
തിരുവനന്തപുരം: ലൈഫ് പദ്ധതിയിലെ ക്രമക്കേടില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സിബിഐ അന്വേഷണം അട്ടിമറിക്കാനാണ് വിജിലന്‍സ് അന്വേഷണം കൊണ്ടു വന്നത്. ലൈഫ് മിഷന്‍ പദ്ധതിയുടെ കമ്മീഷന്‍ പോയത് മുഖ്യമന്ത്രിയുടെ കൈയ്യിലേക്കാണെന്നും അദ്ദേഹം ആരോപിച്ചു.കോൺഗ്രസും ബി.ജെ.പിയും ചേർന്ന് എൽ.ഡി.എഫ് ഭരണത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്ന വാദം തടിതപ്പാനുള്ള ശ്രമം മാത്രമാണെന്നും സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ലൈഫ് മിഷൻ അഴിമതി നീളുന്നത് മുഖ്യമന്ത്രിയിലേക്കാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നതരും കുടുങ്ങും എന്ന ഉറപ്പുള്ളത് കൊണ്ടാണ് അന്വേഷണത്തെ സി.പി.എം എതിർക്കുന്നത്. ലൈഫിന് സമാനമായ മറ്റൊരു കേസിൽ വിദേശ സംഭാവന സ്വീകരിക്കൽ നിയമം ലംഘിച്ചതിന് പിണറായി സർക്കാർ നേരത്തെ സി.ബി.ഐ അന്വേഷണത്തിനായി ഗസ്റ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. 2005 മുതൽ വുഡ് ആൻഡ് ഡാഡ് എന്ന വിദേശ സ്ഥാപനം സമരിട്ടൻ പ്രൊജക്ട് ഇന്ത്യ എന്ന കോട്ടയത്തെ കമ്പനിക്ക് നൽകിയിരുന്ന 2.30 കോടി രൂപയുടെ സഹായം വഴിമാറ്റി ചെലവഴിക്കുന്നതായി കാണിച്ച് വി.എസ് അച്യുതാനന്ദൻ സർക്കാരിന് പരാതി നൽകിയിരുന്നു.
അന്ന് കാര്യമായ ഒരു നടപടിയുമില്ലാതായപ്പോൾ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് വീണ്ടും പരാതി നൽകി. ഉമ്മൻചാണ്ടി സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. ഈ സംഭവത്തിൽ വിജിലൻസ് അന്വേഷണം പര്യാപ്തമല്ലെന്നും സി.ബി.ഐ അന്വേഷണമാകാമെന്നും നിലപാടെടുത്തത് പിണറായി സർക്കാരാണെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. ഒരു കോടിയിലധികം രൂപയുടെ വിദേശ സാമ്പത്തിക സഹായമുള്ള കേസായതിനാൽ ഇത് സി.ബി.ഐ അന്വേഷിക്കണം എന്ന നിലപാടാണ് സംസ്ഥാന സർക്കാർ എടുത്തത്. ലൈഫിന്റെ കാര്യത്തിൽ എന്തുകൊണ്ടാണ് സി.ബി.ഐ അല്ല വിജിലൻസാണ് വേണ്ടതെന്ന നിലപാട് എടുത്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ആരുടെ മാനസികനിലയാണ് തകരാറിലായതെന്ന് സമാന കേസുകളിൽ രണ്ട് തരത്തിൽ നിലപാടെടുക്കുന്ന മുഖ്യമന്ത്രിയെ കാണുമ്പോൾ എല്ലാവർക്കും മനസിലാകും. സിബിഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിന് ശേഷം മാത്രമാണ് താൻ ഇത് സംബന്ധിച്ചു പരസ്യ പ്രതികരണം നടത്തുന്നത്. 24ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. 25ന് ഉച്ചയ്ക്ക് സെക്രട്ടറിയേറ്റ് മാർച്ചിലാണ് താൻ ഇതിനെ പറ്റി പറയുന്നത്. ഇതെങ്ങനെയാണ് ഗൂഢാലോചനയാകുന്നതെന്ന് കൊടിയേരി പറയണെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു.
മന്ത്രിമാർക്കോ ഉദ്യോഗസ്ഥർക്കോ ഒരു പങ്കുമില്ലെന്ന് സർക്കാർ പറയുന്ന കേസ് വിജിലൻസ് അന്വേഷിക്കുന്നത് എന്തിനാണ്? ലൈഫ് മിഷനിലെ അഴിമതി മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും ധനമന്ത്രിയും അംഗീകരിച്ചതാണ്. സർക്കാർ തന്നെ അംഗീകരിച്ച അഴിമതി കേസാണ് ഇത്. സി.ബി.ഐ അന്വേഷണം അട്ടിമറിക്കാനാണ് വിജിലൻസ് അന്വേഷണം. സി.ബി.ഐ വരുമെന്ന് ഉറപ്പായപ്പോൾ ആണ് സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുന്നത്. സെക്രട്ടേറിയറ്റിൽ നിന്ന് വിജിലസ് ഫയലുകൾ ശേഖരിക്കുന്നത് മുഖ്യമന്ത്രിയെ രക്ഷിക്കാനാണ്. ഐ.എ.എസ് ഉദ്യോഗസ്ഥൻമാർ സർക്കാരിന്റെ കള്ളക്കളിക്ക് കൂട്ടുനിന്നാൽ എല്ലാകാലത്തും സംരക്ഷിക്കാൻ സർക്കാരുണ്ടാവില്ലെന്ന് സുരേന്ദ്രൻ ഓർമ്മിപ്പിച്ചു.