കണ്ണൂര്‍: മുന്‍ മന്ത്രി ശശീന്ദ്രന്റെ ഫോണ്‍ സംഭാഷണം പ്രക്ഷേപണം ചെയ്ത കേസില്‍ മംഗളം ചാനല്‍ സിഇഒ അജിത് കുമാറും മറ്റു പ്രതികളും ക്രൈംബ്രാഞ്ചിന് മുമ്പാകെ ഹാജരായി. അന്വേഷണ സംഘം ഇവരെ ചോദ്യം ചെയ്യും. എന്നാല്‍ ഇതിനിടയില്‍ തന്റെ ലാപ് ടോപും മൊബൈലും മോഷണം പോയെന്ന പരാതി മ്യൂസിയം പൊലീസില്‍ അജിത് കുമാര്‍ നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
മംഗളം ചാനല്‍ ഓഫീസില്‍ നിന്ന് ശേഖരിച്ച തെളിവുകള്‍ ശാസ്ത്രീയ പരിശോധന നടത്തുന്നതിനായി ഇന്ന് കോടതിയില്‍ ഹാജരാക്കും. ഓഫീസിലെ കൂടുതല്‍ ജീവനക്കാരെ ചോദ്യം ചെയ്യുന്ന അന്വേഷണസംഘം മറ്റ് ചില സാക്ഷികളില്‍ നിന്ന് മൊഴിയും ശേഖരിക്കും.
പ്രത്യേക അന്വേഷണ സംഘം മംഗളം ചാനല്‍ ആസ്ഥാനത്ത് ഇന്നലെ നടത്തിയ പരിശോധനയില്‍ രജിസ്‌ട്രേഷന്‍ സംബന്ധിച്ച രേഖകളും ലൈസന്‍സ് വിവരങ്ങളും ശേഖരിച്ചിരുന്നു. ഫോണ്‍ റെക്കോര്‍ഡിംഗുമായി ബന്ധപ്പെട്ട് കംപ്യൂട്ടറും സംഘം പിടിച്ചെടുത്തു. അറസ്റ്റ് ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കിയതിനു പിന്നാലെയാണ് ചാനല്‍ ആസ്ഥാനത്ത് പ്രത്യേക അന്വേഷണസംഘം പരിശോധനയ്ക്ക് എത്തിയത്.
മൂന്നു സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന. ചാനലിന്റെ രജിസ്‌ട്രേഷന്‍ രേഖകളും മറ്റു വിവരങ്ങളും സംഘം ശേഖരിച്ചു. ജീവനക്കാരില്‍ നിന്ന് വിശദമായ മൊഴിയെടുക്കലും നടന്നു. ഫോണ്‍ റെക്കോഡിംഗുമായി ബന്ധപ്പെട്ട് കംപ്യൂട്ടര്‍, സംഘം പിടിച്ചെടുക്കുകയും സെര്‍വര്‍ വിശദമായി പരിശോധിക്കുകയും ചെയ്തു.
ശശീന്ദ്രനും മാധ്യമപ്രവര്‍ത്തകയും തമ്മിലുള്ള വിവാദ ഫോണ്‍ സംഭാഷണത്തിന്റെ പൂര്‍ണരൂപം കൈമാറാന്‍ ചാനലിനോട് അന്വേഷണസംഘം ആവശ്യപ്പെട്ടുണ്ട്. ചാനല്‍ അധികാരികള്‍ അടക്കം പ്രതിപ്പട്ടികയിലുള്ള ഒമ്പതു പേരും മൊഴി നല്‍കാന്‍ ഹാജരാകണം എന്നു ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഹാജരായില്ല. കഴിഞ്ഞ ദിവസവും അന്വേഷണസംഘം ചാനലില്‍ എത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു.