കണ്ണൂര്‍: ചലച്ചിത്ര സംവിധായകൻ മേജർ രവിയും മുൻ ഡിസിസി ജനറൽ സെക്രട്ടറി സി രഘുനാഥും ബിജെപിയിൽ ചേർന്നു. ഇരുവരും ഡൽഹിയിൽ പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയെ സന്ദർശിച്ചു. രണ്ടു പേർക്കും നഡ്ഡ ആശംസകൾ നേർന്നു. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ഒപ്പമുണ്ടായിരുന്നു. നിരവധി പ്രമുഖ വ്യക്തികൾ വരും ദിവസങ്ങളിൽ പാർട്ടിയിൽ ചേരാൻ സന്നദ്ധരാവുമെന്ന് ഇവർ അറിയിച്ചു.
കുരുക്ഷേത്ര, കീർത്തിചക്ര, കർമയോദ്ധ, കാണ്ഡഹാർ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും നിരവധി സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് മേജർ രവി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ധർമടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിച്ച യുഡിഎഫ് സ്ഥാനാർത്ഥിയാണ് സി രഘുനാഥ്. കോൺഗ്രസ് വിടുന്നതായി വ്യക്തമാക്കി ഈ മാസമാദ്യം രഘുനാഥ് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു.
സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റേയും കണ്ണൂർ ജില്ലാ അധ്യക്ഷൻ എൻ ഹരിയുടേയും സാന്നിധ്യത്തിലാണ് അംഗത്വം നൽകിയത്. ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു സി രഘുനാഥ്.
കോൺഗ്രസിൽ നിന്ന് തെറ്റിയ രഘുനാഥ് അംഗത്വം രാജി വെച്ചിരുന്നു. കെ സുധാകരനെതിരെയടക്കം ആഞ്ഞടിച്ചാണ് രഘുനാഥ് കോൺഗ്രസിൽ നിന്ന് രാജിവച്ചത്. ഏറെ കാലമായി പാർട്ടി തന്നെ അവഗണിക്കുന്നുവെന്നായിരുന്നു സി രഘുനാഥിന്റെ ആരോപണം. നേതൃത്വത്തിന്റെ അവഗണനയിൽ മനംമടുത്താണ് പാർട്ടിയിൽ നിന്ന് രാജിവയ്ക്കുന്നതെന്നും അന്ന് രഘുനാഥ് പറഞ്ഞിരുന്നു.