രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ പൗരത്വ നിയമം ചോദ്യം ചെയ്തിട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. മുസ്ലീം ലീഗിൻ്റെ ഹർജിയായിരിക്കും പ്രധാനമായും ഇന്ന് വാദം കേൾക്കുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് അറുപതോളം ഹര്‍ജികളാണ് സുപ്രീം കോടതിയുടെ മുന്‍പിലേക്ക് എത്തുന്നത്. ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്‌ഡെയുടെ അധ്യക്ഷതയില്‍ ജസ്റ്റീസുമാരായ ബി.ആര്‍.ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസുകള്‍ പരിഗണിക്കുന്നത്.
കോണ്‍ഗ്രസ്, സിപിഎം തുടങ്ങിയ പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജികള്‍ ലിസ്റ്റില്‍ ഇല്ലെങ്കിലും അഭിഭാഷകര്‍ കോടതിയില്‍ ഇക്കാര്യം പരാമര്‍ശിക്കും. ഹര്‍ജ്ജിക്കാര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാകും വാദങ്ങള്‍ നയിക്കുക. ഹര്‍ജികളില്‍ വാദം കേള്‍ക്കാനാണ് സുപ്രീം കോടതി തീരുമാനിക്കുന്നതെങ്കില്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസയച്ച ശേഷമാകും തുടര്‍നടപടികള്‍ ഉണ്ടാകുക. നിയമം സ്റ്റേ ചെയ്തതിന് ശേഷം തുടർ വാദം കേൾക്കണമെന്നാണ് കപിൽ സിബൽ വാദിക്കുക.
മുസ്ലീങ്ങളെ ഈ നിയമത്തിൻ്റെ പരിധിയിൽ നിന്നും ഒഴിവാക്കിയതിനെയും നേപ്പാൾ, ഭൂട്ടാൻ, ചൈന, മ്യാൻമാർ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള അഭയാർത്ഥികളെ ഒഴിവാക്കിയതിനെയും കപിൽ സിബൽ ചോദ്യം ചെയ്യും. ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ്,കേരള മുസ്ലീം ജമാഅത്ത്,ജയറാം രമേഷ്,രമേശ് ചെന്നിത്തല,ടി.എൻ പ്രതാപൻ,ഡി.വൈ.എഫ്.ഐ, ലോക് താന്ത്രിക് യുവജനതാദൾ,എസ്.ഡി,.പി.ഐ,ഡി.എം.കെ,അസദുദ്ദീൻ ഒവൈസി എന്നിവരാണ് മറ്റു പ്രധാന ഹർജിക്കാർ.
പൗരത്വ ഭേദഗതിയിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ചെന്നൈയിലും വ്യാപക അക്രമങ്ങൾ ഉണ്ടായിരുന്നു. ഇതേത്തുടർന്ന് മദ്രാസ് സർവകലാശാല തിങ്കളാഴ്ച വരെ അടച്ചു. മദ്രാസ് ഐ.ഐ.ടി വിദ്യാർത്ഥികൾ അനിശ്‌ചിതകാല സമരത്തിന് ആഹ്വാനം നൽകി. പൗരത്വനിയമത്തിനെതിരെ സമരം ചെയ്ത ഡൽഹിയിലെ ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് നേരെയുള്ള പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച നടത്തിയ റാലി അക്രമാസക്തമായിരുന്നു.