കൊല്‍ക്കത്ത : പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമാതാ ബാനര്‍ജിക്ക് ഡീ ലിറ്റ് ബിരുദം നല്‍കിയ കൊക്കത്ത സര്‍വകലാശാലയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ പരാതി. അബു താലെബ് രഞ്ചുഗോപാല്‍ മുഖര്‍ജി എന്നിവര്‍ സമര്‍പ്പിച്ച പൊതു താല്പര്യ ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത് . നാളെ കൊല്‍ക്കത്ത സര്‍വകലാശാലയോട് കോടതി വിശദീകരണം തേടും. ജനുവരി 11 നാണ് മമതാ ബാനര്‍ജിക്ക് സര്‍വകലാശാല ഡീലിറ്റ് ബിരുദം നല്‍കാനിരിക്കുന്നത്.
കൊല്‍ക്കത്ത സര്‍വകലാശാലയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന പ്രവര്‍ത്തിയാണ് ഇതെന്നും നേരത്തെ തന്നെ മമതാ ബാനര്‍ജിയുടെ വിദ്യാഭ്യാസ യോഗ്യതകള്‍ സംബന്ധിച്ച് നിരവധി സംശയങ്ങള്‍ നില നില്‍ക്കുന്നുണ്ട് എന്നും ഹര്‍ജിക്കാര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
സര്‍വകലാശാലയുടെ ഈ നടപടികള്‍ സംസ്ഥാന സര്‍ക്കാരിന്റെ ചൊല്‍പടിയിലാണ് എല്ലാം എന്ന് തെളിയിക്കുന്നതായി സിപിഐഎംപോളിറ്റ് ബ്യുറോ അംഗവും എംപിയുമായ എം ഡി സലിം പറഞ്ഞു. സിപിഐഎംനെ പിന്തുണച്ചു ഈ വിഷയത്തില്‍ ബിജെപിയും രംഗത്തെത്തിയതോടെ രംഗം കൊഴുത്തു.
വര്‍ഷങ്ങള്‍ക് മുന്‍പ് 1985 ല്‍ ഈസ്റ്റ് ജോര്‍ജിയ സര്‍വകലാശാലയില്‍ നിന്ന് മമതാ ബാനര്‍ജി നേടിയെന്നു പറയുന്ന പിഎച്ച്ഡി വ്യാജമാണ് എന്ന് കൊല്‍ക്കത്തയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന പ്രമുഖ ഇംഗ്ലീഷ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.