രാജ്യദ്രോഹിയായി ജയിലിലടച്ചു;പുറത്ത് വരുന്നത് ഇന്ത്യന്‍ ചെഗുവേരയായി,കനയ്യ കുമാര്‍ പുറത്തുവരുമ്പോള്‍.

ന്യൂഡല്‍ഹി: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രധാനമായും രണ്ട് വിധത്തിലുള്ള നേതാക്കളാണുള്ളത്. ഒന്ന്, കുടുംബ മഹിമ കൊണ്ടും പിതാവിന്റെ പാരമ്പര്യം കൊണ്ടും സമ്പത്തുകൊണ്ടും സ്വാഭികമായി രാഷ്ട്രീയത്തിലേക്ക് കെട്ടിയിറക്കപ്പെട്ടവല്‍, രണ്ടാമേത്തേത്, സ്വപ്രയത്‌നം കൊണ്ട് പ്രതിസന്ധികളോട് പൊരുതിയും നിരലാംബര്‍ക്ക് വേണ്ടി പോരാടിയും പ്രതിരോധം തീര്‍ത്തും തീയില്‍ കുരുത്ത് സ്വയം നേതാവായവര്‍. ഏതൊരു നേതാവിന്റെയും ജനപ്രീതിയും വളര്‍ച്ചയും ഓരോ കാലഘട്ടത്തിലെ സാമൂഹ്യ മാറ്റവുമായി ബന്ധപ്പെട്ട് തന്നെയാണ്. ഇന്നിന്റെ രാഷ്ട്രീയത്തില്‍ അന്യം നിന്നു കൊണ്ടിരിക്കുന്ന സിപിഐ രാഷ്ട്രീയത്തില്‍ നിന്നും കരുത്തുറ്റ ഒരു യുവ രാഷ്ട്രീയക്കാരന്റെ ഉദയമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ബിഹാറില്‍ നിന്നുമുള്ള ജെഎന്‍യു വിദ്യാര്‍ത്ഥി കനയ്യ കുമാറാണ് ഇന്ത്യന്‍വിപ്ലവ യുവത്വത്തിന്റെ പ്രതീകമായി പിറവിയെടുത്തിരിക്കുന്നത്. എന്തിനെയും മര്‍ദ്ദിച്ചു നേരിടാമെന്ന ഭരണകൂടത്തിന്റെ ഹുങ്കിനോടുള്ള പ്രതിരോധമായി പിറവിയെടുത്തതാണ് കനയ്യകുമാര്‍.

ജെഎന്‍യുവില്‍ ഹിന്ദുത്വവാദികളുടെ അജണ്ടകളെ അക്കമിട്ട് നിരത്തി ചോദ്യം ചെയ്തതിന്റെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലില്‍ അടച്ച കനയ്യകുമാര്‍ ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച് പുറത്തുവരുന്നത് രാജ്യത്തിന്റെ നേതാവായാണ്. ഇന്ത്യന്‍ യുവത്വം നെഞ്ചിലേറ്റിയ പേരായി കനയ്യ കുമാര്‍ മാറിയിരിക്കുന്നു. ഭൂരിപക്ഷം ഇന്ത്യക്കാരും ആഗ്രഹിച്ചത് കന്നയ്യയുടെ മോചനമാണ്. ബിഹാറിലെ ചെറ്റക്കുടിലില്‍ നിന്നും രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് എത്തി നെറികേടുകള്‍ക്കെതിരെ പോരാടിയ കനയ്യ്ക് ഇന്ത്യന്‍ ചെഗുവേരെയെന്ന് പോലും വാഴ്ത്തുന്നവരുണ്ട്. ഇന്നലെ കനയ്യക്ക് ജാമ്യം നല്‍കിയതോടെ ബിഹാറിലെ അദ്ദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കളുമൊക്കെ ആഹ്ലാദത്തിലാബിഹാറിലെ ബെഗുസരായ് ജില്ലയിലുള്ള ബിഹാട്ട് ഗ്രാമത്തിലാണ് കനയ്യ ജനിച്ചത്. രാജ്യദ്രോഹത്തിന് മകന്‍ അറസ്റ്റിലായപ്പോഴും അദ്ദേഹത്തിന്റെ മാതാപാതിക്കള്‍ ഉറപ്പിച്ചത്. മകന്‍ ഒരിക്കലും ഭാരതമാതാവിന് അപകടകാരിയാകില്ലെന്നാണ്. എന്തായാലും ആ വിശ്വാസം തെറ്റിയില്ല, ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റായ കനയ്യ അവരുടെ വിശ്വാസം കാത്തു.

2013 മുതല്‍ പക്ഷാഘാതം ബാധിച്ച് തളര്‍ന്ന് കിടക്കുന്ന ജയ്ശങ്കര്‍ സിംഗും മീനാദേവിയുമാണ് കന്‍ഹൈയയുടെ മാതാപിതാക്കള്‍. അംഗനവാടി ടീച്ചറായി കഷ്ടപ്പെട്ട് ജോലി ചെയ്ത് ലഭിക്കുന്ന തുച്ഛമായ തുക കൊണ്ടാണ് ഈ മാതാവ് മകനെ കഷ്ടപ്പെട്ട് പഠിപ്പിക്കുന്നത്. നല്ല വിദ്യാഭ്യാസം കിട്ടാന്‍ വേണ്ടിയ ഡല്‍ഹിക്ക് അയക്കുകയുമായിരുന്നു. ആ മകന്‍ രാജ്യദ്രോഹത്തിന് അറസ്റ്റിലായെന്ന വാര്‍ത്ത ഇവരെ ഏറെ ആശങ്കയിലാക്കിയിരുന്നു. എന്നാല്‍, പിന്തുണയുമായി രാഷ്ട്രീയപാര്‍ട്ടികള്‍ രംഗത്തെത്തിയതോടെ ഇവര്‍ ആത്മവിശ്വാസത്തിലായിരുന്നു.

തനിക്ക് വെറും പത്താം ക്ലാസ് വരെയേ പഠിക്കാന്‍ കഴിഞ്ഞിരുന്നുള്ളുവെന്നും എന്നാല്‍ താന്‍ മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം ഉറപ്പാക്കിട്ടുണ്ടെന്നുമാണ് ജയ്ശങ്കര്‍ സിങ് വേദനയോടെ പറയുന്നത്. തങ്ങളെ പോലുള്ള പാവപ്പെട്ടവര്‍ക്ക് വിദ്യാഭ്യാസമാണ് ഏറ്റവും വലിയ മൂലധനമെന്നും അദ്ദേഹം പറയുന്നു. ഒരു വീഡിയോ, ഓഡിയോ ഫൂട്ടേജിലും തന്റെ മകന്‍ രാജ്യദ്രോഹപരമായി എന്തെങ്കിലും പറഞ്ഞുവെന്ന് കാണിക്കുന്നില്ലെന്നും അദ്ദേഹം തറപ്പിച്ച് പറഞ്ഞിരുന്നു. തന്റെ മകനെ ആരൊക്കെയോ ചേര്‍ന്ന് കുരുക്കിലാക്കുകയായിരുന്നുവെന്നാണ് തന്റെ വീട്ടില്‍ തടിച്ച് കൂടിയ ജനക്കൂട്ടത്തോട് ജയ്ശങ്കര്‍ സിങ് പറഞ്ഞത്. ഇങ്ങനെ കുടുക്കിയത് ബിജെപിക്കാരാണെന്ന കാര്യം പിന്നീട് വ്യക്തമാകുകയും ചെയ്തു.

കനയ്യ അറസ്റ്റിലായപ്പോള്‍ ധൈര്യമുള്ള മുഖത്തോടെയാണ് അമ്മയായ മീനാദേവി ഈ സന്ദര്‍ഭത്തോട് പ്രതികരിച്ചിരുന്നത്. തന്റെ മകന്‍ രാജ്യത്തിന് വിരുദ്ധമായി യാതൊന്നും ചെയ്തിട്ടില്ലെന്നും പറഞ്ഞിട്ടില്ലെന്നും അതിനാല്‍ അവനൊന്നും സംഭവിക്കുകയില്ലെന്നുമാണ് അവര്‍ ഉറച്ച് വിശ്വസിച്ചത്. ഇവിടെയൊരു കോടതിയുണ്ടെന്നും തനിക്ക് മകനിലും ദൈവത്തിലും പൂര്‍ണമായ വിശ്വാസമുണ്ടെന്നും മീനാദേവി ദൃഢമായ സ്വരത്തില്‍ പറഞ്ഞിരുന്നു. ഈ വിശ്വാസം തന്നെ ശരിയായി ഭവിക്കുകയും ചെയ്തു. അംഗനവാടി ടീച്ചറായി ഇവര്‍ക്ക് മാസത്തില്‍ ലഭിക്കുന്ന 3000 രൂപയാണ് ഈ കുടുംബത്തിന്റെ മുഖ്യവരുമാനങ്ങളിലൊന്ന്. കൂടാതെ ഇവരുടെ മൂത്ത മൂന്ന് ആണ്‍കുട്ടികള്‍ ജോലിക്ക് പോകുന്നുമുണ്ട്.

ജെഎന്‍യു ഇടത് പക്ഷത്തിന് ശക്തമായ സ്വാധീനമുള്ള സ്ഥലമാണെന്നും അതിനാല്‍ തന്റെ മകനെ കേസില്‍ പെടുത്തുകയായിരുന്നുവെന്നുമാണ് അദ്ദേഹം ആവര്‍ത്തിച്ച് പറയുന്നത്.ബിഹാറില്‍ കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ കന്‍ഹൈയ സിപിഐ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണം നടത്തിയതിനാലാണ് ഇപ്പോള്‍ കേസിലകപ്പെടാന്‍ കാരണമായതെന്നും ഈ പിതാവ് പറയുന്നു. ടെഗ്ഹ്ര നിയമസഭാമണ്ഡലത്തിന്റെ ഭാഗമായി നിലകൊള്ളുന്ന ബിഹാട്ടില്‍ ഇപ്പോള്‍ ജെഡി(യു) എംഎല്‍എ ആണുള്ളതെങ്കിലും പ്രദേശം ലെനിന്‍ഗ്രാഡ് ഓഫ് ബീഹാര്‍ എന്നാണറിയപ്പെടുന്നത്.

നാല് ദശാബ്ദങ്ങളായി ഇടതുപക്ഷത്തിന്റെ കോട്ടയാണിത്. ഇടതുവിരുദ്ധ പാര്‍ട്ടികളുമായി നിരവധി പ്രശ്‌നങ്ങളും ആക്രമണങ്ങളും ഇവിടെ അരങ്ങേറിയിട്ടുണ്ട്.പഠിക്കുന്ന കാലത്ത് തന്നെ കന്‍ഹൈയ സിപിഐയുടെ വിദ്യാര്‍ത്ഥി വിഭാഗമായ ആള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ പ്രവര്‍ത്തകനായിരുന്നുവെന്നാണ് മൂത്ത സഹോദരനയാ പ്രിന്‍സ് പറയുന്നത്. തങ്ങളുടെ കുടുംബം മുഴുവന്‍ കമ്മ്യൂണിസ്റ്റുകളാണെന്നും പ്രിന്‍സ് വെളിപ്പെടുത്തുന്നു.ബറൗനിയിലെ ആര്‍കെസി ഹൈസ്‌കൂള്‍, മഗധ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലായിരുന്നു കന്‍ഹൈയയുടെ വിദ്യാഭ്യാസം. ആള്‍ ഇന്ത്യ സ്റ്റുഡന്റ് ഫെഡറേഷന്റെയും ആള്‍ ഇന്ത്യ യൂത്ത് ഫെഡറേഷന്റെയും ബെഗുരാസായിലെ യൂണിറ്റുകള്‍ കേന്ദ്ര അഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, സ്മൃതി ഇറാനി എന്നിവര്‍ക്കെതിരെ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു

ഭരണകൂട ഭീകരതയ്ക്ക് എതിരായ പ്രതിരോധത്തിന്റെ ശബ്ദമയാ മാറിയിരുന്നു കനയ്യകുമാര്‍. കനയ്യ അറസ്റ്റിലായ വേളയില്‍ കനയ്യയുടെ ചിത്രങ്ങള്‍ സഹിതമുള്ള ടീ ഷര്‍ട്ടുകള്‍ ധരിച്ചാണ് യുവാക്കള്‍ പിന്തുണ അര്‍പ്പിച്ചിരുന്നത്. 150 രൂപയ്ക്കാണ് ടീ ഷര്‍ട്ടുകള്‍ ലഭ്യം. മേരാ യാര്‍ കനയ്യകുമാര്‍ എന്ന് ടീഷര്‍ട്ടില്‍ പ്രന്റ് ചെയ്തിട്ടുമുണ്ട്.നിരവധി പേരാണ് കനയ്യകുമാറിന്റെ ചിത്രമുള്ള ടീ ഷര്‍ട്ടുകള്‍ തേടി വരുന്നത്. മുന്‍കാലങ്ങളില്‍ ചെഗുവേര ചിത്രങ്ങള്‍ക്കാണ് പ്രിയമെങ്കില്‍ അതാണ് ഇപ്പോള്‍ കാമ്പസിന്റെ വീരപുരുഷനായ കനയ്യയ്ക്ക് വഴിമാറിയത്.

കനയ്യക്ക് ജാമ്യം അനുവദിച്ച വാര്‍ത്ത പുറത്തുവന്നതോടെ ജന്തര്‍മന്ദറില്‍ എബിവിപി ഒഴിച്ചുള്ള വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ ആഹ്‌ളാദപ്രകടനം നടന്നു. മോദി സര്‍ക്കാരിന്റെ ഏകാധിപത്യമനോഭാവത്തിനേറ്റ കനത്തതിരിച്ചടിയാണ് വിധിയെന്ന് വിദ്യാര്‍ത്ഥിനേതാക്കള്‍ പ്രതികരിച്ചു. ഇന്ന് ക്യാമ്പസില്‍ എത്തുന്ന കനയ്യക്ക് ഉജ്വലവരവേല്‍പ്പ് നല്‍കുമെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചിട്ടുണ്ട്. ജാമ്യവാര്‍ത്ത അറിഞ്ഞ് ബിഹാര്‍ ബെഗുസരായ് ബിഹാട് ഗ്രാമത്തിലെ കനയ്യയുടെ വീട്ടില്‍ ഹോളി ആഘോഷം നടന്നു.

Top