മാണിയും 4 മന്ത്രിമാരും ?സര്‍ക്കാരിനെ വെട്ടിലാക്കാവുന്ന 30 കോടിയുടെ ബാര്‍ കോഴ അന്വേഷണം മരവിപ്പിച്ചു

തിരുവനന്തപുരം: ബാറുകള്‍ പൂട്ടുന്നതൊഴിവാക്കാന്‍ രാഷ്ട്രീയത്തിലെ ഉന്നതരുമായി ബാറുടമകള്‍ നടത്തിയ മുപ്പതുകോടിയിലേറെ രൂപയുടെ ഇടപാടുകളെക്കുറിച്ചുള്ള കേന്ദ്ര ആദായനികുതി വകുപ്പിന്റെ അന്വേഷണം മരവിപ്പിച്ചു.കേന്ദ്ര നിര്‍ദ്ദേശപ്രകാരം സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് ഡയറക്ട് ടാക്സേഷന് കീഴിലുള്ള കൊച്ചിയിലെ ഇന്‍വെസ്​റ്റിഗേഷന്‍ ഡയറക്ടര്‍ ജനറല്‍ പുറത്തിറക്കിയ ഉത്തരവുപ്രകാരം ജനുവരിയില്‍ തുടങ്ങിയ അന്വേഷണമാണ് ഒതുക്കിയത്. തിരുവനന്തപുരത്തും കൊച്ചിയിലുമുള്ള ആദായനികുതി വകുപ്പിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരാണ് സര്‍ക്കാരിനെ കുഴപ്പത്തിലാക്കുമായിരുന്ന അന്വേഷണത്തിന് വിലങ്ങിട്ടിരിക്കുന്നതെന്ന് കൗമുദി റിപ്പോര്‍ട്ട് ചെയ്തു.Mani oc
ധനമന്ത്രി  കെ.എം. മാണിക്കു പുറമേ നാല് കോണ്‍ഗ്രസ് മന്ത്രിമാര്‍, കോടികളുടെ കോഴപ്പണമൊഴുക്കിയ ബാറുടമകള്‍ എന്നിവരെല്ലാം അന്വേഷണ പരിധിയിലുണ്ടായിരുന്നു. ആദായനികുതി വകുപ്പിന്റെ കൊച്ചിയിലെ ഇന്‍വെസ്​റ്റിഗേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സഞ്ജയ് ജോസ് അന്വേഷണം ആരംഭിക്കുകയും ബിജുരമേശിന്റെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ചില ബാറുടമകളുടെ വീടുകളിലും ഓഫീസുകളിലും റെയ്ഡ് നടത്തി രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തതോടെ അന്വേഷണം അട്ടിമറിച്ചു. ആദായനികുതി വകുപ്പിലെ ഉന്നതന്‍ തുടരന്വേഷണം വേണ്ടെന്ന് അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

കെ.എം. മാണിയെ പ്രതിയാക്കി ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് കേസെടുത്തതിന് പിന്നാലെയാണ് ബാറുടമകളുടെ പണമൊഴുക്കിനെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ആദായനികുതി വകുപ്പ് അന്വേഷണമാരംഭിച്ചത്. പൂട്ടിയ 418 ബാറുകള്‍ തുറക്കാന്‍ ബാറുടമകളില്‍ നിന്ന് 20 കോടി രൂപ പിരിച്ചെടുത്തതായാണ് അസോസിയേഷന്‍ യോഗത്തിന്റെ മിനിട്ട്സിലുള്ളത്.418 ബാറുകള്‍ തുറക്കാതിരിക്കാന്‍ മ​റ്റൊരു 30 കോടിയുടെ ഇടപാടും പുറത്തായിരുന്നു. ഈ പണത്തിന്റെ ഉറവിടവും കൈമാറ്റവുമാണ് ആദായ നികുതിവകുപ്പ് അന്വേഷിച്ചത്. പിരിവുനല്‍കിയ ബാറുടമകളോട് പണത്തിന്റെ ഉറവിടമടക്കമുള്ള തെളിവുകള്‍ നല്‍കാനും നിര്‍ദ്ദേശിച്ചിരുന്നു. എലഗന്‍സ് ഗ്രൂപ്പ് ഉടമ ബിനോയിയുടെ ഒന്‍പത് ബാറുകളിലും വീടുകളിലും കൊല്ലത്തെ വ്യവസായി സുനില്‍ സ്വാമിയുടെ വീട്ടിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. തളിപ്പറമ്പിലെ വ്യവസായിയുടെ വീട്ടിലും പരിശോധന നടത്തി. ബിനോയിയുടെ ഓഫീസ് രേഖകളും കമ്പ്യൂട്ടറും കത്തിച്ച നിലയില്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ കണ്ടെത്തുകയും ചെയ്തു. അന്വേഷണം ഇത്രയുമായപ്പോള്‍ പിടിച്ചെടുത്ത രേഖകളുടെ പോലും പരിശോധന വിലക്കി ഉന്നതന്‍ ഇടപെടുകയായിരുന്നു.
കണക്കില്ലാത്ത പണമിടപാടുകള്‍ കണ്ടെത്തിയാല്‍ 30 ശതമാനം ആദായനികുതി അടച്ച് നിയമ നടപടികളില്‍ നിന്ന് ഒഴിവാകാമെങ്കിലും പണം ആര്‍ക്ക് നല്‍കിയെന്നതടക്കം വിശദീകരിക്കേണ്ടി വരുമായിരുന്നു. ആദായനികുതി നിയമപ്രകാരം അവസാനം പണം സ്വീകരിച്ചയാളാണ് നികുതി അടയ്ക്കേണ്ടത്. ആദായനികുതി വകുപ്പിന്റെ വിലയിരുത്തല്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചാല്‍ അതിനെതിരെ അപ്പീല്‍ പോകണമെങ്കില്‍ പോലും നികുതിയുടെ നിശ്ചിതശതമാനം കെട്ടിവയ്ക്കേണ്ടിവരും. അഴിമതി നിരോധന നിയമപ്രകാരം ആദായനികുതി വകുപ്പിന് കേസെടുക്കാനാവില്ലെങ്കിലും നടപടി തുടങ്ങിയാല്‍ വിജിലന്‍സിന് മന്ത്റിമാര്‍ക്കെതിരെ കേസെടുക്കേണ്ടിവരുമായിരുന്നു. ആദായനികുതി വകുപ്പിന്റെ വിലയിരുത്തല്‍ തെ​റ്റാണെന്ന് തെളിയിക്കേണ്ടത്  മന്ത്രിമാരുടെ ബാദ്ധ്യതയായും മാറുമായിരുന്നു. ഇത് മുന്‍കൂട്ടിക്കണ്ട് ആദായനികുതിവകുപ്പിന്റെ അന്വേഷണം മുളയിലേ നുള്ളുകയായിരുന്നു.

Top