മദ്യശാലകള്‍ പൂട്ടണമെന്ന സുപ്രീംകോടതി വിധി: മദ്യത്തില്‍ വരുമാനം കണ്ടെത്തി ജീവിക്കുന്ന കേരളം കടക്കെണിയിലേയ്ക്ക്

കൊച്ചി: സംസ്ഥാന സര്‍ക്കിന്റെ റവന്യൂ വരുമാനത്തിന്റെ സിംഹഭാഗവും ലഭിക്കുന്നത് മദ്യത്തില്‍ നിന്നും ലോട്ടറിയില്‍ നിന്നുമാണ്. ഇതില്‍തന്നെ ഏറ്റവും കൂടുതല്‍ തുക നല്‍കുന്നത് ബിവ്‌റജസ് കോര്‍പ്പറേഷന്‍ വഴിയുള്ള മദ്യ വില്‍പ്പനയാണ്. അതിനാല്‍ തന്നെ ദേശീയ, സംസ്ഥാന പാതകള്‍ക്ക് അഞ്ഞൂറു മീറ്റര്‍ ചുറ്റളവിലുള്ള മദ്യവില്‍പ്പനശാലകള്‍ അടച്ചുപൂട്ടാനുള്ള സുപ്രീംകോടതി നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാരിനെ കൊണ്ടെത്തിക്കുന്നത് വലിയ കടക്കെണിയിലേക്കായിരിക്കും. വരുമാനത്തില്‍ അയ്യായിരം കോടിയിലേറെ രൂപയുടെ നഷ്ടമാണ് ഒറ്റയടിക്ക് സംസ്ഥാനത്ത് ഉണ്ടാകാന്‍ പോകുന്നതെന്നാണ് പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തിനു പുറമെ മദ്യവ്യവസായത്തിലൂടെ വികസനപദ്ധതികള്‍ക്ക് പണം കണ്ടെത്തുന്ന പോണ്ടിച്ചേരിക്കും വിധി തിരിച്ചടിയാകും. മാഹിയിലെ നിരവധി മദ്യശാലകളാണ് വിധിയെതുടര്‍ന്ന് അടച്ചുപൂട്ടിയത്.

സുപ്രീംകോടതി വിധിയനുസരിച്ച് 272 ഔട്ട്‌ലറ്റുകളില്‍ 179 എണ്ണം മാറ്റുമ്പോള്‍ ബിവറേജസ് കോര്‍പ്പറേഷന്റെ വരുമാനത്തിലും വലിയ കുറവുണ്ടാകും. മദ്യവില്‍പ്പനശാലകള്‍ക്കെതിരെ പ്രാദേശികതലത്തില്‍ എതിര്‍പ്പുകളുയരുന്നതും വരുംദിനങ്ങളില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കും. കണ്‍സ്യൂമര്‍ഫെഡിന് കാര്യമായ വരുമാന നഷ്ടം ഉണ്ടാകാനിടയില്ല. ‘വരുമാനം വലിയ രീതിയില്‍ കുറയുമെന്നുറപ്പാണ്. പക്ഷേ സുപ്രീംകോടതി വിധി അനുസരിക്കാന്‍ കോര്‍പ്പറേഷന്‍ ബാധ്യസ്ഥരാണ്. എതിര്‍പ്പുകള്‍ മറികടന്ന് മദ്യശാലകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2011-12 സാമ്പത്തിക വര്‍ഷത്തില്‍ ഖജനാവിലേക്കുള്ള ബിവ്‌റിജസ് കോര്‍പ്പറേഷന്റെ മൊത്തം റവന്യൂ വരുമാനം 6,292 കോടിരൂപയായിരുന്നു. 201213ല്‍ ഇത് 7,241 കോടിയായി ഉയര്‍ന്നു. 201314ല്‍ വീണ്ടും ഉയര്‍ന്ന് 7,576 കോടിയായി. 201415ല്‍ 8,283 കോടിയും 201516ല്‍ 9,787 കോടിയുമാണ് വരുമാനം. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം വിദേശ മദ്യവില്‍പ്പനയില്‍ മൂന്ന് ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. ബിയര്‍ വില്‍പ്പനയില്‍ ഒരു ശതമാനം വര്‍ധനവുണ്ടായി. ആകെ വില്‍പ്പനമൂല്യത്തില്‍ ആറു ശതമാനമായിരുന്നു വര്‍ധനവ്.

സംസ്ഥാനത്തെ 1,956 മദ്യവില്‍പന കേന്ദ്രങ്ങള്‍ പൂട്ടിയതോടെ സര്‍ക്കാര്‍ ഖജനാവിനു നഷ്ടം 2,500 കോടിയോളം രൂപ. ഇന്ധന നികുതി കഴിഞ്ഞാല്‍ സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ നികുതി വരുമാനം മദ്യത്തില്‍ നിന്നാണ്. ഇന്ധനത്തില്‍നിന്നു പ്രതിവര്‍ഷം 8,000 കോടി കിട്ടുമ്പോള്‍ മദ്യത്തില്‍ നിന്ന് 7,500 കോടിയിലേറെ രൂപ ലഭിക്കുന്നു. എണ്ണക്കമ്പനികളും ബവ്‌റിജസ് കോര്‍പറേഷനും ഈ തുക കൃത്യമായി പിരിച്ചെടുത്തു സര്‍ക്കാരിലേക്കു കൈമാറുന്നതു വഴി മേലനങ്ങാതെ കിട്ടുന്ന സമ്പത്തിലാണു ചോര്‍ച്ച.

40,000 കോടി രൂപയാണു സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ ശരാശരി തനതു നികുതി വരുമാനം. ഇതില്‍ 60% ഉല്‍പന്ന വില്‍പന വഴി വാറ്റ് നികുതിയായും ബാക്കി 40% ഇന്ധന, മദ്യ വില്‍പനയിലൂടെ കെജിഎസ്ടിയായും ലഭിക്കുന്നു. 40,000 കോടി രൂപയില്‍ 25% തുകയും മദ്യത്തില്‍നിന്നു കിട്ടുന്നതിനാല്‍ ഈ മേഖല തകര്‍ന്നാല്‍ ഖജനാവു തന്നെ താറുമാറാകും. ശമ്പളവും പെന്‍ഷനും അടക്കം ചെലവുകള്‍ക്കായി മുഖ്യമായി ആശ്രയിക്കുന്നതു മദ്യ വരുമാനത്തെയാണ്. എത്ര കൂട്ടിയാലും എതിര്‍പ്പുയരാത്തതിനാല്‍ സര്‍ക്കാരിനു തോന്നുമ്പോഴൊക്കെ നികുതി വര്‍ധിപ്പിച്ചു പണം കണ്ടെത്താനുമാകുമായിരുന്നു. ഖജനാവു പ്രതിസന്ധിയിലാകുമ്പോള്‍ ബവ്‌റിജസ് കോര്‍പറേഷനില്‍നിന്നു മുന്‍കൂര്‍ നികുതിയും കൈപ്പറ്റാറുണ്ട്. ബാറുകളിലും ബീയര്‍വൈന്‍ പാര്‍ലറുകളിലും ക്ലബ്ബുകളിലും മദ്യം വിതരണം ചെയ്യുന്നത് ബവ്‌റിജസ് കോര്‍പറേഷനാണ്. സ്വന്തം ഔട്‌ലെറ്റുകള്‍ വഴി നേരിട്ടും വില്‍ക്കുന്നു. മദ്യത്തിന്റെ 90 ശതമാനവും വിതരണം ചെയ്യുന്നതു ബവ്‌റിജസ്, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളിലൂടെയാണ്. ഇവയില്‍ 207 വില്‍പന കേന്ദ്രങ്ങള്‍ പൂട്ടേണ്ടിവന്നതിനാല്‍ വില്‍പനയില്‍ 30 ശതമാനമെങ്കിലും ഇടിവാണു കണക്കുകൂട്ടുന്നത്. ഇതു തടയാന്‍ ഇപ്പോള്‍ തുറന്നു പ്രവര്‍ത്തിക്കുന്ന എല്ലാ ഔട്‌ലെറ്റുകളിലും മദ്യവില്‍പന പരമാവധി വര്‍ധിപ്പിക്കാനാണു ബവ്‌റിജസ് കോര്‍പറേഷനുള്ള നിര്‍ദ്ദേശം. 11 പഞ്ചനക്ഷത്ര ബാറുകള്‍ പൂട്ടുന്നതു ടൂറിസം മേഖലയ്ക്കും വന്‍ തിരിച്ചടിയാകും. രാജ്യാന്തര കോണ്‍ഫറന്‍സുകള്‍ പലതും ശ്രീലങ്കയിലേക്കു മാറാനിടയുണ്ട്.

കേരളത്തിലെ മദ്യവില്‍പ്പന ഇങ്ങനെ (മദ്യത്തിന്റെ മൊത്തം വില്‍പന മൂല്യം)
ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം: 2011127227.56 കോടി, 201213 8097 കോടി, 201314 9194 കോടി, 201516 10135 കോടി, ബിയര്‍ വില്‍പ്പന: 201112 634 കോടി, 201213 721 കോടി, 201314801 കോടി, 201415818 കോടി, 201516 1442 കോടി

മദ്യവില്‍പന, കുറയാതെ പിടിച്ചുനിര്‍ത്തുന്നതിനായി നിലവിലുള്ള ഔട്‌ലെറ്റുകളിലെ കൗണ്ടറുകളുടെ എണ്ണം ഇരട്ടിയാക്കാന്‍ ബവ്‌റിജസ് കോര്‍പറേഷന്‍ തീരുമാനം. ഇന്നു മുതല്‍ മദ്യം വാങ്ങാന്‍ വന്‍തിരക്ക് അനുഭവപ്പെടുമെന്നതിനാല്‍ പൂട്ടിയ കേന്ദ്രങ്ങളിലെ ജീവനക്കാരെക്കൂടി തുറന്നു പ്രവര്‍ത്തിക്കുന്ന ഷോപ്പുകളില്‍ വിന്യസിക്കും. പൂട്ടിയ ഷോപ്പുകള്‍ക്കു പകരം പുതിയവ കണ്ടെത്താന്‍ നാളെ മുതല്‍ കഠിന ശ്രമം നടത്തും. ഓരോ ദിവസവും നാലെണ്ണം വീതമെങ്കിലും ദൂരപരിധി പാലിച്ചു തുറക്കാനാണു ശ്രമം. രണ്ടു ദിവസത്തിനകം ലൈസന്‍സ് നല്‍കാന്‍ എക്‌സൈസ് വകുപ്പിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ദേശീയപാതയോരത്തെ മദ്യശാലകള്‍ പൂട്ടിയതോടെ മാഹിയില്‍ തിരക്കൊഴിഞ്ഞു. പുതുച്ചേരി സര്‍ക്കാരിന്റെ വരുമാനസ്രോതസ്സുകളിലും മദ്യത്തിന് നിര്‍ണായക സ്ഥാനമുള്ളതിനാല്‍ ഇത് ആ സംസ്ഥാനത്തെ ബാധിക്കും. മദ്യത്തിന് മാത്രമായി മാഹിയില്‍ എത്തിയിരുന്നവര്‍ മറ്റിടങ്ങളിലേക്ക് നീങ്ങിത്തുടങ്ങി. സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് മാഹിയില്‍ 32 മദ്യശാലകളാണ് ശനിയാഴ്ച പൂട്ടിയത്.

പൊതുവെ രാവിലെ മുതല്‍ തിരക്കേറുന്ന ദേശീയപാതയോരം ശനിയാഴ്ച വിജനമായിരുന്നു. മാഹി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുള്ള രണ്ട് മദ്യശാലകള്‍ മാത്രമാണ് പ്രവര്‍ത്തിച്ചത്. അതില്‍ ഒന്നില്‍ മാത്രമാണ് ചില്ലറ വില്പനയുള്ളത്. അവിടെ രാവിലെ മുതല്‍ വന്‍ തിരക്ക് അനുഭവപ്പെട്ടു. രാവിലെ മദ്യപന്മാര്‍ കൂടിയതോടെ ഗതാഗതംവരെ തടസ്സപ്പെട്ടു. പൂട്ടിയ മദ്യശാലകളില്‍ ചിലത് ഇവിടേക്ക് മാറ്റാനും നീക്കമുണ്ട്.

മദ്യശാലകള്‍ പൂട്ടിയത് നൂറുകണക്കിന് തൊഴിലാളികളുടെ ഉപജീവനത്തെയും ബാധിക്കും. ചുമട്ടുതൊഴിലാളികളും മദ്യശാലകളിലെ തൊഴിലാളികളും പെട്ടിക്കട നടത്തുന്നവരുമെല്ലാം ഇതിലുള്‍പ്പെടും. മദ്യശാലകളിലെ തൊഴിലാളികളില്‍ ഭൂരിഭാഗവും മറുനാടന്‍ തൊഴിലാളികളാണ്. പൂട്ടിയ മദ്യശാലകളിലെ തൊഴിലാളികളില്‍ ഏഴുപേര്‍ മാത്രമാണ് ലേബര്‍ ഓഫീസില്‍ പേര് നല്‍കിയിട്ടുള്ളത്. ബാക്കിയുള്ളവരെക്കുറിച്ചുള്ള ഒരു വിവരവും തൊഴില്‍വകുപ്പിന്റെ കൈവശവുമില്ല. അവര്‍ക്കാകട്ടെ മറ്റ് ആനുകൂല്യമൊന്നും ലഭിക്കുകയുമില്ല.

മദ്യശാലകളില്‍നിന്ന് അടുത്ത ഒരു വര്‍ഷത്തേക്കുള്ള ലൈസന്‍സ് ഫീസ് സര്‍ക്കാര്‍ വാങ്ങിക്കഴിഞ്ഞു. എന്നാല്‍ ലൈസന്‍സ് നല്‍കിയിട്ടില്ല. അതിനാല്‍ പൂട്ടിയതില്‍ ഭൂരിഭാഗം മദ്യശാലകളും ഭാവിയില്‍ മയ്യഴിയിലും പരിസരത്തുമായി തുറന്നുപ്രവര്‍ത്തിക്കാനാണ് സാധ്യത. പൂട്ടിയ മദ്യശാലകളില്‍ 14 എണ്ണം മറ്റിടങ്ങളില്‍ തുടങ്ങാന്‍ അനുമതി തേടിയിരിക്കുകയാണ്. പുതിയ മദ്യശാലകള്‍ ജനവാസകേന്ദ്രത്തില്‍ തുറക്കുന്നതിനെതിരെ പ്രദേശവാസികള്‍ക്ക് രാഷ്ട്രീയപ്പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇവിടെ പലയിടത്തായി മദ്യശാല ഉടമകള്‍ കെട്ടിടങ്ങളും ഭൂമിയും വിലയ്‌ക്കെടുത്തിരിക്കുകയാണ്. എന്നാല്‍ പുതുതായി മദ്യശാല തുടങ്ങാന്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ശനിയാഴ്ച തന്നെ ഇവിടെ മദ്യശാല തുടങ്ങാന്‍ നീക്കം നടന്നിരുന്നു. എതിര്‍പ്പ് ഉയരുന്നത് മുന്നില്‍കണ്ട് പ്രവര്‍ത്തനം തുടങ്ങുന്നത് അടുത്ത ദിവസത്തേക്ക് മാറ്റി. പൊലീസ് സംരക്ഷണത്തില്‍ പ്രവര്‍ത്തനം തുടങ്ങാനാണ് ഉടമകളുടെ നീക്കം. മാഹിയില്‍ തന്നെ പള്ളൂര്‍, പന്തക്കല്‍, മൂലക്കടവ് ഭാഗത്തുള്ള 32 മദ്യശാലകള്‍ ശനിയാഴ്ച പ്രവര്‍ത്തിച്ചു. ഇവിടെ നല്ലതിരക്ക് അനുഭവപ്പെട്ടു. വില കുറഞ്ഞ മദ്യമാണ് പലരെയും മാഹിയിലേക്കെത്തിച്ചത്. മാഹിയില്‍ മദ്യശാലകള്‍ പൂട്ടിയെങ്കിലും നഗരമധ്യത്തില്‍ നടപ്പാതയിലിരുന്ന് മദ്യപിക്കുന്നതിന് ശനിയാഴ്ചയും മാറ്റമുണ്ടായില്ല. യാത്രയ്ക്കിടെ പെട്ടെന്ന് ലഭിക്കുന്നതിനാല്‍ വാഹനം നിര്‍ത്തിയും മറ്റും മദ്യപിക്കുന്നവരുണ്ടായിരുന്നു. അത് ഇനി കുറയുമെന്ന് കരുതുന്നു.

Top