ന്യൂഡൽഹി: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം നടക്കുന്ന വടക്കു കിഴക്കൻ ഡൽഹിയിൽ വീണ്ടും സംഘർഷം. പൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിൽ മൗജ്പൂരിലും ഭജൻപുരയിലുമാണ് സംഘർഷമുണ്ടായത്. സംഘർഷത്തിൽ ഒരു ഹെഡ് കോൺസ്റ്റബിൾ കൊല്ലപ്പെട്ടു. വടക്ക് കിഴക്കൻ ഭാഗങ്ങളിൽ സി.എ.എ വിരുദ്ധരും അനുകൂലികളും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നു. ആക്രമണത്തിൽ മരണം മൂന്നായി. ഒരു ഹെഡ് കോൺസ്റ്റബിളും രണ്ട് നാട്ടുകാരുമാണ് കൊല്ലപ്പെട്ടത്. ജാഫറാബാദിലും ചാന്ദ്ബാഗിലും മോജ്പൂരിലുമാണ് സംഘർഷം രൂക്ഷമായി തുടരുകയാണ്. അതേസമയം മുസ്ലീങ്ങളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയാണെന്ന് ദ സ്‌ക്രോൾ റിപ്പോർട്ട് ചെയ്യുന്നു. റോയിട്ടേഴ്‌സ് പകർത്തിയ പ്രതിഷേധക്കാരെ ആക്രമിക്കുന്നതിന്റെ ചിത്രങ്ങൾ ഉള്‍പ്പെടുത്തിയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
മുസ്ലീം സമുദായക്കാരെ റോഡിലിട്ട് പൗരത്വ നിയമത്തെ അനുകൂലികൾ മർദ്ദിക്കുന്നതിന്റേയും പള്ളി ലക്ഷ്യം വച്ച് പെട്രോള്‍ ബോംബ് എറിയുന്നതിന്റേയുമടക്കമുള്ള ചിത്രങ്ങളാണ് റോയിട്ടേഴ്സ് പുറത്തുവിട്ടിരിക്കുന്നത്. റോയിട്ടേഴ്സ് ഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ദിഖി പകർത്തിയതാണ് ഈ ചിത്രങ്ങൾ.സംഘർഷത്തിനിടെ ഒരു വിഭാഗത്തിന് നേരെ വെടിയുതിർക്കുന്ന യുവാവിന്റെ ചിത്രം പുറത്ത്. പൊലീസിനെ നോക്കുകുത്തിയാക്കി ഒരു വിഭാഗമാളുകൾ മറ്റൊരു വിഭാഗത്തിനു നേരെ വെടിയുതിർക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ഓടിവരുന്ന ആൾക്കൂട്ടത്തിൽ നിന്ന ഒരാൾ കൂടുതൽ വേഗത്തിൽ മുമ്പോട്ടു വരുന്നതും തോക്കെടുത്ത് വെടിവെക്കുന്നതും വീഡിയോയിൽ കാണുന്നത്.