ഷിക്കുകയോ ചെയ്യാത്ത രാഷ്ട്രീയ പ്രേരിത ‘ശബരിമല’ കേസിന്റെ പേരിൽ, സുപ്രീംകോടതി വിധി അനുസരിച്ചു എന്ന തെറ്റിന്, ഇപ്പോൾ ജോലിയിൽ നിന്നും “compulsory retirement” ചെയ്യാൻ BSNL എറണാകുളം DGM ഇമ്മീഡിയറ്റ് എഫെക്റ്റിൽ ഓഡർ ഇട്ടിരിക്കുകയാണ് സുഹൃത്തുക്കളെ ഓർഡർ ഇട്ടിരിക്കുകയാണ് ?
വിഷയം കത്തിനിന്ന ആ സമയത്ത് തന്നെ 15വർഷ സർവീസും 2തവണ ബെസ്റ്റ് പെർഫോമൻസ് അവാർഡും ഉള്ള എന്നെ gvt. ജോലിയിൽ നിന്ന് പിരിച്ചു വിട്ടാൽ, അനീതിക്കെതിരെ ജനരോക്ഷം ഉണ്ടാവും എന്ന് ഭയന്നാണ് ഒന്നരവർഷം നടപടികൾ നീട്ടിക്കൊണ്ടുപോയി എന്റെ ജൂനിയർ എൻജിനിയർ ആയുള്ള റിസൾട്ടും പ്രമോഷനും തടഞ്ഞുവച്ചു, ആളുകൾ ഈ വിഷയം മറന്നു തുടങ്ങുന്ന അവസരത്തിൽ ഇപ്പോൾ ഇങ്ങനെ ഒരു തീരുമാനം ഉണ്ടായിട്ടുള്ളത്. ഞാൻ പ്രവർത്തിച്ച എംപ്ലോയീസ് യൂണിയൻ പോലും ഈ വിഷയത്തിൽ പ്രതികരിക്കാൻ ഭയന്ന് മൗനം പാലിക്കുന്നു. ശമ്പളം കൂട്ടാൻ മാത്രം ഇടക്ക് ചെറുതായി ശബ്ദം ഉയർത്തും.
കൂടാതെ കമ്പനി നഷ്ടത്തിലാണെന്ന് കാണിച്ച് ഒരുപാട് പേർക്ക് നിർബന്ധിത വളണ്ടിയർ റിട്ടയർമെന്റ് കൊടുത്തും പ്രതികരിക്കുന്നവരെ ഒതുക്കിയും ബിഎസ്എൻഎൽ നഷ്ടകാരണം തൊഴിലാളികളുടെ മേലേക്ക് ചാർത്തിയും കമ്പനിയും ലയബിറ്റീസും എല്ലാം സ്വകാര്യമേഖലയ്ക്ക് അടിയറ വയ്ക്കാൻ ഒരുങ്ങുകയാണ്. 15വർഷത്തേക്ക് നിലവിൽ ജിയോയും ആയി ചോദ്യം ചെയ്യപ്പെടാത്ത കരാർ ഉണ്ടാക്കിയിട്ടുണ്ട്.
ഇത്രയും നാളും പ്രതികരിക്കാത്ത, തങ്ങളെ നേരിട്ട് ബാധിക്കുന്ന വരെയും പ്രതികരിക്കാതിരിക്കുന്ന, നിങ്ങൾ എല്ലാവരും എന്റെ വിഷയത്തിൽപ്രതികരിക്കും എന്ന് വിചാരിച്ചല്ല ഞാൻ ഇതിവിടെ എഴുതുന്നത്. ഇതാണ് ഇപ്പോൾ നമ്മുടെ നാട്ടിൽ നടക്കുന്നത് എന്ന് അറിയിച്ചു എന്നു മാത്രം.
Bsnl ഓഹരി jio യും ജിയോ യുടെ ഓഹരി ഫെയിസ് ബുക്കും വാങ്ങിയ സ്ഥിതിക്ക് ഇനി എന്നെ ഫെയിസ്ബുക്കീന്നും പിരിച്ചു വിടുമോ എന്റെ അയ്യപ്പാ…? ?
അങ്ങനെ കിട്ടിയതും വാങ്ങി പിരിഞ്ഞു പോകാൻ ഉദ്ദേശിക്കുന്നില്ല, അപ്പോൾ ഞാൻ എന്റെ വഴിക്കും നിയമം നിയമത്തിന്റെ വഴിക്കും ♥️