ഭുവനേശ്വര്‍: കേരളത്തിനായി നേട്ടങ്ങള്‍ കൊയ്തിട്ടും നാം അവഗണിച്ച പി.യു ചിത്രയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ ജോലി നല്‍കി. കേരളം നല്‍കാത്ത ജോലി നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ പി.യു ചിത്രയെ തേടിയെത്തി. മുന്ന് തവണ അപേക്ഷിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ കനിയാത്ത ജോലി റെയില്‍വേയാണ് പി.യു ചിത്രക്ക് നല്‍കിയത്. ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണനേട്ടത്തിലൂടെയും ഏഷ്യന്‍ ഗെയിംസിലെ വെങ്കലനേട്ടത്തിലൂടെയും നാടിന്റെ അഭിമാനമായ താരത്തിന് ദക്ഷിണ റെയില്‍വേ പാലക്കാട് ഡിവിഷനില്‍ സീനിയര്‍ ക്ലര്‍ക്കായാണ് നിയമനം. ഇതോടെ നാളെ ഭുവനേശ്വറില്‍ ആരംഭിക്കുന്ന ദേശീയ ഓപ്പണ്‍ അത്ലറ്റിക്സില്‍ ചിത്ര റെയില്‍വേക്കായി ട്രാക്കിലിറങ്ങും.
കഴിഞ്ഞ വര്‍ഷം ചിത്രയ്ക്കു ജോലി നല്‍കുമെന്നു സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നതാണ്. ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ടീമില്‍ നിന്ന് ചിത്രയെ തഴഞ്ഞത് വിവാദമായതോടെ താരത്തെ ജോലി നല്‍കി സംരക്ഷിക്കുമെന്നു വീണ്ടും അറിയിച്ചിരുന്നു. കഴിഞ്ഞമാസം ഏഷ്യന്‍ ഗെയിംസ് മെഡല്‍നേട്ടത്തിനുശേഷം ജോലിക്കായി ചിത്ര കായികമന്ത്രിക്ക് അപേക്ഷ നല്‍കിയിരുന്നു. പലതവണ ആവര്‍ത്തിക്കപ്പെട്ട ഈ വാഗ്ദ്ധാനങ്ങളെല്ലാം പാഴ്വാക്കായതോടെയാണ് റെയില്‍വേയില്‍ ജോലിക്ക് അപേക്ഷ നല്‍കിയത്. ഒരുവര്‍ഷത്തിലധികം പഴക്കമുള്ള ജോലി വാഗ്ദ്ധാനം കേരളം മറന്നപ്പോള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ റെയില്‍വേ ഇന്നലെ നിയമന ഉത്തരവും പുറത്തിറക്കി.