കോൺഗ്രസ് തങ്ങളുടേതെന്നും; ഹസൻ എന്റേതെന്നും പറയുന്ന ചാനൽ: ജയ്ഹിന്ദിൽ വീണ്ടും കൂട്ടപ്രതിസന്ധി

രാഷ്ട്രീയ ലേഖകൻ

തിരുവനന്തപുരം: സിപിഎമ്മിന്റെ ചാനലായ കൈരളി ടിവിയ്ക്കു ബദലായി കോൺഗ്രസ് സ്വന്തം പാർട്ടി ആശയങ്ങൾ പ്രചരിപ്പിക്കാൻ ആരംഭിച്ച ജയ്ഹിന്ദ് ടിവി കിതയ്ക്കുന്നു.
2000 കാലഘട്ടത്തിൽ അന്ന് നിലവിലുണ്ടായിരുന്ന ദൃശ്യമാധ്യമങ്ങൾ പൂർണമായും ഇടതുപക്ഷവത്ക്കരിക്കപ്പെടുന്നെന്ന പരാതികൾക്കിടയിലാണ് സ്വന്തമായി ഒരു ചാനൽ എന്ന ആശയത്തിന് കോൺഗ്രസ് നേതൃത്വം പച്ചക്കൊടി കാട്ടിയത്. സംരംഭകരെ സംഘടിപ്പിക്കുന്നതിന്റെ ചുമതല എം.എം ഹസനെ പാർട്ടി ഏൽപ്പിക്കുകയും ചെയ്തു. ഇതേത്തുടർന്ന് വിദേശ രാജ്യങ്ങളിലുള്ള കോൺഗ്രസ് അനുഭാവികളും അല്ലാത്തവരുമായ വ്യവസായികളുടെ സാമ്പത്തിക പിന്തുണയിലാണ് ജയ്ഹിന്ദ് ടി.വി പിറവിയെടുക്കുന്നത്. ആദ്യകാലത്ത് മികച്ച മാധ്യമപ്രവർത്തകരുടെ ഒരു സംഘമാണ് ചാനലിനെ നയിച്ചത്. ഇവിടെ നിന്ന് പിന്നീട് പുറത്താക്കുകയോ പുറത്തു പോകുകയോ ചെയ്ത ഇവരാണ് ഒട്ടുമിക്ക മലയാളം ചാനലുകളിലും ഇന്ന് ശേഭിക്കുന്നതും. ഇതിനിടെ മറ്റ് ചാനലുകളിൽ തട്ടിപ്പു നടത്തി പിടിക്കപ്പെടുകയോ പുറത്താക്കപ്പെടുകയോ ചെയ്ത ഒരു സംഘത്തെ എം.ഡിയായ എം.എം ഹസൻ ജയ്ഹിന്ദിന്റെ നിയന്ത്രണമേൽപ്പിച്ചതാണ് ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്ന് തുടക്കം മുതലേയുള്ള ജീവനക്കാർ കുറ്റപ്പെടുത്തുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വി.എം സുധീരൻ കെ.പി.സി.സി അധ്യക്ഷനായശേഷം പാർട്ടിയുടെ ഭാഗത്ത് നിന്നുള്ള സാമ്പത്തിക സഹായം നിർത്തിയതും ചാനലിന്റെ പേരിൽ ഹസന്റെ നേതൃത്വത്തിൽ വർഷങ്ങളായി വിദേശത്ത് നടത്തിയിരുന്ന പണപ്പിരിവ് അവസാനിപ്പിച്ചതുമാണ് ജയ്ഹിന്ദിലെ പ്രതിസന്ധി ഇരട്ടിയാക്കിയത്. കെ.പി.സി.സി അധ്യക്ഷനായ ശേഷം മഞ്ചേശ്വരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് സുധീരൻ നടത്തിയ യാത്ര പ്രക്ഷേപണം ചെയ്യുന്നതിനായി വൻതുകയാണ് ഇന്ദിരാഭവനിൽ നിന്ന് ചാനലിന് കൈമാറിയത്. എന്നാൽ പരിപാടി റിപ്പോർട്ട് ചെയ്യാൻ പ്രത്യേക സംവിധാനമൊരുക്കാതെ പ്രദേശിക ബ്യൂറോകളിൽനിന്ന് ഫൂട്ടേജ് വാങ്ങുകയെന്ന തട്ടിപ്പാണ് അന്ന് അരങ്ങേറിയത്. ഇത് മനസിലാക്കിയ സുധീരൻ കെ.പി.സി.സിയിൽനിന്ന് ചാനലിനെ സാമ്പത്തികമായി സഹായിക്കുന്നത് അവസാനിപ്പിക്കുകയായിരുന്നു. സുധീരനിൽനിന്ന് അന്ന് വാങ്ങിയ പണം ചാനലിലെ വെള്ളാനകൾ പങ്കിട്ടെടുത്തെന്നും ആക്ഷേപമുയർന്നിരുന്നു.

ചാനൽ എക്‌സിക്യൂട്ടീവ് എഡിറ്റർ ഇന്ദുകുമാർ, മാർക്കറ്റിംഗ് ജനറൽ മാനേജർ സുധീർ കുമാർ, ചീഫ് ടെക്‌നിക്കൽ ഓഫീസർ ശ്യാംകുമാർ എന്നിവരാണ് ചാനലിന്റെ ദൈനംദിനകാര്യങ്ങൾ തീരുമാനിക്കുന്നത്. (ഇതിൽ സി.റ്റി.ഒ ശ്യാംകുമാറിനെ ചാനൽ ജീവനക്കാരിയുടെ പരാതിയിൽ പുറത്താക്കിയിരുന്നു. പെൺകുട്ടി നൽകിയ പരാതിയെത്തുടർന്ന് നടപടിയെടുക്കാൻ സി.ഇ.ഒ കെ.പി മോഹനൻ ആദ്യഘട്ടത്തിൽ തയാറായിരുന്നില്ല. എന്നാൽ പത്തനംതിട്ടയിലെ പ്രമുഖ കോൺഗ്രസ് കുടുംബത്തിലെ അംഗമായ ഈ പെൺകുട്ടിയുടെ പരാതിയിൽ മുതിർന്ന കോൺഗ്രസ് നേതാവ് ഇടപെട്ടതോടെയാണ് ശ്യാംകുമാറിനെ മനസില്ലാമനസോടെ കെ.പി മോഹനന് പുറത്താക്കേണ്ടി വന്നത്.) ഈ മൂവർ സംഘമാണ് ചാനലിനെ നശിപ്പിക്കുന്നതെന്നും ഡയറക്ടർമാർ ആരോപിക്കുന്നു.

ഫഌയാൺ കമ്പനിയുടെ ഉടമസ്ഥരുടെ പേരുവിവരങ്ങൾ
ഫഌയാൺ കമ്പനിയുടെ ഉടമസ്ഥരുടെ പേരുവിവരങ്ങൾ
പരസ്യത്തിന്റെ ചുമതലയുള്ള സുധീർ കുമാർ, അനുരൂപ് എന്നയാളുമായി ചേർന്ന് ഫൈലോൺ മീഡിയ പ്രൈവറ്റ് ലമിറ്റഡ് എന്ന പരസ്യ ഏജൻസിയുണ്ടാക്കിയിരുന്നു. ജയ്ഹിന്ദിലേക്കെത്തുന്ന പരസ്യങ്ങളിൽനിന്ന് കമ്മീഷൻ തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യം. ചാനലിലേക്ക് സ്വാഭാവികമായെത്തുന്ന പരസ്യങ്ങൾ പോലും ഈ തട്ടിപ്പ് പരസ്യ ഏജൻസിയുടെ പേരിലാക്കി 15 മുതൽ 30 ശതമാനം വരെയാണ് കമ്മീഷൻ ഇനത്തിൽ തട്ടിയെടുത്തത്. തട്ടിപ്പ് പുറത്തായതോടെ ഈ പരസ്യ ഏജൻസിയുടെ വെബ്‌സൈറ്റിൽനിന്ന് സുധീർകുമാർ തന്റെ പേര് നീക്കം ചെയ്യുകയായിരുന്നു. എന്നാൽ തട്ടിയെടുത്ത പണത്തെ സംബന്ധിച്ച് ആരും ഒന്നും മിണ്ടുന്നില്ല. ഈ തട്ടിപ്പു സംഘങ്ങളെ പിന്തുണയ്ക്കുന്ന നിലപാടാണ് ചാനൽ എം.ഡിയും സി.ഇ.ഒയും സ്വീകരിക്കുന്നതെന്നും ഡയറക്ടർമാർ പറയുന്നു.

ചാനൽ ഏറ്റവുമധികം ലാഭമുണ്ടാക്കിയ പരിപാടിയായിരുന്നു ജയ്ഹിന്ദ് ഫിലിം അവാർഡ് നൈറ്റുകൾ. അതുകൊണ്ടുതന്നെ അഞ്ചുവർഷം തുടർച്ചയായി ഈ പരിപാടി പ്രധാന നഗരങ്ങളിൽ സംഘടിപ്പിക്കപ്പെട്ടു. എന്നാൽ ചാനലിനുണ്ടാകുന്ന വരുമാനത്തേക്കാൾ ഏറെ സംഘടകരുടെ പോക്കറ്റിൽ ലക്ഷങ്ങൾ എത്തിക്കുന്ന പരിപാടിയായി ഇത് മാറുകയായിരുന്നു. ഈ പരിപാടികളുടെയെല്ലാം നടത്തിപ്പ് ചുമതല ഇംപ്രസാരിയോ എന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്കായിരുന്നു. ഈ കമ്പനിയിൽ നിന്ന് ലക്ഷങ്ങളാണ് ചാനലിന്റെ തലപ്പത്തുള്ളവർ കമ്മീഷനായി അടിച്ചുമാറ്റിയിരുന്നതെന്ന് ജീവനക്കാർ ആരോപിക്കുന്നു. ഇതിനിടെ ചാനലിലേക്കെത്തുന്ന ലാഭം കുറഞ്ഞതോടെ കഴിഞ്ഞ രണ്ടു വർഷമായി അവാർഡ് നൈറ്റ് മുടങ്ങിക്കിടക്കുകയാണ്.

അവസാനമായി നടത്തിയ പരിപാടിയുടെ പണം ലഭിക്കാതെ ഇവന്റ് മാനേജ്‌മെന്റ് കമ്പനി ഉടമ ജയ്ഹിന്ദ് ഓഫീസിൽ കയറിയിറങ്ങുന്നത് ജീവനക്കാർക്ക് സ്ഥിരം കഴ്ചയായി മാറി.

ചാനലിന്റെ തലപ്പത്തുള്ള രണ്ട് പ്രമുഖർ നഗരത്തിലെ രണ്ട് പഞ്ചനക്ഷത്ര ക്ലബ്ബുകളിൽ ലക്ഷങ്ങൾ മുടക്കി അംഗത്വമെടുത്തത് കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിപ്പിച്ചിട്ടുണ്ട്. പത്തു ലക്ഷത്തിലധികം രൂപ അംഗത്വ ഫീസ് നൽകി നഗരത്തിലെ ധനികർ ഒത്തുകൂടുന്ന ഈ ക്ലബ്ബുകൾ കോൺഗ്രസ് സിംഹങ്ങൾക്ക് ഇന്നും കിട്ടാക്കനിയാണ്. ചാനലിൽനിന്ന് ലഭിക്കുന്ന ശമ്പളം കൊണ്ട് ഇത്രയും ആർഭാടമായി ജീവിക്കാൻ ഇവർക്ക് കഴിയുമോയെന്ന സംശയമാണ് കോൺഗ്രസ് നേതൃത്വത്തിനുള്ളത്. ഈ പ്രമുഖ ക്ലബ്ബുകളിൽ വച്ചാണ് ചാനലിൽനിന്ന് പണം വാരുന്ന വഴികളെക്കുറിച്ച് ഇവർ ചർച്ച നടത്തുന്നതും. ഈ സംഘത്തിൽപ്പെട്ട ഒരാളെ ചാനലിന്റെ ചുമതലകളിൽനിന്ന് ഒഴിവാക്കണമെന്ന് ഉമ്മൻ ചാണ്ടി അടുത്തിടെ ആവശ്യപ്പെട്ടിരുന്നെങ്കിലും പലവഴികളിൽനിന്നുള്ള സമ്മർദ്ദത്തിനൊടുവിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനായില്ലെന്നും നേതാക്കൾ പറയുന്നു. യു.ഡി.എഫ് ഭണകാലത്ത് സെക്രട്ടേറിയറ്റിന്റെ ഇടനാഴികളിൽ വൻകിട ശിപാർശകളുമായി ഇയാൾ സ്ഥാരമായി എത്താറുള്ളതും അന്ന് ചർച്ചയായിരുന്നു. വിവിധ വകുപ്പുകളിലെ കരാറുകളിൽ ഇടപെട്ടും വൻതസ്തികകളിലെ സ്ഥലം മാറ്റത്തിലൂടെയും ലക്ഷങ്ങളാണ് അന്ന് വാരിക്കൂട്ടിയത്.

ചാനലിൽ ജേണലിസ്റ്റായോ നോൺ ജേണലിസ്റ്റായോ കോൺഗ്രസ് പശ്ചാത്തലമുള്ള ആരെയും നിയമിക്കേണ്ടെന്ന നിർദ്ദേശമാണ് ചാനൽ എം.ഡിയായ എം.എം ഹസൻ നൽകിയിരിക്കുന്നതെന്ന് ജീവനക്കാർ ആരോപിക്കുന്നു. എസ്.എഫ്.ഐ, എ.ബി.വി.പി നേതാക്കൾക്ക് ചാനലിൽ ജോലി നൽകുന്നതിനെതിരെ കെ.എസ്.യു യൂത്ത് കോൺഗ്രസ് നേതാക്കൾ നേതൃത്വത്തിന് പരാതി നൽകിയിരുന്നു. പാർട്ടി പശ്ചാത്തലമുള്ള പലരും ചാനലിലെ തട്ടിപ്പുകൾ ചൂണ്ടിക്കാട്ടുകയും നേതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് കോൺഗ്രസുകാരെ ജയ്ഹിന്ദിന്റെ ഏഴയലത്ത് അടുപ്പിക്കേണ്ടന്ന് ഹസൻ തീരുമാനിച്ചിരിക്കുന്നത്.

തട്ടിപ്പ് സംഘങ്ങളുടെ താവളമായ ചാനലിലേക്ക് പാർട്ടിയെയും മുൻനിരനേതാക്കളെയും വിശ്വസിച്ച് പുതുമയേറിയ പരിപാടികളുമായെത്തിയ പ്രമുഖർ അകപ്പെടുന്നത് വൻ സാമ്പത്തിക ബാധ്യതയിലും മനോവിഷമത്തിലും. മലയാളത്തിലെ പ്രമുഖ ഗാനരചയിതാവും സിനിമ സംവിധായകനുമായ ശ്രീകുമാരൻ തമ്പിയുടെ ദുരനുഭവം അടുത്തിടെയാണ് പുറത്തുവന്നത്. ചട്ടമ്പികല്യാണിയെന്ന സിനിമയെ സീരിയൽ രൂപത്തിലാക്കിയതിന് ജയ്ഹിന്ദ് ശ്രീകുമാരൻ തമ്പിക്ക് നൽകാനുള്ളത് ലക്ഷങ്ങളാണ്. താൻ പണം നൽകാനുള്ളവർ കേസിനുപോയാൽ ആത്മഹത്യ ചെയ്യുമെന്നും അതിന് ഉത്തരവാദികൾ വി.എം സുധീരനും ഹസനുമായിരിക്കുമെന്നാണ് അദ്ദേഹം സങ്കടത്തോടെ പറഞ്ഞത്. തൊണ്ണൂറുകളിൽ മലയാള സിനിമകളിലെ പ്രമുഖ നിർമ്മാതാവായിരുന്ന വ്യക്തിക്കും ഇത്തരം ദുരനുഭവമുണ്ടായിട്ടുണ്ട്. സീരിയൽ പ്രക്ഷേപണം അവസാനിച്ചിട്ടും പണം ലഭിക്കാത്തതാണ് അദ്ദേഹത്തെ ദുരിതത്തിലാക്കിയത്. അന്ന് കെ.പി.സി.സി അധ്യക്ഷനായിരുന്ന രമേശ് ചെന്നിത്തല ഇടപെട്ടാണ് ഒടുവിൽ പ്രശ്‌നം പരിഹരിച്ചത്.

കോൺഗ്രസ് ചാനലാണെന്നാണ് പൊതുവെ പറയപ്പെടുന്നതെങ്കിലും പാർട്ടിയുമായി ബന്ധപ്പെട്ട വാർത്തകൾ വേണ്ടരീതിയിൽ കൈകാര്യം ചെയ്യപ്പെടുന്നില്ലെന്നാണ് ഉയർന്നിരിക്കുന്ന ആക്ഷേപം. സംഘപരിവാറുകാരും എസ്.എഫ്.ഐ നേതാക്കളുമാണ് നിലവിൽ വാർത്തകൾ നിശ്ചയിക്കുന്നത്. അതുകൊണ്ടുതന്നെ കോൺഗ്രസ് വാർത്തകൾ കൊടുക്കാനോ പാർട്ടി പരിപാടികൾ ഗൗരവത്തോടെ റിപ്പോർട്ട് ചെയ്യാനോ ആരും മിനക്കെടാറുമില്ല. പാർട്ടിയുമായി ഏതെങ്കിലും തരത്തിൽ ബന്ധമുള്ള ആരെങ്കിലുമുണ്ടെങ്കിൽ അവരെ പിരിച്ചുവിടുകയോ മറ്റു ജില്ലകളിലെ അപ്രധാന ബ്യൂറോകളിലേക്ക് സ്ഥലം മാറ്റുകയോ ആണ് പതിവ്. നിലവിലെ അവസ്ഥയിൽ ചാനൽ മുന്നോട്ട് കൊണ്ടു പോകാനാകില്ലെന്നും ഇതിലും ഭേദം ചാനൽ വേണ്ടെന്ന് വയ്ക്കുന്നതാണെന്നുമാണ് ഡയറക്ടർമാരുടെ അഭിപ്രായം. അടുത്ത യോഗത്തിൽ ഇക്കാര്യങ്ങളെല്ലാം ചർച്ച ചെയ്യുമെന്നും തീവെട്ടികളെ എന്തുവിലകൊടുത്തും പുറത്താക്കുമെന്നുമുള്ള നിലപാടിലുമാണവർ.

ചാനലിന് വേണ്ടി ലക്ഷങ്ങളും കോടികളും മുടക്കി ഷെയറെടുത്ത പല മറുനാടൻ വ്യവസായികളും ധനനഷ്ടത്തിന് പിന്നാലെ മാനഹാനിയും ഉണ്ടായ അവസ്ഥയിലാണ്. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് തങ്ങളെ കാര്യമായി പരിഗണിക്കാത്തതും ഷെയറുടകളെ പ്രകോപിപ്പിച്ചിട്ടുണ്ട്. അതിനാൽ ഇനി ഒരുതരത്തിലുള്ള സാമ്പത്തിക സഹായവും നൽകേണ്ടതില്ലെന്ന നിലപാടിലുമാണവർ.

ഇതിനിടെ ചാനലിനെ സാമ്പത്തികമായി സഹായിക്കാൻ മുസ്ലീലീഗ് സംസ്ഥാന നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. ജയ്ഹിന്ദിനെ യു.ഡി.എഫ് സംവിധാനത്തിന്റെ ഭാഗമാക്കുകയെന്ന നിർദ്ദേശമാണ് ലീഗ് നേതാക്കൾ മുന്നോട്ടു വച്ചിരിക്കുന്നത്. നിലവിലെ സംവിധാനങ്ങൾ മാറ്റണമെന്നും ചാനൽ തലപ്പത്തുള്ള വെള്ളാനകളെ പുറത്താക്കണമെന്നും അവർ ആവശ്യപ്പെടുന്നു.

അതേസമയം നിരവധി ചാനൽ സംരംഭങ്ങളിൽ കൈപൊള്ളിയ ലീഗ് ജയ്ഹിന്ദിൽ തലവയ്ക്കുമോയെന്നും കാത്തിരുന്ന് കാണേണ്ടതാണ്. പാർട്ടി പത്രമായ ചന്ദ്രികയിൽ ശമ്പളം മുടങ്ങിയത് പരിഹരിക്കാൻ പോലും അവർക്ക് ഇതുവരെ സാധിച്ചിട്ടില്ല.

ഏതായാലും ഈ മാസം 23ന് ചേരുന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ ഇക്കാര്യം ചർച്ചയാകുമെന്നാണ് സൂചന. നിലവിൽ ഒരുമാസമായി ശമ്പളം മുടങ്ങിയിരിക്കുകയാണ്. 15000 ൽ താഴെ ശമ്പളം പറ്റുന്നവർക്ക് ഈ മാസം ശമ്പളം നൽകിയത്. മറ്റുള്ളവരുടെ കാര്യത്തിൽ ഈ മാസമെങ്കിലും തീരുമാനമുണ്ടാകുമോയെന്നും സംശയമാണ്.

Top