തിരുവല്ല: കാണാതായ അമ്മയെ ചാനല്‍ പരിപാടിക്കിടെ സ്‌ക്രീനില്‍ കണ്ട് മക്കള്‍ ഞെട്ടി. രണ്ട് വര്‍ഷം മുമ്പ് കാണാതായ അമ്മയെയാണ് മനോരമ ചാനല്‍ സംപ്രേക്ഷണം ചെയ്ത പരിപാടിക്കിടെ മക്കള്‍ കണ്ടെത്തിയത്. തലവടി ആനപ്രാമ്പാല്‍ സ്‌നേഹഭവനില്‍ സ്‌കൂള്‍ കുട്ടികളുടെ നേതൃത്വത്തില്‍ നടന്ന ക്രിസ്മസ് ആഘോഷപരിപാടിയുടെ റിപ്പോര്‍ട്ടിലാണ് കൊല്ലം പന്മന മുല്ലക്കേരി ശാന്താലയത്തില്‍ ശാന്തമ്മയെ (74) യുടെ മുഖം മിന്നിമറയുന്നതു മകന്‍ ബാഹുലേയന്‍ വീട്ടിലിരുന്നു കണ്ടത്.
മനോരമ ന്യൂസുമായി ബന്ധപ്പെട്ട ബാഹുലേയനും സഹോദരി ലക്ഷ്മി ജ്യോതിഷും ശാന്തമ്മയുടെ സഹോദരന്‍ വിശ്വംഭരന്‍നായരും സ്‌നേഹഭവനില്‍ ഓടിയെത്തി ശാന്തമ്മയെ വീണ്ടെടുത്തു. ഇളയമകനോടും ഭര്‍ത്താവിനോടുമൊപ്പം കുടുംബവീട്ടിലായിരുന്നു ശാന്തമ്മയുടെ താമസം. 2015 ഓഗസ്റ്റ് 15നു ഭര്‍ത്താവ് ദാമോദരന്‍നായര്‍ മരിച്ചതോടെ അമ്മ മാനസികമായി തകര്‍ന്നു.
2015 സെപ്റ്റംബര്‍ 30നു ശാന്തമ്മ മാവേലിക്കര തട്ടാരമ്പലത്തു താമസിക്കുന്ന മകളുടെ വീട്ടിലേക്കു യാത്രതിരിച്ചതാണ്. അല്‍പം ഓര്‍മക്കുറവുണ്ടായിരുന്ന ഇവര്‍ വഴിതെറ്റി എവിടെയോ ബസിറങ്ങി. വീട്ടിലേക്കുള്ള വഴി മറന്നതോടെ എല്ലാം മറന്ന അവസ്ഥയിലായി. ഓച്ചിറ ക്ഷേത്രത്തില്‍ കുറച്ചുദിവസം തങ്ങി. അവിടെനിന്ന് അറുനൂറ്റിമംഗലത്തുള്ള ദയഭവനിലെത്തി. അവിടെനിന്നു നാലുമാസം മുന്‍പു സ്‌നേഹഭവനിലും.
രണ്ടുവര്‍ഷം മക്കള്‍ ശാന്തമ്മയെ തിരയാത്ത സ്ഥലമില്ല. കേരളത്തിലും പുറത്തുമുള്ള അനവധി ക്ഷേത്രങ്ങളിലും പഴനിയിലും മൂകാംബികയിലും അന്വേഷിച്ചു. പന്മന പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
കഴിഞ്ഞദിവസം തലവടി വിഎച്ച്എസ്എസ്, ഫാ.പേരൂര്‍ക്കളം സെന്‍ട്രല്‍ സ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ സ്‌നേഹഭവനിലെ അന്തേവാസികളോടൊപ്പം ക്രിസ്മസ് ആഘോഷിക്കാനെത്തിയതിന്റെ വാര്‍ത്ത മനോരമ ചാനല്‍ സംപ്രേഷണം ചെയ്തതോടെയാണ് അവരുടെ അന്വേഷണത്തിന് അവസാനമായത്. സ്‌നേഹഭവന്‍ സെക്രട്ടറി ജോണിക്കുട്ടി തുരുത്തേല്‍, പഞ്ചായത്തംഗം അജിത്കുമാര്‍ പിഷാരത്ത് എന്നിവരുടെ സാന്നിധ്യത്തില്‍ ശാന്തമ്മ മക്കളുടെ സംരക്ഷണയിലേക്കു വീണ്ടുമെത്തി.