‘മാണി സാറി’നെ ‘മാണി’യാക്കി കെ.സി. ജോസഫ്.മാണിക്കെതിരെ കോട്ടയം ഡിസിസിയുടെ പ്രമേയം

കോട്ടയം:ഇനിമുതല്‍ കോണ്‍ഗ്രസുകാര്‍ക്ക് മാണി സാര്‍ വെറും ‘മാണി ‘മാത്രം .പ്രക്യാപനം നടത്തിയത് ഇരിക്കൂറിലെ എം എല്‍ എ കോട്ടയത്തുകാരന്‍ കെ.സി.ജോസഫ് . കെ.എം. മാണിക്കും ജോസ് കെ. മാണിക്കുമെതിരെ ആഞ്ഞടിച്ചു കോട്ടയം ഡിസിസി യോഗത്തില്‍ പ്രമേയം പാസാക്കിയ യോഗത്തിലാണ് കെ.സി ജോസഫ് മാണി സാറിനെ ‘വെറും മാണി ‘ആക്കിയത് . മാണിയും മകനുമായി ഇനി ഒരുവിധത്തിലുള്ള കൂട്ടുകെട്ടും വേണ്ടെന്ന് ഡിസിസി യോഗം തീരുമാനിച്ചു. വഞ്ചന ഇനിയും വച്ചുപൊറുപ്പിക്കാനാവില്ലെന്നു വ്യക്തമാക്കിയാണു പ്രമേയം പാസാക്കിയത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി. ജോസഫ് തുടങ്ങിയവര്‍ കെ.എം. മാണിക്കെതിരെ രൂക്ഷമായ ഭാഷയിലാണു യോഗത്തില്‍ സംസാരിച്ചത്. ‘മാണി സാര്‍’ എന്ന വിളി ‘മാണി’യെന്നു തിരുത്തിയ കെ.സി. ജോസഫിന്റെ പ്രസംഗം യോഗം കയ്യടികളോടെ സ്വീകരിച്ചു.

യോഗം ഉദ്ഘാടനം ചെയ്ത മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാണിക്കും ജോസ് കെ.മാണിയ്ക്കുമെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു. സിപിഎം പിന്തുണയോടെ യുഡിഎഫിനെ വെട്ടി കോട്ടയം ജില്ലാ പഞ്ചായത്തില്‍ ഭരണം പിടിക്കുക വഴി കെ.എം. മാണിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ് എമ്മും കാട്ടിയത് രാഷ്ട്രീയ വഞ്ചനയാണെന്ന നിലപാട് ഉമ്മന്‍ ചാണ്ടി ആവര്‍ത്തിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

joseph
കഴിഞ്ഞ 42 വര്‍ഷവും കേരള കോണ്‍ഗ്രസിനു വേണ്ടി പ്രവര്‍ത്തിച്ച ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്ഷേപിച്ച ജോസ് കെ. മാണിയുടെ നടപടി നന്ദികേടാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. നാലുപേരെ പറഞ്ഞുകേള്‍പ്പിക്കാന്‍ ഒരു കാരണവും ഇല്ലാതെയാണ് കേരള കോണ്‍ഗ്രസ് (എം) സിപിഎമ്മിനൊപ്പം കൂടിയത്. ഇതു തീര്‍ത്തും രാഷ്ട്രീയവഞ്ചന തന്നെയാണ്. കേരള കോണ്‍ഗ്രസ് എടുത്ത നിലപാടു യാദൃച്ഛികമല്ല. സിപിഎമ്മിലേക്കു പാലമിടാനായിരുന്നു കേരള കോണ്‍ഗ്രസ് നീക്കമെന്നു സംശയിക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.ഇന്നേവരെ കൈപ്പത്തിക്കു വോട്ടുചെയ്യാന്‍ കഴിയാത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരുള്ള ജില്ലയാണ് കോട്ടയമെന്ന് ഓര്‍മിപ്പിച്ച തിരുവഞ്ചൂര്‍, കോട്ടയത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സ്വാതന്ത്ര്യ ദിനമാണിതെന്നും പറഞ്ഞു.

പ്രമേയത്തിന്റെ പൂര്‍ണരൂപം

കോട്ടയം ജില്ലാ പ‍ഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) നേതാക്കളായ കെ.എം. മാണിയും ജോസ് കെ.മാണിയും കടുത്ത വഞ്ചനയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയോടു ചെയ്തത്. പാര്‍ട്ടിയെ ചതിയില്‍പ്പെടുത്തി പ്രസിഡന്റ് പദവി രാജിവയ്പ്പിച്ച് സിപിഎം ബാന്ധവത്തോടെ സ്ഥാനം കൈക്കലാക്കിയ മാണിയുടെ അവസരവാദ രാഷ്ട്രീയം ജനാധിപത്യ കേരളത്തിന് അപമാനമായിരിക്കുകയാണ്. മാണിയുടെ അവിശുദ്ധ സിപിഎം ചങ്ങാത്തം ജനങ്ങളില്‍നിന്നും, അണികളില്‍നിന്നും, സഹപ്രവര്‍ത്തകരില്‍നിന്നും ഇരുവരെയും ഒറ്റപ്പെടുത്തിയിരിക്കുകയാണ്.

കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റും കേരള കോണ്‍ഗ്രസിന്റെ എംഎല്‍എമാരും പോലും അംഗീകരിക്കാത്ത ഈ പ്രവര്‍ത്തിയെ ന്യായീകരിക്കുവാന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയെ കുറ്റപ്പെടുത്തുന്ന കെ.എം. മാണിയുടെയും ജോസ് കെ.മാണിയുടെയും നീക്കം വിലപ്പോവില്ല. നാളിതുവരെ കേരള കോണ്‍ഗ്രസുമായുണ്ടായിരുന്ന എല്ലാ കരാറുകളും കോണ്‍ഗ്രസ് പാലിച്ചിട്ടും മുത്തോലിയിലും, മൂന്നിലവിലും നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് അവകാശപ്പെട്ട സീറ്റുകളില്‍ മല്‍സരിക്കുകയും, സിപിഎം വോട്ടുകള്‍ വാങ്ങി വിജയച്ചതിന്റെ പേരില്‍ കോണ്‍ഗ്രസിനെ പരസ്യമായി അവഹേളിച്ചതും കേരള കോണ്‍ഗ്രസാണ്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മുന്നണിയായി മല്‍സരിക്കുകയും, തിരഞ്ഞെടുപ്പു കഴിഞ്ഞയുടന്‍ ജില്ലയിലെ മൂന്നു പഞ്ചായത്തുകളിലും, ഒരു നഗരസഭയിലും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുമായി അധികാരം പങ്കുവച്ച് കോണ്‍ഗ്രസിനെ ഒറ്റുകൊടുത്തത് കേരള കോണ്‍ഗ്രസാണ്.
ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചോരയും, നീരും നല്‍കി പ്രവര്‍ത്തിച്ച് തിരഞ്ഞെടുപ്പുകളില്‍ വിജയിപ്പിക്കുകയും, വിജയിച്ചു കഴിഞ്ഞാല്‍ അതിരുകവിഞ്ഞ അവകാശവാദങ്ങളുമായി വരുന്ന കേരളാ കോണ്‍ഗ്രസിന്റെ നടപടിയെ ഇനിയും വച്ചുപൊറുപ്പിക്കാന്‍ കഴിയില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രശ്നത്തെ പ്രാദേശികവല്‍കരിച്ചുകൊണ്ടും, നിസ്സാരവല്‍ക്കരിച്ചുകൊണ്ടും വീണ്ടും കോണ്‍ഗ്രസിനെ അപമാനിക്കാനുള്ള തന്ത്രമാണിതെന്ന് തിരിച്ചറിയുവാനുള്ള വിവേകം ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. ഈ കുതന്ത്രങ്ങളെ ജില്ലാ കോണ്‍ഗ്രസ് നേതൃയോഗം അവഗണിക്കുന്നു. ശ്രീ കെ.എം. മാണിയുമായും പുത്രന്‍ ജോസ് കെ.മാണിയുമായും യാതൊരു വിധത്തിലുള്ള കൂട്ടുകെട്ടിനും തയാറാകരുതെന്ന് ഈ നേതൃയോഗം കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയോട് അഭ്യര്‍ഥിക്കുന്നു.

Top