പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചതിൻ്റെ പേരിൽ ഡൽഹി പോലീസ് അറസ്റ്റ് ചെയ്ത ഭീം ആർമ് നേതാവ് ചന്ദ്രശേഖർ ആസാദിന് ജില്ലാ കോടതി ജാമ്യം അനുവദിച്ചു. നിബന്ധനകളോടെയാണ് ഡൽഹി തീസ് ഹസാരി കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. നാല് ആഴ്ച സമയത്തേയ്ക്ക് ഡൽഹിയിൽ പ്രവേശിക്കരുതെന്നാണ് ജാമ്യവ്യവസ്ഥയിൽ പറയുന്നത്. കൂടാതെ സഹാറൻപൂർ പോലീസിന് മുന്നിൽ എല്ലാ ശനിയാഴ്ച്ചയും ഹാജരാകണമെന്നും വ്യവസ്തയിലുള്ളത്.
ചന്ദ്രശേഖർ ആസാദിൻ്റെ ജാമ്യഹർജിയുമായി ബന്ധപ്പെട്ട വാദം നടക്കുന്ന വേളയിൽ കോടതിയിൽ നിന്നും രൂക്ഷ വിമർശനമാണ് ഡൽഹി പോലീസ് ഏറ്റുവാങ്ങിയത്. പ്രോസിക്യൂട്ടറോട് ഭരണഘടന വായിച്ചിട്ടുണ്ടോ എന്നുവരെ കോടതി ചോദിക്കുന്ന അവസ്ഥയുണ്ടായി. പ്രതിഷേധത്തെ പൊലീസ് കൈകാര്യം ചെയ്ത രീതിയെ അതിരൂക്ഷമായി കോടതി വിമർശിച്ചു.
പ്രതിഷേധം നടന്ന ജുമാമസ്ജിദ് പാക്കിസ്ഥാനിലാണെന്ന രീതിയിലാണ് പൊലീസ് പെരുമാറുന്നതെന്നും പാക്കിസ്ഥാനാണെങ്കിൽ പോലും അവിടെ പോകാം, പ്രതിഷേധിക്കാമെന്നും കോടതി പറഞ്ഞിരുന്നു. പാക്കിസ്ഥാൻ ഇന്ത്യയുടെ ഭാഗമായിരുന്നുവെന്നും ജസ്റ്റിസ് കാമിനി ലാവു പ്രസ്താവിച്ചു. ജാമ്യാപേക്ഷ തള്ളണമെന്നു വാദിക്കാൻ പബ്ലിക് പ്രോസിക്യൂട്ടർ ശ്രമിക്കുന്നതിനിടെയായിരുന്നു കോടതിയുടെ രൂക്ഷവിമർശനം.
പ്രതിഷേധത്തിനു മുൻകൂർ അനുമതി വാങ്ങണമെന്നു പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടിയതിനെയും കോടതി വിമർശിച്ചു. നിരോധനാജ്ഞ പൊലീസ് തെറ്റായി പ്രയോഗിക്കുന്നത് പലതവണ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണെന്നു കോടതി ഓർമിപ്പിച്ചു. പ്രതിഷേധങ്ങൾക്കിടെ അറസ്റ്റിലായ ആസാദ് കഴിഞ്ഞ മാസം 21 മുതൽ ജയിലിലാണ്.
ചന്ദ്രശേഖർ ആസാദിന് ജാമ്യം ലഭിക്കുന്നത് പൗരത്വ നിയമത്തിനെതിരെയുള്ള സമരത്തിന് ആക്കംകൂട്ടും. ബിജെപിക്കും ഡൽഹി പോലീസിനും ഒരുപോലെ കനത്ത തിരിച്ചടിയാണ് ചന്ദ്രശേഖറിൻ്റെ ജാമ്യം നൽകിയിരിക്കുന്നത്. ഡൽഹി ജുമാ മസ്ജിദിൽ പ്രധിഷേധിച്ച ചന്ദ്രശേഖറിനെ തങ്ങളുടെ പുതിയ ഇമാമായിട്ടാണ് അവിടെ കൂടിയ ജനങ്ങൾ പ്രഖ്യാപിച്ചത്. ഇത്രത്തോളം ജനസ്വാധീനമുള്ള ആസാദിൻ്റെ ഓരോ നീക്കവും കരുതലോടെയാകും പോലീസ് നിരീക്ഷിക്കുക