കൊച്ചി :സെൻട്രൽ സ്‌റ്റേഷൻ എസ്.ഐ ആനി ശിവയെ അപമാനിച്ചെന്ന പരാതിയിൽ ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണയ്‌ക്കെതിരെ കേസ്. സ്ത്രീത്വത്തെ അപമാനിച്ചെന്ന ആനി ശിവയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് സംഗീത ലക്ഷ്മണയ്‌ക്കെതിരെ കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കൽ, ഐ.ടി ആക്ട് നിയമപ്രകാരവുമാണ് കേസ്.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് എസ്‌ഐയെ സംഗീത ലക്ഷ്മണ അധിക്ഷേപിച്ചത്.ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 580, കെ.പി നിയമത്തിലെ 120 എന്നീ വകുപ്പുകളും, ഐടി നിയമവും ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് സംഗീതയ്‌ക്കെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്. സെൻട്രൽ പോലീസിന്റേതാണ് നടപടി. ആനി ശിവയെ അധിക്ഷേപിച്ച് ഫേസ്ബുക്കിൽ നടത്തിയ പരാമർശത്തിൽ സംഗീതയ്‌ക്കെതിരെ നിരവധി സ്ത്രീകളും പരാതി നൽകിയിരുന്നു.
ദുരിതങ്ങളോട് പടപൊരുതി എസ്‌ഐ കുപ്പായമണിഞ്ഞ ആനി ശിവയ്ക്ക് അഭിനന്ദന പ്രവാഹങ്ങൾ തുടരുന്നതിനിടെയായിരുന്നു സംഗീത ലക്ഷ്മണയുടെ പോസ്റ്റ്. അതിരൂക്ഷമായ അധിക്ഷേപമാണ് ഫേസ്ബുക്ക് പോസ്റ്റിൽ ഉണ്ടായിരുന്നത്.മുൻ ഐജി കെ ലക്ഷ്മണയുടെ മകളാണ് ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണ.എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ എസ്.ഐ ആയി ആനി ശിവ ചുമതലയേറ്റതിന് പിന്നാലെയായിരുന്നു സംഗീത ലക്ഷ്മണയുടെ ഫേസ്ബുക്ക് പോസ്റ്റ്. കയ്യിലിരിപ്പുകൊണ്ട് സ്വന്തം ജീവിതം നശിപ്പിച്ചവർ മറ്റുള്ളവരുടെ ചുമതല എങ്ങനെ ഏറ്റെടുക്കും എന്ന തരത്തിലായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. സംഭവം വിവാദമായിരുന്നു.