കൊച്ചി: പദ്ധതിക്കെതിരെയുള്ള ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും ചട്ടവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്. ലൈഫ് മിഷനും റെഡ്ക്രസന്റും തമ്മില്‍ ധാരണാപത്രം ഇല്ലേയെന്നും കോടതി ചോദിച്ചു. സിബിഐ അന്വേഷണം ഈ ഘട്ടത്തില്‍ തടയുന്നത് ശരിയാവില്ലെന്നും കോടതി നിരീക്ഷിച്ചു.ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. അന്വേഷണത്തിന് എതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. സിബിഐ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാരിന് വേണ്ടി ലൈഫ് മിഷന്‍ സിഇഒ ആണ് ഹര്‍ജി നല്‍കിയത്. എന്നാൽ, സിബിഐ അന്വേഷണം സ്റ്റേ ചെയ്യാനോ ഇടക്കാല ഉത്തരവ് നൽകാനോ കോടതി തയാറായില്ല. ലൈഫ് മിഷന്‍ സി ഇ ഒ അന്വേഷണവുമായി സഹകരിക്കണമെന്നും ജസ്റ്റിസ് വി.ജി. വരുണിന്റെ ബഞ്ച് ഉത്തരവിട്ടു. വാദം തുടരാനായി കേസ് അടുത്ത വ്യാഴാഴ്ചത്തേക്ക് മാറ്റി. സര്‍ക്കാരിന്റെ ഹര്‍ജി നിലനില്‍ക്കുമോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്ന് പരിഗണിക്കും.
പദ്ധതിക്കെതിരായി ഉയർന്ന ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്നും ചട്ടവിരുദ്ധമല്ലെന്നുമാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വാദിച്ചത്. ഫ്ളാറ്റ് നിര്‍മിക്കുന്നതിന് ആവശ്യമായ സ്ഥലം കണ്ടെത്തി കൊടുക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്നും പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഒരു പണമിടപാടും നടത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ കെ.വി. വിശ്വനാഥനാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരായത്.