ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിനേയും സാമൂഹ്യമാധ്യമങ്ങളിലൂടെ വിമര്‍ശിച്ചതിന് പ്രശസ്ത റാപ് നര്‍ത്തകിയും ഗായികയുമായ ഹര്‍ദ് കൗറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. യോഗി ആദിത്യനാഥിനെ ബലാത്സംഗവീരന്‍ എന്നാണ് ഹാര്‍ഡ് കൗര്‍ വിളിച്ചത്.
അഭിഭാഷകനും ആര്‍.എസ്.എസ് പ്രവര്‍ത്തകനുമായ വാരാണസി സ്വദേശി ശശാങ്ക് ശേഖറിന്റെ പരാതിയെ തുടര്‍ന്നാണ് നടപടിയെടുത്തത്. ഐ.പി.സി സെക്ഷന്‍ 124(എ), 153, 500, 505, ഐ.ടി ആക്ട് 66 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് താരത്തിനെതിരെ കേസെടുത്തത്. ‘യു.പി മുഖ്യമന്ത്രി സൂപ്പര്‍ ഹീറോ ആണെങ്കില്‍ ബലാത്സംഗക്കാരനായ യോഗി എന്നാണ് ഞാന്‍ വിളിക്കുക. നിങ്ങളുടെ അമ്മമാരും സഹോദരിമാരും ബലാത്സംഗം ചെയ്യപ്പെടുമ്പോള്‍ നിങ്ങള്‍ ഇദ്ദേഹത്തെ വിളിക്കുന്നു. എന്നാല്‍ ഞാന്‍ ഇദ്ദേഹത്തെ ഓറഞ്ച് ബലാത്സംഗക്കാരന്‍ എന്നാണ് വിളിക്കുക’ എന്നായിരുന്നു കൗറിന്റെ പരിഹാസത്തോടെയുള്ള ട്വീറ്റ്.
ട്വീറ്റ് തുടര്‍ന്ന് വിവാദമായിരുന്നു. മാത്രമല്ല ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് പുല്‍വാമ ഭീകരാക്രമണത്തിന് ഉത്തരവാദിയാണെന്നും കൗര്‍ ആരോപിച്ചിരുന്നു. ഗോഡ്‌സെ മഹാത്മാഗാന്ധിയെ വധിച്ചതിനെ തുടര്‍ന്ന് നിരോധിക്കപ്പെട്ട സംഘടനയാണ് ആര്‍.എസ്.എസ് എന്നും നിങ്ങള്‍ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയില്ലെന്നും താരം വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഹാര്‍ഡ് കൗറിനെതിരെ ശാശാങ്ക് ശേഖര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറും.