മാണിയെ ഇടതിലേക്ക് പോകാന്‍ സമ്മതിക്കില്ല; എന്തുകൊണ്ടും നേരിടുമെന്ന് സിപിഐ

km-mani

തിരുവനന്തപുരം: കെഎം മാണി ഇടതിലേക്ക് പോകുമെന്ന ആശങ്കയിലാണ് യുഡിഎഫും ഒപ്പം സിപിഐയും. മാണിയുടെ കേരളാ കോണ്‍ഗ്രസിനെ ഇടത് മുന്നണിയില്‍ എടുക്കാനുള്ള സിപിഐഎമ്മിന്റെ നീക്കം എന്തുകൊണ്ടും നേരിടുമെന്നാണ് സിപിഐ വ്യക്തമാക്കിയത്.

സിപിഐ(എം) നീക്കം ചെറുക്കാന്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി. മാണിക്കെതിരെ കടുത്ത പ്രസ്താവനകളുമായി സിപിഐ നേതാക്കള്‍ കളം നിറയും. മാണിയുടെ ബാര്‍ കോഴ അഴിമതി നിരന്തരം ചര്‍ച്ചയാക്കാനാണ് പദ്ധതി. ഇക്കാര്യത്തില്‍ 23നു സിപിഐ നിര്‍വാഹക സമിതി മാണിക്കെതിരെ ഔദ്യോഗിക നിലപാടുമെടുക്കും. അഭിപ്രായവ്യത്യാസം ഉഭയകക്ഷി ചര്‍ച്ചയിലോ മുന്നണി യോഗത്തിലോ അറിയിക്കും. മാണി യുഡിഎഫ് വിട്ടു ദിവസങ്ങള്‍ക്കകം തന്നെ അദ്ദേഹത്തോട് അയിത്തമില്ലെന്ന സൂചന സിപിഐ(എം) നല്‍കിയതില്‍ കള്ളക്കളി കാണുകയാണ് സിപിഐ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇടതുപക്ഷ വ്യതിയാനമുള്ള പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ്. ക്രൈസ്തവസഭാ വോട്ടുകളാണ് കേരളാ കോണ്‍ഗ്രസിന്റെ അടിസ്ഥാനം. അത്തരമൊരു പാര്‍ട്ടി അഴിമതിയുടെ പടുകുഴിയിലുമാണ്. അതുകൊണ്ട് തന്നെ ഇടതുപക്ഷത്ത് മാണി വേണ്ടെന്നാണ് നിലപാട്. ഇടതുമുന്നണിക്ക് വ്യക്തമായ പിന്തുണ നിയമസഭയിലുണ്ട്. അതിനാല്‍ മാണിയെ സ്വീകരിച്ച് ആനയിക്കുന്നത് എന്തിനെന്നതാണ് കാനം രാജേന്ദ്രനും കൂട്ടരും ഉയര്‍ത്തുന്ന ചോദ്യം. കോടിയേരി ബാലകൃഷ്ണന്റെ വാര്‍ത്താസമ്മേളനത്തിലെ പരാമര്‍ശങ്ങളും പാര്‍ട്ടിപത്രത്തിലെ ലേഖനവും മുഖപ്രസംഗവും അനവസരത്തിലുള്ളതാണെന്നാണു സിപിഐ വിലയിരുത്തല്‍. ഇത് എല്‍ഡിഎഫിന്റെ നയമല്ലെന്നു സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞത് അതുകൊണ്ടാണ്. എന്നാല്‍ സിപിഐയുടേത് അടഞ്ഞ രാഷ്ട്രീയ സമീപനമാണെന്നും അതു പുതിയ രാഷ്ട്രീയ സാഹചര്യങ്ങളെ എല്‍ഡിഎഫിന് അനുകൂലമാക്കുന്നതിനു യോജിച്ചതല്ലെന്നുമാണു സിപിഐ(എം) കാഴ്ചപ്പാട്.

മാണിയും സിപിഎമ്മും അനൗദ്യോഗികമായ ആശയവിനിമയങ്ങള്‍ നടത്തുന്നുണ്ട് എന്നാണു സിപിഐ കരുതുന്നത്. മാണി താല്‍പര്യപ്പെടാതെ കോടിയേരി അനുകൂലമായി സംസാരിക്കില്ലെന്നും. സിപിഐ(എം) കേന്ദ്രങ്ങള്‍ ഇതു നിഷേധിക്കുമ്പോഴും മുന്നണിക്കു പുറത്തുനിര്‍ത്തിയുള്ള ധാരണയ്ക്കാണു നീക്കമെന്നാണു സിപിഐ കരുതുന്നത്. മാണി ബിജെപി പാളയത്തേക്കു പോയാല്‍ എന്‍ഡിഎ ശക്തിപ്പെടും എന്ന സിപിഐ(എം) വാദത്തെ സിപിഐ എതിര്‍ക്കുന്നു. യുഡിഎഫിനെ ശിഥിലീകരിക്കുക എന്ന സിപിഎമ്മിന്റെ ലക്ഷ്യത്തോടു വിയോജിപ്പില്ല. എന്നാല്‍ അതിന്റെ ആരോയും ഇടതുപക്ഷത്ത് എത്തിക്കാന്‍ അനുവദിക്കില്ലെന്നാണ് സിപിഐയുടെ നിലപാട്. എന്ത് എതിര്‍പ്പും അവഗണിച്ച് മാണിയേയും മുസ്ലിം ലീഗിനേയും ഒപ്പം കൂട്ടാനാണ് സിപിഐ(എം) തീരുമാനം. ഇതിന്റെ പേരില്‍ സിപിഐ മുന്നണി വിട്ടുപോയാലും കുഴപ്പമില്ലെന്നാണ് പക്ഷം.

ഇത് തിരിച്ചറിഞ്ഞാണ് സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കാന്‍ സിപിഐ മറുതന്ത്രം ആവിഷ്‌കരിക്കുന്നത്. നിലവില്‍ മാണിയെ പൂര്‍ണ്ണമായും അനുകൂലിക്കാന്‍ സിപിഎമ്മിന് കഴിയില്ല. അതുകൊണ്ട് തന്നെ അഴിമതിയില്‍ ആരോപണങ്ങള്‍ നിറച്ച് മാണിയെ കടന്നാക്രമിക്കും. നിയമസഭയില്‍ ഇടത് നിരയില്‍ കേരളാ കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന സമീപനമാകും സിപിഐ എടുക്കുക. അങ്ങനെ പരമാവധി മാണിയെ പ്രകോപിപ്പിക്കും. സിപിഎമ്മിന് പരസ്യമായി പിന്തുണയ്ക്കാനും കഴിയില്ലെന്നാണ് സിപിഐയുടെ വിലയിരുത്തല്‍ സിപിഐയുടെ പ്രധാന നേതാക്കള്‍ തന്നെ ഈ നീക്കത്തിന് മുമ്പിലുണ്ടാകും. അങ്ങനെ ഇടതുപക്ഷവുമായുള്ള മാണിയുടെ ബന്ധത്തെ പ്രതിസന്ധിയിലാക്കാനാണ് നീക്കം. മാണി എന്‍ഡിഎയിലേക്ക് പോകട്ടേ എന്നാണ് സിപിഐയുടെ പക്ഷം. മുസ്ലിം ലീഗിനെ വര്‍ഗ്ഗീയ കക്ഷിയായി കളിയാക്കലും തുടരും. ഈ രണ്ട് കൂട്ടരും ഇടതുപക്ഷത്ത് എത്തുന്നത് മുന്നണിയിലെ രണ്ടാമനെന്ന പദവിക്ക് കോട്ടമുണ്ടാക്കുമെന്ന് സിപിഐ വിലയിരുത്തുന്നു.

കേരളത്തില്‍ തുടര്‍ ഭരണമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ലക്ഷ്യമിടുന്നത്. ബിജെപിയുടെ വളര്‍ച്ച അതിനുള്ള സാഹചര്യം ഒരുക്കും. കോണ്‍ഗ്രസിന് അനുകൂലമായ ഭൂരിപക്ഷ വോട്ടുകള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ ബിജെപിക്ക് അനുകൂലമായി. കേരളത്തിലുടനീളം വലിയ വോട്ട് വര്‍ദ്ധന ബിജെപിക്കുണ്ടായി. ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും സിപിഐ(എം) വോട്ടുകളിലും വിള്ളല്‍ വീണു. ഈ സാഹചര്യത്തില്‍ ക്രൈസ്തവരുടെ പിന്തുണ അനിവാര്യതയാണ്. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിനെയാണ് ക്രൈസ്തവ വിഭാഗത്തിന് കൂടുതല്‍ താല്‍പ്പര്യം. ഫ്രാന്‍സിസ് ജോര്‍ജിനെ കൊണ്ടുവന്നുള്ള പരീക്ഷണം ഫലിക്കാത്തത് ഈ സാഹചര്യത്തിലാണ്. അതിനാല്‍ കോട്ടയത്തിന്റേയും ഇടുക്കിയുടേയും മനസ്സ് അനുകൂലമാക്കാന്‍ മാണിയാണ് നല്ലതെന്ന് സിപിഐ(എം) തിരിച്ചറിയുന്നു. ഇതിനൊപ്പം ബിജെപിയുമായി മാണി അടുക്കുമെന്നതിന്റെ സൂചനകളേയും ആശങ്കയോടെയാണ് സിപിഐ(എം) കാണുന്നത്.

ബിജെപിയും വെള്ളാപ്പള്ളി നടേശനും അടുത്തത് സിപിഎമ്മിന് തെക്കന്‍ കേരളത്തില്‍ ചെറിയ തിരിച്ചടിയുണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേരളാ കോണ്‍ഗ്രസ് കൂടി ബിജെപി പക്ഷത്ത് എത്തിയാല്‍ അവര്‍ നിര്‍ണ്ണായക ശക്തിയാകും. ബിജെപിയെ വളര്‍ത്താതെ അവരുമായി മത്സര സാഹചര്യമൊരുക്കി ജയിക്കുകയാണ് സിപിഐ(എം) ലക്ഷ്യം. അതിനായി ന്യൂനപക്ഷ വോട്ടുകളെ അനുകൂലമാക്കാനാണ് നീക്കം. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് തിരിച്ചടി നേരിടുകയാണ്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് വലിയ തിരിച്ചടിയുണ്ടാകും. മോദി ഭരണത്തിന് അവസാനമുണ്ടായാല്‍ പോലും അത് പ്രാദേശീക കക്ഷികളായ തൃണമൂലിന്റെയും ജനതാദള്ളുകളുടേയും ഇടത് ശക്തികളുടേയും ശ്രമ ഫലമാകും. അതുകൊണ്ട് തന്നെ ദേശീയ തലത്തില്‍ തകര്‍ന്നടിയുന്ന കോണ്‍ഗ്രസിനെ കേരളം പിന്തുണയ്ക്കില്ലെന്ന കണക്ക് കൂട്ടലിലാണ് ഇടതു പക്ഷം. ഇതുറപ്പാക്കാന്‍ ന്യൂനപക്ഷത്തെ മുഴുന്‍ ഇടത് മുന്നണിയിലെത്തിക്കാനാണ് തീരുമാനം. പികെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവരുമായി സിപിഐ(എം) അനൗദ്യോഗിക ചര്‍ച്ച തുടങ്ങി കഴിഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് ലീഗിനേയും കേരളാ കോണ്‍ഗ്രസിനേയും ഇടത് പക്ഷത്ത് എത്തിക്കാനാണ് നീക്കം. ഇതില്‍ യുഡിഎഫിന് പുറത്തുള്ള കേരളാ കോണ്‍ഗ്രസിനെ ഇടത് പക്ഷത്തേക്ക് എടുക്കേണ്ടി വരുമെന്ന് സിപിഐ(എം) തിരിച്ചറിയുന്നുമുണ്ട്.

കേരളാ കോണ്‍ഗ്രസുമായുള്ള അനൗദ്യോഗിക ചര്‍ച്ചകളില്‍ രണ്ട് ലോക്സഭാ സീറ്റില്‍ മത്സരിക്കാന്‍ അവസരം നല്‍കാമെന്ന് സിപിഐ(എം) വ്യക്തമാക്കിയിട്ടുണ്ട്. കോട്ടയവും ഇടുക്കിയുമാണ് കേരളാ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. എന്നാല്‍ ജോയ്സ് ജോര്‍ജിന്റെ സിറ്റിങ് സീറ്റാണ് ഇടുക്കി. ഈ സാഹചര്യത്തില്‍ കോട്ടയവും പത്തനംതിട്ടയും ഉറപ്പായി നല്‍കാമെന്നാണ് സിപിഐ(എം) പക്ഷം. ലീഗ് വന്നാല്‍ മലപ്പുറവും പൊന്നാനിയും വിട്ടു നല്‍കും. നിലവില്‍ സിപിഐയാണ് മലപ്പുറത്ത് മത്സരിക്കുന്നത്. ലീഗെത്തിയാല്‍ കോഴിക്കോടും വടകരയും വയനാടും ഇടത് ജയമുറപ്പാണെന്ന് സിപിഐ(എം) വിലയിരുത്തല്‍. കാസര്‍ഗോഡും സീറ്റ് എളുപ്പത്തില്‍ നിലനിര്‍ത്താനാകും. കണ്ണൂരും ലീഗ് നിര്‍ണ്ണായക ശക്തിയാണ്. ഇതിലൂടെ മലപ്പുറത്തെ ഇടത് കോട്ടയാക്കാമെന്നാണ് സിപിഐ(എം) പക്ഷം. അതിനാല്‍ ലീഗിന് വേണ്ടി എന്ത് വിട്ടുവീഴ്ചയ്ക്കും സിപിഐ(എം) തയ്യാറാകും. ഇതിനെ സിപിഐ എതിര്‍ത്താല്‍ അവര്‍ മുന്നണിക്ക് പുറത്ത് പോകട്ടെയെന്നാണ് വിലയിരുത്തല്‍.

Top