വൃദ്ധന്റെ കബറിടത്തില്‍ കിടന്നു കരയുന്ന പൂച്ചയുടെ വീഡിയോ വൈറലാകുന്നു. ആരുടേയും കണ്ണ് നനയിക്കുന്ന സ്‌നേഹപ്രകടനമാണ് പൂച്ചയുടേത്. കബറടക്കിയ മണ്‍കൂനയില്‍ മാന്തുകയും എഴുന്നേല്‍ക്കാന്‍ കൂട്ടാക്കാതെ കിടന്നു കരയുകയുമാണ് പൂച്ച ചെയ്യുന്നത്. മലേഷ്യല്‍ നിന്നുള്ള സൊഫ്വാന്‍ എന്നയാളാണ് സമൂഹമാധ്യമങ്ങളിലൂടെ ഈ ദൃശ്യങ്ങള്‍ പങ്കുവച്ചത്. ഇദ്ദേഹത്തിന്റെ മുത്തശ്ശനായ ഇസ്മായില്‍ മാറ്റിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ക്കിടയിലേക്കാണ് ഒരു വെളുത്ത പൂച്ച കടന്നു വന്നത്.
കബറടക്കം നടക്കുമ്പോള്‍ ചുറ്റും അപരിചിതരായ ആളുകള്‍ കൂടിനില്‍ക്കുന്നതൊന്നും കാര്യമാക്കാതെ പൂച്ച അസ്വാഭാവികമായി പെരുമാറാന്‍ തുടങ്ങി. കബറടക്കിയ സ്ഥലത്തെ മണ്‍കൂന കൈകകള്‍കൊണ്ടു മാന്തി മാറ്റാനായിരുന്നു ആദ്യം ശ്രമിച്ചത്. അദ്ദേഹത്തിന്റെ മകള്‍ പൂച്ചയെ അവിടെ നിന്നും പിടിച്ചു മാറ്റാന്‍ ശ്രമിച്ചെങ്കിലും മാറാന്‍ പൂച്ച തയാറായില്ല. പിടിച്ചു മാറ്റാന്‍ ശ്രമിച്ചപ്പോഴെല്ലാം മണ്‍കൂനയില്‍ കൂടുതല്‍ ചേര്‍ന്നു കിടക്കാനാണു പൂച്ച ശ്രമിച്ചത്.
പള്ളിയില്‍ കബറടക്കിയ ശേഷം എല്ലാവരും പോയെങ്കിലും പൂച്ച അവിത്തന്നെ തുടര്‍ന്നു. ദിവസങ്ങള്‍ക്കു ശേഷവും പൂച്ച അതിനു സമീപം തന്നെ അലഞ്ഞു തിരിയുന്നുണ്ടെന്നാണ് ഗ്രാമവാസികളില്‍ നിന്നറിയാന്‍ കഴിഞ്ഞതെന്നും ബന്ധുക്കള്‍ പറയുന്നു. മരിച്ച ഇസ്മയില്‍ പൂച്ചകളെ വളരെ ഇഷ്ടപ്പെട്ടിരുന്ന ആളായിരുന്നു. എന്നാല്‍ അദ്ദേഹം പൂച്ചകളെ വളര്‍ത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ പൂച്ച ഏതാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. സാധാരണയായി ഉടമകള്‍ മരിക്കുമ്പോള്‍ നായകള്‍ ഇതേ രീതിയില്‍ സങ്കടം പ്രകടിപ്പിക്കാറുണ്ട്. എന്നാല്‍ പൂച്ചകളില്‍ ഇത്തരത്തിലുള്ള അസാധാരണമായ പെരുമാറ്റം ഇതുവരെ കണ്ടെത്തിയിട്ടില്ല. തികച്ചും ‘അസാധാരണമായ പെരുമാറ്റം’ എന്നാണ് പൂച്ചകളുടെ സ്വഭാവത്തേക്കുറിച്ചു ഗവേഷണം നടത്തുന്ന ലണ്ടന്‍ സ്വദേശിയായ അനിത കെല്‍സി പറയുന്നത്.
ഏതായാലും പൂച്ചയുടെ ഈ പെരുമാറ്റം അവിടെ കൂടി നിന്നവരുടേയും കണ്ണുകളെ ഈറനണിയിച്ചു. സെപ്റ്റംബറില്‍ പോസ്റ്റ് ചെയ്ത ഈ വിഡിയോ ഇതുവരെ ഒരുകോടിയിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. വിഡിയോ കണ്ടുകഴിഞ്ഞവരുടെയെല്ലാം മനസില്‍ ഉയരുന്ന ഒരു ചോദ്യമുണ്ട്. എന്തിനാകാം എവിടെ നിന്നോ പള്ളിയിലെ കബറിടത്തിലേക്കെത്തിയ പൂച്ച ഇങ്ങനെ പെരുമാറിയത്. ഈ ചോദ്യം എല്ലാവരും ചോദിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കുള്‍പ്പെടെ ഇതിനുത്തരം കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.