കൊച്ചി: ഐഎന്‍ടിയുസി നേതാവായ അഞ്ചല്‍ നെടിയാറ രാമഭദ്രനെ വെട്ടിക്കൊന്ന കേസില്‍ മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മയുടെ പഴ്സണല്‍ സ്റ്റാഫ് അംഗം മാക്സിന്‍ ഉള്‍പ്പെടെ സിപിഎം നേതാക്കളെ സിബിഐ അറസ്റ്റു ചെയ്തു.
സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാനുമായ എസ് ജയമോഹന്‍, ജില്ലാ കമ്മിറ്റി അംഗം കെ ബാബു പണിക്കര്‍, അഞ്ചല്‍ ഏരിയാ സെക്രട്ടറി പി എസ് സുമന്‍, ഡിവൈഎഫ്ഐ നേതാവ് റിയാസ് എന്നിവരെയും സിബിഐ അറസ്റ്റു ചെയ്തിട്ടുണ്ട്. 2010 ഏപ്രില്‍ 10ന് രാത്രിയാണ് രാമഭദ്രനെ വീട്ടിനുളളില്‍ ഭാര്യയുടെയും മക്കളുടെയും മുന്നില്‍ വെച്ച് കൊലപ്പെടുത്തിയത്.
കൊലപാതകത്തില്‍ നേരിട്ടു പങ്കാളിയായതിനാണ് മന്ത്രിയുടെ പഴ്സണല്‍ സ്റ്റാഫ് മാക്സനെയും റിയാസിനെയും അറസ്റ്റു ചെയ്തത്. ഗൂഢാലോചനാകുറ്റമാണ് മറ്റു സിപിഎം നേതാക്കളുടെ പേരിലുള്ളത്. സിപിഐ നേതാവും മുന്‍ മന്ത്രിയുമായിരുന്ന പി കെ ശ്രീനിവാസന്റെ മകനാണ് അഞ്ചല്‍ ഏരിയാ സെക്രട്ടറി പി എസ് സുമന്‍.