വെടിവെച്ചിട്ടത് എഡിറ്ററും റിപ്പോര്‍ട്ടറും ഉള്‍പ്പെടെ അഞ്ചു ജീവനക്കാരെ; എന്നിട്ടും ‘ദ് ക്യാപിറ്റല്‍ ഗസറ്റ്’ പത്രം പുറത്തിറങ്ങി

വാഷിങ്ടന്‍: യുഎസിനെ നടുക്കിയ ദുരന്തമായിരുന്നു കഴിഞ്ഞ ദിവസം മെരിലാന്‍ഡിലെ ‘ദ ക്യാപിറ്റല്‍ ഗസറ്റ്’ പത്രത്തിന്റെ ഓഫീസിലുണ്ടായത്. വാര്‍ത്താമുറിയിലേക്ക് ഇരച്ചെത്തിയ അക്രമി എഡിറ്ററും റിപ്പോര്‍ട്ടറും ഉള്‍പ്പെടെ അഞ്ച് ജീവനക്കാരെയാണ് വെടിവെച്ച് കൊന്നത്.

ഇത്രയും വലിയ ദുരന്തം നേരിട്ടിട്ടും ‘ദ് ക്യാപിറ്റല്‍ ഗസറ്റ്’ പത്രം ഇന്നലെ പുറത്തിറങ്ങി. ഒന്നാം പേജില്‍ തങ്ങള്‍ക്ക് നഷ്ടമായ സഹപ്രവര്‍ത്തകരുടെ ചിത്രസഹിതം വാര്‍ത്ത നല്‍കി. ‘ക്യാപിറ്റലി’ല്‍ വെടിയേറ്റ് അഞ്ചു മരണം എന്ന തലക്കെട്ടോടെ. കെട്ടിടത്തിന്റെ കാര്‍ പാര്‍ക്കിലും പിക്അപ് ട്രക്കിലുമിരുന്നു വാര്‍ത്തകള്‍ തയാറാക്കിയാണ് ഏതാനും ജീവനക്കാര്‍ ചേര്‍ന്ന് ഇന്നലെയും പത്രം പുറത്തിറക്കിയത്. വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഓഫീസിന്റെ ചില്ലുവാതില്‍ വെടിവച്ച് തകര്‍ത്തശേഷം അകത്തു പ്രവേശിച്ച തോക്കുധാരി നാലുപാടും വെടിയുതിര്‍ത്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എഡിറ്റര്‍ വെന്‍ഡി വിന്റേഴ്‌സ് (65), സെയില്‍സ് അസിസ്റ്റന്റ് റെബേക്ക സ്മിത്ത് (34), അസിസ്റ്റന്റ് എഡിറ്റര്‍ റോബര്‍ട്ട് ഹിയാസെന്‍ (59), എഡിറ്റോറിയല്‍ റൈറ്റര്‍ ജെറാള്‍ഡ് ഫിഷ്മാന്‍ (61), റിപ്പോര്‍ട്ടര്‍ ജോണ്‍ മക്‌നമാര (56) എന്നിവരാണു മരിച്ചത്. സംഭവത്തില്‍ നാട്ടുകാരനായ അക്രമി ജെറോഡ് റാമോസിനെ (38) പൊലീസ് അറസ്റ്റ് ചെയ്തു. തനിക്കെതിരെ വാര്‍ത്ത നല്‍കിയതിന് പത്രത്തിനെതിരെ അപകീര്‍ത്തിക്കേസ് നല്‍കിയ ആളാണ് അക്രമി.ഒരു സ്ത്രീയുടെ പീഡനപരാതിയുടെ അടിസ്ഥാനത്തില്‍ ജെറോഡ് റാമോസിനെതിരെ 2011ല്‍ പത്രം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെതിരെ നല്‍കിയ അപകീര്‍ത്തിക്കേസ് തള്ളിപ്പോയി. മേല്‍ക്കോടതിയില്‍ ഈ കേസില്‍ നടപടികള്‍ തുടരുകയാണ്. ഈ സംഭവമാണ് പ്രകോപനത്തിനു കാരണമെന്നാണു പൊലീസ് നിഗമനം.

Top