മാണിയുടെ യു.ഡി.എഫ് പ്രവേശനം ;ഹസനെ പൊരിച്ച് പി.ടി തോമസും വാഴയ്ക്കനും.രാഷ്ട്രീയ നീക്കവുമായി മാണി എകെജി സെന്ററിലേക്ക്

തിരുവനന്തപുരം:മാണിയുടെ യു.ഡി.എഫ് പ്രവേശനം എം എം ഹസനെ പൊരിച്ച് കോണ്-ഗ്രസ് നേതാക്കളായ പി.ടി തോമസും ജോസഫ് വാഴയ്ക്കനും രംഗത്ത് . മലപ്പുറം ഉപതെരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തില്‍ ഇടക്കാല കെപിസിസി അധ്യക്ഷന്‍ എം.എം ഹസനാണ് കെ.എം മാണി യു.ഡി.എഫിലേക്ക് മടങ്ങിയെത്തണമെന്ന് പരസ്യമായി ആവശ്യപ്പെട്ടത്. ഹസന്റെ പ്രസ്താവനയ്‌ക്കെതിരെ പിടി തോമസ് എംഎ‍ല്‍എ, ജോസഫ് വാഴയ്ക്കന്‍, എം.എം ജേക്കബ് എന്നിവരാണ് ഇന്ന് നടന്ന നേതൃയോഗത്തില്‍ രൂക്ഷവിമര്‍ശനമുന്നയിച്ചത്.
കെ.എം മാണി യു.ഡി.എഫിനെ നിരന്തരം അപമാനിക്കുന്നയാളാണ്. ഇത്തരത്തിലുള്ള ഒരാളെ കൂടെ കൂട്ടണമോയെന്ന് നേതൃത്വം ഗൗരവമായി ആലോചിക്കണമെന്ന് പി.ടി തോമസ് എംഎ‍ല്‍എ ആവശ്യപ്പെട്ടു. എല്ലാദിവസവും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് മാണിയെ ക്ഷണിക്കേണ്ട ആവശ്യമില്ലെന്ന് ജോസഫ് വാഴയ്ക്കനും ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ ഇല്ലാത്ത പ്രധാന്യം കേരള കോണ്‍ഗ്രസിനും കെ.എം മാണിക്കും കോണ്‍ഗ്രസ് നേതാക്കള്‍ ഉണ്ടാക്കിക്കൊടുക്കരുത്.

കേരള കോണ്‍ഗ്രസിന്റെ ഇല്ലാത്ത ശക്തി പെരുപ്പിച്ചുകാട്ടാനാണ് പല നേതാക്കളും ഇപ്പോള്‍ ശ്രമിക്കുന്നത്. കോട്ടയം ജില്ലയില്‍ നടന്ന പല ഉപതെരഞ്ഞെടുപ്പുകളിലും ഇടതു മുന്നണിയുമായി കൂട്ടുകൂടിയാണ് കേരള കോണ്‍ഗ്രസ് മത്സരിച്ചതെന്നും വാഴയ്ക്കന്‍ ചൂണ്ടിക്കാട്ടി. സ്വയം ഇറങ്ങിപ്പോയവരെ പിന്നാലെ നടന്ന് മടക്കിവിളിക്കേണ്ട ആവശ്യം യു.ഡി.എഫിനും കോണ്‍ഗ്രസിനുമുണ്ടോയെന്ന് ആലോചിക്കണമെന്ന് മുതിര്‍ന്ന നേതാവ് എം.എം ജേക്കബും ആവശ്യപ്പെട്ടു.
അതേസമയം മാണിയെ യു.ഡി.എഫിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള നീക്കത്തെ മലപ്പുറം ഉപതെരഞ്ഞെടുപ്പിന്റെ പ്രചരണകാലത്തുതന്നെ പി.ടി തോമസ് അതിശക്തമായി എതിര്‍ത്തിരുന്നു. അന്ന് പി.ടി തോമസിന്റെ പ്രസ്താവന വിവാദമായി. തുടര്‍ന്ന് ഉമ്മന്‍ ചാണ്ടിയും പിന്നാലെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മാണിയുടെ മടങ്ങിവരവിനോട് മൃദു സമീപനം സ്വീകരിച്ച് പി.ടിയെ തിരുത്തി. ഇതോടെ ആ വിവാദം അവസാനിക്കുകയും ചെയ്തു. തുടര്‍ന്ന് മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്ക് ഉപാധിരഹിത പിന്തുണ പ്രഖ്യാപിച്ച കേരള കോണ്‍ഗ്രസ് സ്വന്തം നിലയില്‍ കുഞ്ഞാലിക്കുട്ടിക്കു വേണ്ടി പ്രചാരണവും സംഘടിപ്പിച്ചു.mani

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെയാണ് കെപിസിസിയുടെ ഇടക്കാല പ്രസിഡന്റ് എം.എം ഹസന്‍ മാണി യു.ഡി.എഫിലേക്ക് മടങ്ങിവരണമെന്ന പ്രസ്താവനയുമായി രംഗത്തെത്തിയത്. മാണിയുടെ പിന്തുണ മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഗുണം ചെയ്‌തെന്നും എപ്പോള്‍ വേണമെങ്കിലും അദ്ദേഹത്തിന് യു.ഡി.എഫിലേക്ക് മടങ്ങി വരാമെന്നുമായിരുന്നു ഹസന്റെ പ്രതികരണം. ഇതിനെ അനുകൂലിച്ച് പി.കെ കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തി. എന്നാല്‍ ഉടന്‍ യു.ഡി.എഫിലേക്ക് മടക്കമില്ലെന്നായിരുന്നു മാണിയുടെ പ്രതികരണം. എല്ലാ കക്ഷികളോടും കേരള കോണ്‍ഗ്രസിന് ഒരേ സമീപനാമാണെന്നും പാര്‍ട്ടിയുടെ പിന്തുണ മെറിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും മാണി പറഞ്ഞു. ഇതിനിടെ മാണിയെ യു.ഡി.എഫിലെത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് താന്‍ മധ്യസ്ഥത വഹിക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടിയും പ്രഖ്യാപിച്ചിട്ടുണ്ട്.

ബാര്‍ കോഴക്കേസില്‍ കെ.എം മാണിയെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും കുടുക്കാന്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുന്നെന്നാരോപിച്ചാണ് കേരള കോണ്‍ഗ്രസ് യു.ഡി.എഫ് വിട്ടത്. ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടും മാണിക്ക് നീരസമുണ്ട്. അതേസമയം ഉമ്മന്‍ ചാണ്ടി മാണിയെ ഏതുവിധേനയും യു.ഡി.എഫില്‍ എത്തിക്കണമെന്ന ആഗ്രഹമുള്ളയാളാണ്. നിലവിലെ സാഹചര്യത്തില്‍ രമേശ് ചെന്നിത്തലയും ഇതിന് എതിരല്ല. എന്നാല്‍ എക്കാലത്തും കേരള കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പകപോക്കലിന് ഇരകളായിട്ടുള്ള പി.ടി തോമസ്, ജോസഫ് വാഴയ്ക്കന്‍ ഉള്‍പ്പെടെ മധ്യകേരളത്തില്‍നിന്നുള്ള രണ്ടാം നിരനേതാക്കളെല്ലാം മാണിയുടെ മടങ്ങി വരവിന് എതിരാണ്. ഇതു തന്നെയാണ് കോണ്‍ഗ്രസ് നേതൃയോഗത്തില്‍ ഇന്ന് പ്രതിഫലിച്ചതും.

കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് വി എം സുധീരന്‍ പടിയിറങ്ങിയതോടെ സംസ്ഥാന കോണ്‍ഗ്രസിലെ പരസ്യമായ ഭിന്നതകളും ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി അവസാനിച്ചിരുന്നു. സ്വതവെ ശാന്തമായിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലേക്ക് പുതിയ പടയൊരുക്കത്തിന്റെ വെടിമരുന്നായി കെ.എം മാണിയും കേരളകോണ്‍ഗ്രസും മാറിയിരിക്കുകയാണ്.

അതിനിടെ യുഡിഎഫിലേയ്ക്കു തിരികെ വിളിച്ചെന്നും ഇല്ലെന്നുമുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ച് കെ.എം മാണി 20 നു സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്ററിലെത്തും. രാവിലെ പത്തിനു നടക്കുന്ന യോഗത്തില്‍ സംസാരിക്കുന്നതിനു വേണ്ടിയാണ് കെ.എം മാണി എത്തുന്നത്.കേന്ദ്ര സംസ്ഥാന ബന്ധങ്ങളെകുറിച്ചുള്ള സെമിനാര്‍ സംഘടിപ്പിക്കുന്നത് സിപിഎം സംസ്ഥാന കമ്മിറ്റിയുടെയും എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെയും നേതൃത്വത്തിലാണ്. കെ.എം മാണിയെ യുഡിഎഫിലേയ്ക്കു ക്ഷണിക്കുന്നതായി കഴിഞ്ഞ ദിവസം കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം ഹസന്‍ അവകാശപ്പെട്ടിരുന്നു. ഇതിനിടെ ഇന്നലെ ചേര്‍ന്ന കെപിസിസി എക്‌സിക്യുട്ടീവ് കമ്മിറ്റിയില്‍ കെ.എം മാണിയ്ക്കും കേരള കോണ്‍ഗ്രസിനുമെതിരെ വിവിധ കോണുകളില്‍ നിന്നും കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് ഇപ്പോള്‍ കെ.എം മാണി നേരിട്ട് എകെജി സെന്ററില്‍ എത്തുന്നത്.
കെ.എം മാണിയെ റാഞ്ചാന്‍ ബിജെപി കേന്ദ്ര – കേരള നേതൃത്വങ്ങളും നീക്കം നടത്തുന്നുണ്ട്. ഇതിനിടെയാണ് ഇപ്പോള്‍ കെ.എം മാണി തന്നെ സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസിലെത്തുന്നത്. യുഡിഎഫിലേയ്‌ക്കോ – ബിജെപിയിലേയ്‌ക്കോ പോയാല്‍ ബാര്‍ കോഴക്കേസില്‍ ഇടതു മുന്നണി മാണിയെ കുരുക്കാനുള്ള കരുക്കള്‍ നീക്കും. ഈ സാഹചര്യത്തിലാണ് ഇടതു മുന്നണിയിലേയ്ക്കുള്ള വാതില്‍ തുറന്നിട്ട് കെ.എം മാണി രഹസ്യ നീക്കം നടത്തുന്നത്.

Top