തിരുവനന്തപുരം: മദ്യശാലകള്‍ക്ക് അനുമതി നല്കുന്നതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഉണ്ടായിരുന്ന അധികാരം എടുത്തുകളഞ്ഞ ഓര്‍ഡിനന്‍സില്‍ പ്രതിഷേധിച്ച് ജൂണ്‍ എട്ടിനു നിയമസഭയ്ക്കു മുന്നില്‍ നിരാഹാരസമരം നടത്തുമെന്നു മദ്യവിരുദ്ധ ജനകീയ മുന്നണി രക്ഷാധികാരി സുഗതകുമാരി അറിയിച്ചു. ഇതിനു മുന്നോടിയായി ഭരണപക്ഷ, പ്രതിപക്ഷ നേതാക്കളെ കണ്ട് ഓര്‍ഡിനന്‍സിന്‍റെ ഭവിഷ്യത്തുകള്‍ വ്യക്തമാക്കുമെന്നും സുഗതകുമാരി പറഞ്ഞു.
അതേസമയം സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ ക്രൈസ്തവ സഭ രംഗത്ത്. മദ്യ നയത്തില്‍ സര്‍ക്കാര്‍ വഞ്ചന കാട്ടിയെന്നാണ് ഇവരുടെ ആരോപണം. മദ്യവര്‍ജനമെന്ന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയെന്ന ക്രൈസ്തവ സഭ മേലധ്യക്ഷന്മാര്‍ ആരോപിച്ചു. മദ്യലോബിയെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാരിനെന്നും ഇവര്‍ ആരോപിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് സര്‍ക്കാര്‍ മുന്നോട്ടുവച്ച വാഗ്ദാനത്തിന്റെ ലംഘനമാണിതെന്നും അവര്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ സമ്മര്‍ദം കൊണ്ടാണ് ഗവര്‍ണര്‍ മദ്യ നയത്തിലെ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ക്ക് ഒപ്പു വയ്ക്കേണ്ടി വന്നതെന്നും ക്രൈസ്തവ സഭ ആരോപിക്കുന്നു
അതിനിടെ മദ്യവില്‍പ്പന ശാലകള്‍ ആരംഭിക്കാന്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ എന്‍ഒസി വേണമെന്ന നിബന്ധന ഒഴിവാക്കിക്കൊണ്ടുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം മദ്യവിരുദ്ധ പ്രവര്‍ത്തകരുടെ വ്യാപക പ്രതിഷേധത്തിനിടയിലും ഒപ്പുവച്ചു. ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍ വന്നതോടെ സംസ്ഥാനത്ത് മദ്യവില്‍പ്പന ശാലകള്‍ തുറക്കാന്‍ എക്സൈസ് വകുപ്പിന്‍റെ അനുമതി മാത്രം മതിയാകും.
ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സ് കഴിഞ്ഞ മന്ത്രിസഭാ യോഗം അംഗീകരിച്ച് ഗവര്‍ണറുടെ അനുമതിക്കായി അയച്ചിരുന്നു. നഗരപാലികാ ബില്ലിലെ 447ാം വകുപ്പും പഞ്ചായത്തി രാജ് ആക്ടിന്‍റെ 232ാം വകുപ്പും ഭേദഗതി ചെയ്തു കൊണ്ടാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരിക്കുന്നത്. മദ്യവില്‍പ്പന ശാലകള്‍ തുറക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിരാക്ഷേപപത്രം വേണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയത് കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്തായിരുന്നു. ഇത് ഒഴിവായതോടെ ജനങ്ങളുടെ എതിര്‍പ്പു മൂലം പൂട്ടിയതും പുതുതായി തുറക്കാന്‍ തീരുമാനിച്ച് കഴിയാതെപോയതുമായ അറുപതോളം ബിവറേജസ് വില്‍പ്പനശാലകള്‍ തുറക്കാമെന്ന സ്ഥിതിയായി.
മതമേലധ്യക്ഷന്മാരും മദ്യവിരുദ്ധ പ്രവര്‍ത്തകരുമുള്‍പ്പെടുന്ന പ്രതിനിധി സംഘം ഇന്നലെ ഉച്ചയ്ക്ക് ഗവര്‍ണറെ കണ്ടു സ്ഥിതി ബോധ്യപ്പെടുത്താന്‍ സമയം ചോദിച്ചിരുന്നു. എന്നാല്‍, ഇതിനു മുമ്പുതന്നെ ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പുവച്ചു. പ്രത്യേക നിയമസഭാ സമ്മേളനം നടക്കുന്ന ഈ മാസം എട്ടിനു നിയമസഭയ്ക്കു മുമ്പില്‍ നിരാഹാരസമരം നടത്തുമെന്നു മതമേലധ്യക്ഷന്മാരും മദ്യവിരുദ്ധ പ്രവര്‍ത്തകരും പ്രഖ്യാപിച്ചിട്ടുണ്ട്.
കണ്ണൂര്‍ കുറ്റിപ്പുറം റോഡും ചേര്‍ത്തല മുതല്‍ കഴക്കൂട്ടം വരെയുള്ള റോഡും ദേശീയപാതയല്ലെന്നു വ്യക്തമാക്കി ഈ റോഡുകളിലെ മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ കോടതി വിധിയിലൂടെ തുറക്കാന്‍ കളമൊരുങ്ങിയതും കഴിഞ്ഞ ദിവസങ്ങളിലാണ്. ഈ പാതയോരങ്ങളില്‍ നിലവിലുണ്ടായിരുന്ന ഇരുന്നൂറോളം മദ്യവില്‍പ്പന ശാലകള്‍ക്കു തുറന്നു പ്രവര്‍ത്തിക്കാന്‍ എക്സൈസ് അനുമതി കൊടുത്തു വരുകയാണ്. ബിയര്‍ വൈന്‍ പാര്‍ലറുകള്‍, കള്ളുഷാപ്പുകള്‍, ബിവറേജസ് മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള മദ്യവില്‍പ്പന കേന്ദ്രങ്ങളാണ് ദേശീയപാതാ പദവി ഇല്ലാതായതോടെ ഈ പ്രദേശങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ പോകുന്നത്. ഈ മാസം 30 നു മുമ്പു മദ്യനയം പ്രഖ്യാപിക്കുമെന്നാണു സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. മദ്യനയത്തില്‍ മറ്റു ചില മാറ്റങ്ങള്‍ കൂടി ഉണ്ടായേക്കുമെന്നു കരുതപ്പെടുന്നു.